ദിനം പ്രതി 200 കോടി കപ്പ് കോഫി ആളുകൾ കുടിക്കുന്നുവെന്നാണ് കണക്ക്. ഇത്രയും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പാനീയം മറ്റൊന്നില്ല. പലപ്പോഴും കോഫി അധികമായി കുടിക്കുന്നതുകൊണ്ടുള്ള ദോഷവശങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകാറുണ്ട്. പക്ഷേ, കഴിഞ്ഞയാഴ്ച യൂറോപ്യൻ ഹാർട്ട് ജേർണലിൽ വന്ന ഒരു പ്രബന്ധം പറയുന്നത് തീർത്തും വ്യത്യസ്തമായൊരു കാര്യമാണ്.
നിങ്ങൾ കുടിക്കുന്ന കോഫിയുടെ അളവിലല്ല കാര്യം; മറിച്ച്, അത് കുടിക്കുന്ന സമയത്തിലാണ് എന്നാണ് റിപ്പോർട്ടിന്റെ പ്രധാന ഊന്നൽ. രാവിലെ എഴുന്നേറ്റാൽ കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണം വൈകുന്നേരത്തെ ഉപയോഗംകൊണ്ട് ഉണ്ടാവില്ലത്രെ. ഏതാണ്ട് 42,000 പേരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ പഠനം.
പ്രഭാതത്തിൽ കോഫി കുടിക്കുന്നതുമൂലം ഹൃദ്രോഗങ്ങൾ മൂലമുള്ള മരണം കുറക്കാനാകുമെന്നാണ് ഒരു കണ്ടെത്തൽ. 31 ശതമാനം വരെ കുറക്കാനാകുമത്രെ! 1999-2018 കാലത്ത് യു.എസ് നാഷനൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയിൽ പങ്കെടുത്ത 40275 പേരുടെ ദിനചര്യകൾ വിശദമായി പഠിച്ചാണ് ഗവേഷണ സംഘം പഠനം നടത്തിയത്.
അതേസമയം, എന്തുകാരണത്താലാണ് കോഫിയുടെ ഉള്ളടക്കം എന്നതിലുപരി അത് കഴിക്കുന്ന സമയം നിർണായകമായിരിക്കുന്നതെന്ന് കൃത്യമായി പറയാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല. ഇത് മറ്റു പഠനങ്ങളിലൂടെ തെളിഞ്ഞേക്കാമെന്നാണ് ഗവേഷകർ പറയുന്നത്. ഈ വാദത്തെ സാധൂകരിക്കാൻ പത്ത് വർഷം മുമ്പ് നടത്തിയ മറ്റൊരു പഠനവും അവർ മുന്നോട്ടുവെക്കുന്നു. കിടക്കുന്നതിന് ആറ് മണിക്കൂർ മുമ്പുവരെ കോഫി കുടിക്കുന്നതുപോലും ഹൃദയാരോഗ്യത്തെ ബാധിക്കുമെന്നായിരുന്നു ആ പഠനം തെളിയിച്ചത്. അപ്പോൾ, കുടിക്കുന്ന സമയം എന്നതിനൊപ്പം ശരീരത്തിന്റെ ഉപാപചയ പ്രവർത്തന സമയത്തെക്കൂടി ബന്ധിപ്പിക്കുന്നതോടെ കാര്യങ്ങൾക്ക് കൃത്യത വരുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.