ലൊസാഞ്ചലസ്: ഫിഫ ലോകകപ്പിൽ രാഷ്ട്രീയ-നയതന്ത്ര പിരിമുറുക്കങ്ങൾ നിലനിൽക്കുന്നതിനിടെ, ഏവരും ഉറ്റുനോക്കുന്നത് അമേരിക്ക-ഇറാൻ നേർക്കുനേർ മത്സരത്തിനുള്ള സാധ്യതകളിലേക്ക്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇറാനും പരഗ്വേക്കെതിരെ അമേരിക്കയും പുറത്തെടുത്ത മികച്ച പ്രകടനവും പോരാട്ടവീര്യവുമാണ് ഇത്തരമൊരു പോരാട്ടത്തിന്റെ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നത്. ഗ്രൂപ്പ് ഘട്ട കടമ്പകൾ കടന്ന് ഇരുടീമുകളും മുന്നേറിയാൽ, ടൂർണമെന്റിന്റെ അടുത്ത ഘട്ടങ്ങളിൽ ഇരുരാജ്യങ്ങളും കളിമൈതാനത്ത് മുഖാമുഖം വരാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറായെൻകിലും നിലവിലെ രാഷ്ട്രീയ അസ്വാരസ്യങ്ങൾ കളിമൈതാനത്തെയും ബാധിക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര മാധ്യമങ്ങൾ പങ്കുവെക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ കടുത്ത പോരാട്ടത്തിനൊടുവിൽ ന്യൂസിലൻഡിനോട് 2-2 ന് സമനില വഴങ്ങിയെങ്കിലും കളിയിലുടനീളം ഇറാന്റെ ആധിപത്യം പ്രകടമായിരുന്നു. വരും മത്സരങ്ങളിൽ ഇതേ ഫോം തുടർന്നാൽ അമേരിക്കയുമായി കളിമൈതാനത്ത് ഏറ്റുമുട്ടാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. മുൻനിര ടീമായ സ്പെയിനിനെ കുഞ്ഞൻ രാജ്യമായ കേപ് വെർദെ സമനിലയിൽ തളച്ച ഈ ലോകകപ്പിൽ അപ്രതീക്ഷിത കോമ്പിനേഷനുകൾക്ക് സാധ്യതയേറെയാണ്.
ഇരുടീമുകളും കളിമൈതാനത്ത് മുഖാമുഖം വരണമെങ്കിൽ ഇറാനും അമേരിക്കയും തങ്ങളുടെ ഗ്രൂപ്പുകളിലെ ശേഷിക്കുന്ന മത്സരങ്ങൾ വിജയിച്ച് ഒന്നും രണ്ടും സ്ഥാനക്കാരായി അടുത്ത ഘട്ടമായ നോക്കൗട്ടിലേക്ക് യോഗ്യത നേടണം. അല്ലെങ്കിൽ ഫിഫയുടെ നോക്കൗട്ട് ഘടന അനുസരിച്ച് ഒരു ഗ്രൂപ്പിലെ ചാമ്പ്യന്മാരും മറ്റൊരു ഗ്രൂപ്പിലെ റണ്ണേഴ്സ് അപ്പും തമ്മിലായിരിക്കും പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾ. ഈ ഘട്ടത്തിലോ അല്ലെങ്കിൽ ക്വാർട്ടർ ഫൈനലിലോ ഇരുടീമുകളുടെയും ഫിക്സ്ചറുകൾ പരസ്പരം ക്രോസ് ചെയ്യുന്ന രീതിയിലാണ് നിലവിലെ ടൂർണമെന്റ് ഘടന.
അതിനിടെ, ആദ്യ മത്സരത്തിന് തൊട്ടുപിന്നാലെ വിശ്രമിക്കാൻ പോലും സമയം നൽകാതെ അമേരിക്കൻ മണ്ണിൽ നിന്ന് ടീമിനോട് മടങ്ങാൻ അധികൃതർ ആവശ്യപ്പെട്ടതായി ഇറാൻ കോച്ച് അമീർ ഗലെനോയി വെളിപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെയും നയതന്ത്ര പ്രശ്നങ്ങളുടെയും ഭാഗമായി ഇറാന്റെ ബേസ് ക്യാമ്പ് നേരത്തെ തന്നെ യു.എസിലെ അരിസോണയിൽ നിന്നും മെക്സിക്കോയിലെ അതിർത്തി നഗരമായ തിഹുവാനയിലേക്ക് മാറ്റിയിരുന്നു.
ഇറാനും ന്യൂസിലൻഡും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. ഇറാനുവേണ്ടി സമനില ഗോളടിച്ചതിനു പിന്നാലെ മുഹമ്മദ് മൊഹെബി ഗാലറിയിലേക്ക് നോക്കി നടത്തിയ ‘ഗൺ സെലിബ്രേഷനെ’ ചൊല്ലി വലിയ പ്രതിഷേധം ഉയർന്നിരുന്നു. ജൂൺ 21-ന് ലൊസാഞ്ചലസിൽ കരുത്തരായ ബെൽജിയത്തിനെതിരെയാണ് ഇറാന്റെ അടുത്ത മത്സരം.
ടൂർണമെന്റ് പുരോഗമിക്കുമ്പോൾ നോക്കൗട്ട് സമവാക്യങ്ങൾ ഇറാനും അമേരിക്കയ്ക്കും അനുകൂലമായാൽ, ഈ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉദ്വേഗഭരിതമായ രാഷ്ട്രീയ-കായിക പോരാട്ടത്തിനാവും ഫുട്ബാൾ ലോകം സാക്ഷ്യം വഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.