അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്ബാൾ പ്രീ ക്വാർട്ടറിലെ ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഈജിപ്തിനെ നേരിടാനൊരുങ്ങുമ്പോൾ ഇരു ടീമുകളുടെയും ആദ്യ ഇലവൻ പ്രഖ്യാപിച്ചു. സൂപ്പർ താരം ലയണൽ മെസ്സിയും മുഹമ്മദ് സലാഹും നയിക്കുന്ന മുന്നേറ്റ നിരകൾ തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് അറ്റ്‌ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോകുന്നത്.
കോച്ച് ലയണൽ സ്കലോണി അർജന്റീന നിരയിൽ നിർണായക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുന്നേറ്റ നിരയിൽ ലൗട്ടാരോ മാർട്ടീനസിന് പകരം ഹൂലിയൻ അൽവാരസ് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. നിക്കോളാസ് ടാഗ്ലിയാഫിക്കോ ലെഫ്റ്റ് ബാക്കായും ലിയാൻഡ്രോ പരേഡസ് മധ്യനിരയിലും തിരിച്ചെത്തിയിട്ടുണ്ട്. പ്രീ ക്വാർട്ടറിൽ കേപ് വെർഡെക്കെതിരെ അധികസമയത്ത് 3-2 ന് കഷ്ടിച്ച് രക്ഷപ്പെട്ട അർജന്റീന അതീവ ജാഗ്രതയോടെയാണ് ഇന്ന് കളത്തിലിറങ്ങുന്നത്.
ടൂർണമെന്റിൽ ഇതുവരെ ഏഴ് ഗോളുകളുമായി തിളങ്ങിനിൽക്കുന്ന മെസ്സിയെ മാത്രം ആശ്രയിക്കാതെ, അൽവാരസ് ഉൾപ്പെടുന്ന സപ്പോർട്ടിങ് കാസ്റ്റ് കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് സ്കലോണിയുടെ പ്രതീക്ഷ. മറുഭാഗത്ത്, ഈജിപ്ഷ്യൻ കോച്ച് ഹുസ്സം ഹസ്സനും ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒമർ മർമൂഷിനും ഹംദി ഫത്തിക്കും പകരം ഹൈസം ഹസൻ, മൊഹാനദ് ലാഷിൻ എന്നിവർ ആദ്യ ഇലവനിൽ ഇടംനേടി. സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ ചിറകിലേറി നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഈജിപ്ത്.
ലൈനപ്പ് വിശദാംശങ്ങൾ:
അർജന്റീന (4-4-2): എമിലിയാനോ മാർട്ടീനസ് (ഗോൾകീപ്പർ), നഹുവൽ മോളിന, ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടീനസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരേഡസ്, അലക്സിസ് മാക് അലിസ്റ്റർ, ലയണൽ മെസ്സി, ഹൂലിയൻ അൽവാരസ്.
ഈജിപ്ത് (4-4-2): മുസ്തഫ ഷൊബൈർ (ഗോൾകീപ്പർ), മുഹമ്മദ് ഹാനി, യാസർ ഇബ്രാഹിം, റാമി റാബിയ, കരീം ഹാഫെസ്, മൊഹാനദ് ലാഷിൻ, ഇമാം ആശൂർ, മർവാൻ അത്തിയ, മുസ്തഫ സിക്കോ, മുഹമ്മദ് സലാഹ്, ഹൈസം ഹസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.