കേരള സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഫലമാണ് ചക്ക. എന്നാൽ കേരളത്തിൽ സുലഭമായ ഇയാൾ ആളത്ര നിസാരക്കാരനല്ല. രോഗപ്രതിരോധ ശേഷിയും, മികച്ച വിളവും നൽകുന്ന ചക്ക, തലമുറകളായി കേരളീയരുടെ പ്രധാനപ്പെട്ട ഒരു ഭക്ഷണ സ്രോതസ്സാണ്. പോഷക ഗുണങ്ങളും രുചിയും കൊണ്ട് മലയാളി അടുക്കളകളുടെ താരമായ ചക്കക്ക് ഇവിടെ മാത്രമല്ല അങ്ങ് വിദേശത്തും ഉണ്ട് ആവശ്യക്കാർ.
ചക്കകൊണ്ട് തയാറാക്കാവുന്ന വിഭവങ്ങൾ ഏറെയാണ്. ചക്കക്കറി, ചക്ക പുഴുക്ക്, ചക്ക വറ്റൽ, ചക്ക ഉപ്പേരി, ചക്ക അട, ചക്ക അപ്പം എന്ന് തുടങ്ങി എരുവും പുളിയും ഒരുപോലെ ഇണങ്ങുന്ന ഈ വിരുതന്‍റെ കുരുവിനും ഡിമാന്‍റ് ഏറെയാണ്. കേരളത്തിൽ നമ്മൾ പറമ്പിലേക്ക് വലിച്ചെറിയുന്ന ചക്കക്കുരുവിന് വിദേശ രാജ്യങ്ങളിൽ പൊള്ളുന്ന വിലയാണ്. ഗൾഫ് മാർക്കറ്റിൽ ഒരു കിലോ ചക്കക്കുരുവിന് ഏകദേശം 400 രൂപയാണ് വില. ഒരു കിലോ തൂക്കം വരുന്ന പഴുത്ത ചക്ക കഷ്ണത്തിന് 300 രൂപയും വിലയുണ്ട്. ഇന്ത്യൻ മാർക്കറ്റുകളിൽ ഇവക്ക് അത്ര ആവശ്യക്കാരില്ലെങ്കിയും ചക്ക എക്സ്പോർട്ടിങ് മേഖല ലക്ഷങ്ങളുടെ വരുമാനം കൊയ്യുന്നുണ്ട്.
ചക്കയുടെ പാചക സാധ്യതകൾ പറഞ്ഞറിയിക്കാൻ കഴിയില്ല. പഴുത്തതും പഴുക്കാത്തതുമായ ചക്ക ഉപയോഗിച്ച് പലഹാരങ്ങളും കറികളും അച്ചാറുകളും ഹൽവയും തുടങ്ങി ഒട്ടേറെ വിഭവങ്ങൾ മലയാളികൾ ഉണ്ടാക്കാറുണ്ട്. ഓരോ മലയാളി വീട്ടിലും ചക്കയുടെ സ്വാദ് നിറഞ്ഞുനിൽക്കുന്നു. പണ്ട് ചക്ക കൈകാര്യം ചെയ്യാനുള്ള പ്രയാസം കാരണം പലരും ഇതിനെ അവഗണിച്ചിരുന്നുവെങ്കിലും ഇന്ന് ചക്കക്ക് വലിയൊരു തിരിച്ചുവരവാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഔഷധഗുണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവും ചക്കയെ ഒരു സൂപ്പർ ഫുഡ് ആക്കി മാറ്റി.
ഇന്ന് ജൂലൈ നാല് ലോക ചക്ക ദിനം. ചക്കക്കുള്ള ഈ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് 2018-ൽ കേരള സർക്കാർ ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചിരുന്നു. നമ്മുടെ സംസ്കാരത്തിന്റെയും സാമ്പത്തിക സുസ്ഥിരതയുടെയും ഭാഗമായി ചക്ക ഇന്നും തലയുയർത്തി നിൽക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ വൃക്ഷജന്യ ഫലമായ ചക്കയുടെ ശാസ്ത്രീയ നാമം ആർട്ടോകാർപസ് ഹെറ്ററോഫില്ലസ് എന്നാണ്. 11 മുതൽ 35 കിലോഗ്രാം വരെ ഭാരവും, ചിലപ്പോൾ രണ്ട് അടി വരെ നീളവും ഇതിനുണ്ടാകാം. തെക്കേ ഇന്ത്യയിൽ ഉത്ഭവിച്ച ചക്കക്ക് ഏകദേശം 3000 വർഷത്തിലധികം പഴക്കമുള്ള ചരിത്രമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.