രാത്രി 9 മണിക്ക് ശേഷം അത്താഴം കഴിച്ചാൽ ആയുസ്സ് കുറയും!; ശാസ്ത്രീയ കാരണം ഇതാണ്...
പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി കണക്കാക്കുമ്പോൾ ജോലിയുടെ തിരക്കുകൾ കഴിഞ്ഞോ സൗകര്യപ്രദമായ സമയത്തോ ആണ് പലരും അത്താഴം കഴിക്കുന്നത്. എന്നാൽ ഈ ശീലം നിങ്ങളുടെ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ദഹനപ്രശ്നങ്ങൾക്ക് പുറമെ ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കാമെന്ന് നോയിഡ ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയോളജി സീനിയർ ഡയറക്ടറും എച്ച്.ഒ.ഡിയുമായ ഡോ. സഞ്ജീവ് ഗെര വ്യക്തമാക്കുന്നു.
2023-ൽ നടത്തിയ ഒരു പ്രധാന പഠനത്തെ അടിസ്ഥാനമാക്കികൊണ്ട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നു. ഒരു ലക്ഷത്തിലധികം മുതിർന്ന വ്യക്തികളെ ഏഴര വർഷത്തോളം നിരീക്ഷിച്ചാണ് ഈ പഠനം തയാറാക്കിയത്. ഇതിൽ ഹൃദയസംബന്ധമായ അസുഖങ്ങളും സ്ട്രോക്കിന്‍റെ പുതിയ കേസുകളും ഗവേഷകർ വിലയിരുത്തി. മനുഷ്യന്‍റെ ശരീരത്തിലെ ജൈവിക ഘടികാരമായ സിർക്കാഡിയൻ റിഥത്തെ വൈകിയുള്ള ഭക്ഷണം എങ്ങനെ ബാധിക്കുന്നുവെന്നും പഠനം പരിശോധിച്ചു. ഉറക്കം, ഹോർമോണുകൾ, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെല്ലാം ഈ ജൈവിക ഘടികാരമാണ് നിയന്ത്രിക്കുന്നത്.
രാത്രി 9 മണിക്ക് ശേഷം അവസാന ഭക്ഷണം കഴിക്കുന്നവരിൽ രാത്രി 8 മണിക്ക് മുൻപ് കഴിക്കുന്നവരേക്കാൾ സെറിബ്രോവാസ്കുലർ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. അതായത് സ്ട്രോക്ക്, രക്തക്കുഴലുകളിലെ തടസ്സങ്ങൾ തുടങ്ങിയ ഗുരുതരമായ അവസ്ഥകളിലേക്ക് ഇത് നയിച്ചേക്കാം. വൈകിയുള്ള ഭക്ഷണം ഉറങ്ങാൻ കിടക്കുന്ന സമയം വൈകിക്കുന്നതിനും ഇൻസുലിൻ സെൻസിറ്റീവിറ്റി തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്നു.
ഇത് ഒരു നിരീക്ഷണ പഠനം മാത്രമാണെന്നും രാത്രി 9 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് നേരിട്ട് ഹൃദ്രോഗം ഉണ്ടാക്കുമെന്ന് ഇതിലൂടെ പൂർണ്ണമായി ഉറപ്പിച്ചു പറയാൻ കഴിയില്ലെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. എങ്കിലും ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഹൃദയത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് ശീലമാക്കുന്നത് എപ്പോഴും പ്രയോജനകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.