മൈതാനങ്ങളിലെ ആരവങ്ങൾ ഒടുങ്ങി, ഗാലറികളിലെ വെളിച്ചം ഒന്നൊന്നായി അണയുമ്പോൾ, ഫുട്ബോളിന്റെ ആകാശത്തുനിന്ന് ഒരു യുഗനക്ഷത്രം ചരിത്രത്തിന്റെ ഏടുകളിലേക്ക് മറയുകയാണ്. വിധി അതിന്റെ അദൃശ്യമായ തൂലികകൊണ്ട് ചില വിരഹകാവ്യങ്ങൾ എഴുതാറുണ്ട്. ആറ് ലോകകപ്പുകളുടെ വിസ്മയ കടലുകൾ നീന്തിക്കയറിയിട്ടും, ഒടുവിൽ ആ മോഹക്കനകക്കിരീടത്തിൽ മാത്രം വിരൽതൊടാനാവാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസം കളം വിടുമ്പോൾ, അത് കേവലം ഒരു തോൽവിയല്ല. മറിച്ച്, കാലം ഒരു ജനതയുടെ നെഞ്ചിലേക്ക് കോരിയിട്ട കനലാണ്. കണ്ണീരിന്റെ നനവുള്ള, എന്നാൽ പരാജയപ്പെടുത്താൻ കഴിയാത്ത പ്രതാപത്തോടെ, ആ ഏഴാം നമ്പറുകാരൻ നടന്നുനീങ്ങുമ്പോൾ കാൽപ്പന്തുകളിയുടെ ഹൃദയത്തിൽ നിന്ന് ഒരു വിലാപം ഉയരുന്നുണ്ട്. സിംഹാസനങ്ങൾ ഇല്ലാതാകുമ്പോഴും ചിലർ രാജാക്കന്മാരായി തുടരുന്നത് എങ്ങനെ എന്നതിന്റെ അനശ്വരമായ സാക്ഷ്യപത്രമാണ് ഈ വിടവാങ്ങൽ.
ഓരോ ഫുട്ബോൾ പ്രേമിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ഓർക്കാൻ ഒരു ഓർമ്മയുണ്ടാകും. വായുവിൽ അസാധ്യമായ കോണുകളിലേക്ക് വളഞ്ഞിറങ്ങിയ ആ ഇടിമിന്നൽ ഫ്രീക്കിക്കുകൾ, വായുവിൽ കുറച്ചുനേരം നിശ്ചലമായി നിന്ന് തലകൊണ്ട് തൊടുത്ത ആ പീരങ്കി ഹെഡ്ഡറുകൾ, അല്ലെങ്കിൽ തന്റെ ടീം തോൽക്കാൻ റൊണാൾഡോ എന്ന ഒറ്റയാൾ മതിൽ സമ്മതിക്കാതിരുന്ന ആ ചാമ്പ്യൻസ് ലീഗ് രാവുകൾ. അതുമല്ലെങ്കിൽ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയങ്ങൾ മുതൽ സ്കൂൾ മുറ്റങ്ങളിൽ വരെ ഇന്നും മാറ്റൊലികൊള്ളുന്ന ആ വന്യമായ "സിയൂൂൂ" ആഘോഷം. രണ്ട് പതിറ്റാണ്ടിലേറെയായി റൊണാൾഡോ കേവലം ഒരു താരം മാത്രമായിരുന്നില്ല, ഈ കളിയുടെ തന്നെ അടയാളമായിരുന്നു അയാൾ.
ഇന്നലെ സ്പെയിനിന്റെ ചുവപ്പൻ കോട്ടയ്ക്ക് മുന്നിൽ എതിരില്ലാത്ത ഒരു ഗോളിന് പോർച്ചുഗൽ വീണുപോയപ്പോൾ, ആ ലോകകപ്പ് സ്വപ്നം പൊലിഞ്ഞ് അയാൾ കളം വിടുമ്പോൾ, ലോകം വീണ്ടും ആ പഴയ ചോദ്യം ആവർത്തിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ആ ഒരു കിരീടത്തിന്റെ അഭാവം, ഈ ഫുട്ബോൾ യുഗത്തിന്റെ വിസ്മയത്തെ എപ്പോഴെങ്കിലും കുറച്ചു കാണിക്കുമോ?. ചില തോൽവികൾ ചരിത്രത്തെപ്പോലും കരയിക്കാറുണ്ട്. ഇന്നലെ റൊണാൾഡോയുടെ കണ്ണിൽ നിന്നും വീണ ഓരോ തുള്ളി കണ്ണീരും ഫുട്ബോൾ എന്ന കളിയുടെ നെഞ്ചിലേക്ക് വീണ കനലുകളായിരുന്നു.
റൊണാൾഡോയ്ക്ക് മുൻപ്, ഫുട്ബോൾ താരങ്ങൾ പ്രശസ്തരായത് അവരുടെ ജന്മസിദ്ധമായ കഴിവുകൾ കൊണ്ടായിരുന്നു. എന്നാൽ കഠിനാധ്വാനം കൊണ്ടും അർപ്പണബോധം കൊണ്ടും മഹത്വം കെട്ടിപ്പടുക്കാമെന്ന് റൊണാൾഡോ ഈ ലോകത്തിന് കാട്ടിക്കൊടുത്തു. കളിക്കളത്തിലെ ഓരോ സ്പ്രിന്റും, ഓരോ ചാട്ടവും, ജിമ്മിലെ ആ അർദ്ധരാത്രിയിലെ വിയർപ്പൊഴുക്കലുകളും പൂർണ്ണതയിലേക്കുള്ള പ്രയാണമായിരുന്നു. അയാൾ അച്ചടക്കത്തെ ഒരു കലയാക്കി മാറ്റി. ഈ സീസണിൽ ആ പഴയ ഫോമിന്റെ പ്രതാപമില്ലെന്ന് പറഞ്ഞ് വിമർശകർ അയാളെ ക്രൂരമായി എഴുതിത്തള്ളി. പ്രായത്തിന്റെ ആധിക്യമെന്ന് മാധ്യമങ്ങൾ തലക്കെട്ടുകൾ ചമച്ചു. പക്ഷേ, വിട്ടുകൊടുക്കാൻ അയാൾ തയ്യാറല്ലായിരുന്നു. ടൂർണമെന്റിന്റെ രണ്ടാമത്തെ മത്സരത്തിൽ ഇരട്ട ഗോളുകളുമായി ആ പഴയ സിംഹം വീണ്ടും ഗർജ്ജിച്ചപ്പോൾ ലോകം ഒന്നടങ്കം വിറച്ചു. തന്നിലെ പോരാളി ഇന്നും മരിച്ചിട്ടില്ലെന്ന പ്രഖ്യാപനമായിരുന്നു ആ രണ്ട് ഗോളുകൾ.
അഞ്ച് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ, അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, ഇംഗ്ലണ്ടിലും സ്പെയിനിലും ഇറ്റലിയിലും നേടിയ ലീഗ് വിജയങ്ങൾ, അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരംഅങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് അയാളുടേത്. ഇതിഹാസങ്ങൾ ജനിച്ചിട്ടും ഒരു അന്താരാഷ്ട്ര കിരീടം പോലും നേടാനാവാതിരുന്ന പോർച്ചുഗൽ എന്ന രാജ്യത്തെ 2016-ൽ യൂറോപ്പികപ്പ് കിരീടം ചൂടിച്ച് യൂറോപ്പിന്റെ രാജാക്കന്മാരാക്കിയത് ഈ ഏഴാം നമ്പറുകാരനാണ്. ആ രാത്രി ഒരു ലോകകപ്പ് വിജയത്തോളമായിരുന്നു പോർച്ചുഗൽ ജനതയ്ക്ക്.
ഫുട്ബോൾ ചരിത്രം ഒരിക്കലും ഒരൊറ്റ ടൂർണമെന്റ് കൊണ്ട് മാത്രം അളക്കപ്പെട്ടിട്ടുള്ളതല്ല. യൊഹാൻ ക്രൈഫോ, ആൽഫ്രെഡോ ഡി സ്റ്റെഫാനോ, ജോർജ്ജ് ബെസ്റ്റ്, ഫെറങ്ക് പുഷ്കാസ് എന്നിവരാരും ലോകകപ്പ് നേടിയിട്ടില്ല. എങ്കിലും ഫുട്ബോൾ ചരിത്രത്തിൽ അവരുടെ സ്ഥാനം എവിടെയാണെന്ന് ആരും ചോദിക്കാറില്ല. ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും വലിയ പുരസ്കാരം തന്നെയാണ്, പക്ഷേ അത് മാത്രമല്ല മഹത്വത്തിന്റെ അളവുകോൽ.
റൊണാൾഡോയുടെ ഈ ആറാമത്തെ ലോകകപ്പ് ഒരുപക്ഷേ ഒരു കിരീടത്തോടെയാവില്ല ഓർമ്മിക്കപ്പെടുക. ലമീൻ യമാലും, എംബാപ്പെയും, ഹാലൻഡും, ഡെംബെലെയും അടങ്ങുന്ന ഒരു പുതിയ തലമുറ ലോകവേദി കീഴടക്കുമ്പോഴും, മൈതാനത്ത് റൊണാൾഡോയുടെ കാലുകളിൽ പന്തുതട്ടുമ്പോൾ സ്റ്റേഡിയങ്ങൾ ഇപ്പോഴും ശ്വാസമടക്കിപ്പിടിക്കുന്നു. ആരാധകർ ഇന്നും വിശ്വസിക്കുന്നു, അയാളുടെ ഒരൊറ്റ മാന്ത്രിക നിമിഷത്തിന് കളിയുടെ ഗതി മാറ്റാൻ കഴിയുമെന്ന്. മെഡലുകൾ കൊണ്ട് മാത്രം അളക്കാൻ കഴിയുന്നതല്ല ആ വിശ്വാസം.
കായികരംഗത്തെ ഏറ്റവും മനോഹരവും എന്നാൽ സങ്കടകരവുമായ സത്യം ഇതാണ്. എല്ലാ ഇതിഹാസങ്ങൾക്കും അവർ ആഗ്രഹിക്കുന്നതുപോലെയുള്ള ഒരു ശുഭപര്യവസാനം ലഭിക്കണമെന്നില്ല. ചിലർ കിരീടമുയർത്തി മടങ്ങും, മറ്റുചിലർ അതിലും അപൂർവ്വമായ ഒന്ന് നേടിയെടുത്ത് കളം വിടും. അസാധ്യമായതിനെ കീഴടക്കാൻ ഇറങ്ങിപ്പുറപ്പെട്ടവനെ നെഞ്ചിലേറ്റിയ ഒരു തലമുറയുടെ അനശ്വരമായ സ്നേഹം.
ദശലക്ഷക്കണക്കിന് ആളുകൾക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാൽ വെറുമൊരു ഫുട്ബോൾ കളിക്കാരനായിരുന്നില്ല. പുലർച്ചെ 3 മണിക്ക് നടക്കുന്ന മത്സരങ്ങൾ കാണാൻ വേണ്ടി അലാറം വെക്കാൻ അവരെ പ്രേരിപ്പിച്ച ഘടകമായിരുന്നു അയാൾ. പറമ്പുകളിലും മൈതാനങ്ങളിലും സൂര്യനസ്തമിക്കുന്നതുവരെ കുട്ടികൾ അയാളുടെ സ്റ്റെപ്പ്-ഓവറുകൾ അനുകരിക്കാൻ കാരണം അയാളായിരുന്നു. ലോകത്തിന്റെ എല്ലാ കോണുകളിലും ആ ഏഴാം നമ്പർ ജേഴ്സികൾ വിറ്റുതീർന്നത് അതുകൊണ്ടാണ്. കഴിവ് എന്നത് ഒരു വാതിൽ തുറക്കൽ മാത്രമാണെന്നും, കഠിനാധ്വാനത്തോടുള്ള ഭ്രാന്തമായ അഭിനിവേശമാണ് ആ വാതിലെന്നും അയാൾ വരുംതലമുറയെ പഠിപ്പിച്ചു.
വർഷങ്ങൾക്കിപ്പുറം, വരുംതലമുറ ലോകകപ്പ് വിജയികളെ ഒരുപക്ഷേ മറന്നേക്കാം. എന്നാൽ "സിയൂൂൂ" എന്ന് ആർത്തുവിളിച്ച ആ പയ്യനെ, തോൽക്കാൻ മനസ്സില്ലാത്ത ആ മനുഷ്യനെ, 'അസാധ്യമായത് എന്നത് തുടക്കം മാത്രമാണ്' എന്ന് ലോകത്തെ വിശ്വസിപ്പിച്ച ആ ഏഴാം നമ്പറുകാരനെ ലോകം ഒരിക്കലും മറക്കില്ല. കിരീടമില്ലെങ്കിലും, നിങ്ങൾ തന്നെയാണ് ഞങ്ങളുടെ രാജാവ്... സിയാവോ, ക്രിസ്റ്റ്യാനോ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.