കുവൈത്ത് സിറ്റി: കുവൈത്തിൽ ഇപ്പോൾ ഈത്തപ്പഴ വിളവെടുപ്പിന്റെ കാലമാണ്. ഒരുവർഷത്തോളം നീളുന്ന കാത്തിരിപ്പിനൊടുവിൽ മരങ്ങളിലാകെ മഞ്ഞനിറത്തിൽ ഈന്തപ്പഴങ്ങൾ വിളഞ്ഞുനിൽക്കുന്ന കാലം. പാകമായതും അല്ലാത്തുമായ പഴങ്ങൾ മരത്തിൽ മഞ്ഞ, തവിട്ട്, ചുവപ്പ്, പച്ച നിറങ്ങളിൽ തൂങ്ങിനിൽക്കുന്നതു കണ്ടാൽ വിദഗ്ധനായ ഒരു കലാകാരൻ ചായം പൂശിയ പോലെ തോന്നും.
ഈത്തപ്പഴ സീസണിനെ സൂചിപ്പിക്കുന്ന ഈ വർണാഭമായ കാഴ്ചകൾ വീടുകൾ, തെരുവുകൾ, പ്രധാന റോഡുകൾ, പാർക്കുകൾ, കൃഷിയിടങ്ങൾ എന്നിവയെ അലങ്കരിക്കുന്നു. പലതരം ഈത്തപ്പഴങ്ങളാൽ സമ്പന്നമാണ് കുവൈത്ത്. ബർഹി, ഇഖ്ലാസ്, സുക്കരി എന്നിവ ഇവയിൽ ഏറ്റവും ജനപ്രിയമാണ്. പ്രാദേശിക വിപണികളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇനമാണ് ബർഹി. ഇതിന്റെ രുചിയും ഘടനയും ജനങ്ങളെ ആകർശിക്കുന്നു.
സുക്കാരി, ഇഖ്ലാസ് ഈത്തപ്പഴങ്ങളും ജനപ്രീതിയിൽ മുന്നിലുണ്ട്. ഈത്തപ്പഴങ്ങൾ പാകമാകുന്ന ഘട്ടത്തെ ആശ്രയിച്ച് ഇവയുടെ പേരുകൾ പലരൂപത്തിൽ അറിയപ്പെടാറുണ്ട്. വിവിധ രാജ്യങ്ങളിൽ ഇത് പലപേരുകളിലാണ്. കുവൈത്തിൽ ആദ്യ ഘട്ടം ഖലാൽ എന്നും മധ്യഘട്ടം റുതബ് എന്നും അവസാന ഘട്ടം തമ്ർ എന്നും അറിയപ്പെടുന്നു. സാധാരണയായി ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് കുവൈത്തിൽ ഈത്തപ്പഴം പാകമാകലും വിളവെടുപ്പും നടക്കുന്നത്.
കുവൈത്തിന്റെ സ്വന്തം ‘ബർഹി’
അറബ് മേഖല ഈന്തപ്പനകളുടെ വൈവിധ്യം കൊണ്ട് പ്രശസ്തമാണെങ്കിലും രാജ്യത്തിന്റെ സ്വന്തം ഈന്തപ്പന എന്ന പേരിൽ പ്രസിദ്ധമായത് ‘അൽ ബർഹി അൽ അസ്ഫർ’ ആണ്. ആവശ്യത്തിനനുസരിച്ചുള്ള വിളവ് നൽകുന്ന ഏറെ ജനപ്രിയമായവ. രാജ്യത്തെ കാർഷിക മേഖലയായ വഫ്റയിലും അബ്ദലിയിലുമാണ് ഇവ കൂടുതൽ വിളയുന്നത്.
വിളവെടുപ്പിന് പാകമാകുന്ന ഘട്ടത്തിൽ മഞ്ഞനിറം വരുന്നതിനാലാണ് ഇവക്ക് ഈ പേര്. അബ്ദലിയിലെയും വഫ്റയിലെയും കാർഷിക മേഖലകളിലൂടെ ഈ സീസണിൽ വാഹനമോടിക്കുകയോ നടന്നുപോവുകയോ ചെയ്യുകയാണെങ്കിൽ മഞ്ഞച്ചായം കോരിയൊഴിച്ചതുപോലെയുള്ള ഈന്തപ്പന മരങ്ങളെ കാണാം. ആഗസ്റ്റ് തുടക്കത്തോടെയാണ് മഞ്ഞ ബർഹിയുടെ വിളവുകാലം ആരംഭിക്കുന്നത്. കാഴ്ചഭംഗിയോടൊപ്പം രുചിയിലും കേമനാണ് ബർഹി. കൂടുതൽ പഴുത്ത് ഈത്തപ്പഴമായി സൂക്ഷിച്ച് കഴിക്കുന്നതിനെക്കാൾ ഇവ പാതിപഴുപ്പിൽ കഴിക്കാനാണ് സ്വദേശികളും വിദേശികളും ഏറെ ഇഷ്ടപ്പെടുന്നത്. പഞ്ചസാര കലക്കി ഒഴിച്ചതുപോലുള്ള മധുരവും പച്ച പപ്പായ പോലെ മുറുക്കവും ഈ ഘട്ടത്തിൽ ഇവയുടെ പ്രത്യേകതയാണ്.
ആരോഗ്യഗുണങ്ങൾ ഏറെ
നിരവധി ആരോഗ്യഗുണങ്ങൾ ഈന്തപ്പഴത്തിനുണ്ട്. വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, എ, കെ എന്നിവ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം, കാത്സ്യം, ഫൈബര്‍ തുടങ്ങിയവും അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം കഴിക്കുന്നത് പതിവാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
ദഹനം മെച്ചപ്പെടുത്തൽ, മലബന്ധം അകറ്റൽ, വിളര്‍ച്ച തടയൽ, എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരം, രക്തസമ്മർദം നിയന്ത്രിക്കൽ, ഹൃദയാരോഗ്യം സംരക്ഷിക്കൽ, ചര്‍മ ആരോഗ്യം, രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കൽ എന്നിവക്ക് ഈന്തപ്പഴം കഴിക്കുന്നത് നന്നായിരിക്കും. കൂടുതല്‍ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർധിക്കുമെന്നതിനാൽ പ്രമേഹ രോഗികൾ കഴിക്കും മുമ്പ് വൈദ്യനിർദേശം തേടുന്നതാണ് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.