ബോസ്റ്റൺ: ഫിഫ ലോകകപ്പിലെ നിർണായക ഗ്രൂപ്പ് സി മത്സരത്തിൽ സ്കോട്‌ലാന്‍റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് മൊറോക്കോ. മത്സരത്തിന്റെ 71-ാം സെക്കന്‍റിൽ ഇസ്മായേൽ സായ്ബരി നേടിയ മിന്നൽ ഗോൾ ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോളായി മാറി. ഈ വിജയത്തോടെ മൊറോക്കോ നോക്കൗട്ട് റൗണ്ടിലേക്ക് ഒരു പടി കൂടി അടുത്തു.
ബോസ്റ്റൺ സ്റ്റേഡിയത്തിലെ 64,146 കാണികൾക്ക് മുന്നിൽ നടന്ന മത്സരത്തിൽ തുടക്കം മുതലേ മൊറോക്കോയുടെ ആധിപത്യമായിരുന്നു. റയൽ മാഡ്രിഡ് താരം ബ്രാഹിം ഡയസ് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച ഇസ്മായേൽ സെയ്ബാരി, സ്കോട്‌ലൻഡ് ഗോൾകീപ്പർ ആംഗസ് ഗണ്ണിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു. കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെതിരെയും ഗോൾ നേടിയ താരമാണ് സായ്ബരി.
പ്രതിരോധം ശക്തമാക്കാൻ സ്കോട്‌ലാന്‍റ് പരിശീലകൻ സ്റ്റീവ് ക്ലാർക്ക് കിയറൻ ടിയർനിയെ ഉൾപ്പെടുത്തി അഞ്ച് പേരടങ്ങുന്ന പ്രതിരോധ നിരയെ അണിനിരത്തിയെങ്കിലും, കളിയുടെ തുടക്കത്തിൽ തന്നെ അത് പരാജയപ്പെട്ടു. ആന്ദ്രെ റോബർട്‌സന്റെ നേതൃത്വത്തിൽ വിങ്ങിലൂടെ സ്കോട്‌ലൻഡ് ആക്രമണത്തിന് ശ്രമിച്ചെങ്കിലും, മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോനുവിനെ പരീക്ഷിക്കാൻ പോലും അവർക്കായില്ല.
ഈ ജയത്തോടെ രണ്ട് കളികളിൽ നിന്ന് നാല് പോയിന്റുമായി മൊറോക്കോ നോക്കൗട്ട് സാധ്യത ഉറപ്പിച്ചു. അതേസമയം, ഹെയ്തിക്കെതിരെ വിജയിച്ച സ്കോട്‌ലാന്‍റ് ഈ തോൽവിയോടെ സമ്മർദ്ദത്തിലായി. വരുന്ന ബുധനാഴ്ച മിയാമിയിൽ ബ്രസീലിനെതിരെ നടക്കുന്ന അവസാന മത്സരം സ്കോട്‌ലാന്‍റിന്റെ ഭാവി നിർണ്ണയിക്കും. അന്നേദിവസം തന്നെ അറ്റ്ലാന്റയിൽ ഹെയ്തിയെയാണ് മൊറോക്കോ നേരിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.