തിയറ്റുകളിൽ ടിക്കറ്റിനേക്കാൾ വില പോപ്കോണിനും ചായക്കും; അമിത വിലക്കെതിരെ നടപടിയുമായി കേരള സർക്കാർ

തിരുവനന്തപുരം: തിയറ്ററുകളിലെ അമിത ഭക്ഷണവിലക്കും കൊള്ളക്കുമെതിരെ കർശന നടപടിയുമായി കേരള സർക്കാർ രംഗത്തെത്തിയിരിക്കുന്നു. സിനിമാശാലകളിലെ ഭക്ഷണ പാനീയങ്ങളുടെ ഉയർന്ന വിലയെക്കുറിച്ചുള്ള വ്യാപകമായ പരാതികളെത്തുടർന്ന് വിലവിവര മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാർ തിയറ്ററുകളിൽ നേരിട്ട് പരിശോധന നടത്തുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.

സിനിമാ തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും സൗജന്യവും ശുദ്ധവുമായ കുടിവെള്ളം ഉറപ്പാക്കേണ്ടത് നിയമപരമായി നിർബന്ധമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. ഇത്തരം പൊതുസ്ഥലങ്ങളിൽ ആളുകൾക്ക് കുടിവെള്ളം ലഭ്യമാക്കണമെന്ന് സുപ്രീം കോടതി വ്യക്തമായി ഉത്തരവിട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകർ സ്വന്തമായി കുടിവെള്ളം അകത്തേക്ക് കൊണ്ടുപോകുന്നത് തിയറ്റർ അധികൃതർ തടയുന്നത് തികച്ചും അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടാതെ പാക്കേജ്ഡ് ഉൽപ്പന്നങ്ങൾക്ക് അവയുടെ പരമാവധി ചില്ലറ വിൽപ്പന വിലയയെക്കാൾ കൂടുതൽ തുക ഈടാക്കാൻ തിയറ്ററുകൾക്ക് അവകാശമില്ല. വിൽക്കുന്ന സാധനങ്ങളുടെ അളവും കൃത്യമായി പരിശോധിക്കും. പോപ്കോൺ പോലുള്ള പുതുതായി തയാറാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വില നേരിട്ട് നിയന്ത്രിക്കാൻ സർക്കാരിന് പരിമിതികളുണ്ടെങ്കിലും നിയമലംഘനങ്ങൾ കണ്ടെത്തുന്നിടത്ത് കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ സംസ്ഥാനത്ത് ഇതിനകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഇത് കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

80 ഗ്രാം പോപ്‌കോണിന് 295 രൂപ മുതൽ മുകളിലേക്കാണ് ചില തിയറ്ററുകളിലെ വില ഈടാക്കുന്നത്. ജ്യൂസ്, ചായ, കാപ്പി എന്നുതുടങ്ങി കുടിവെള്ളത്തിനുവരെ തീവില നൽകണം. 

Tags:    
News Summary - Popcorn and tea cost more than tickets at the theaters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.