ക്രിസ്റ്റ്യാനോ റൊണാൾഡോ

‘യൂറോ കപ്പ് എനിക്ക് ലോകകപ്പിന് തുല്യം’; തോൽവിയുടെ ആഘാതത്തിൽ ഭാവി തീരുമാനങ്ങൾ എടുക്കില്ല -റൊണാൾഡോ

ഫുട്ബാൾ ലോകത്തെ ഏറ്റവും വലിയ സ്വപ്നമായ ലോകകപ്പ് എന്ന കിരീടം ഉയർത്താതെ പോർച്ചുഗലിന്റെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ അവസാന ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ചു. പ്രീക്വാർട്ടറിൽ സ്പെയിനിനോട് 1-0ത്തിന് തോറ്റതോടെയാണ് റൊണാൾഡോയുടെ ആറാം ലോകകപ്പ് യാത്ര അപ്രതീക്ഷിതമായി അവസാനിച്ചത്. ഇഞ്ചുറി ടൈമിൽ മൈക്കിൾ മെറിനോ നേടിയ ഗോളാണ് പോർച്ചുഗലിന്റെ ലോകകപ്പ് മോഹങ്ങൾക്ക് തിരശ്ശീലയിട്ടത്.

മത്സരശേഷം വികാരനിർഭരമായാണ് 41കാരനായ റൊണാൾഡോ മാധ്യമങ്ങളോട് സംസാരിച്ചത്. ‘ഈ രീതിയിൽ ലോകകപ്പിൽ നിന്ന് പുറത്തുപോയതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. എന്നാൽ ഞാൻ എന്റെ സർവസ്വം നൽകി കളിച്ചു. പൂർണ്ണ തൃപ്തിയോടെയാണ് ഞാൻ മടങ്ങുന്നത്. ഇത് എന്റെ അവസാന ലോകകപ്പായിരുന്നു എന്നത് സത്യമാണ്. ഇപ്പോൾ കുറച്ചു സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. വിരമിക്കലിൽ പെട്ടെന്നുള്ള എടുത്തുചാട്ടങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല’. റൊണാൾഡോ വ്യക്തമാക്കി. തോൽവിയുടെ ആഘാതത്തിൽ ഭാവി തീരുമാനങ്ങൾ എടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫുട്ബാളിലെ ഏറ്റവും വലിയ കിരീടം ലോകകപ്പാണെന്നത് വാസ്തവമാണെങ്കിലും, തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമായി അദ്ദേഹം കരുതുന്നത് 2016ലെ യൂറോ കപ്പ് വിജയമാണ്. ‘ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മുമ്പ് പോർച്ചുഗൽ ഒരു പ്രധാന കിരീടം പോലും നേടിയിരുന്നില്ല. 2016ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് വിജയിച്ചത് എന്റെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ്. സത്യസന്ധമായി പറഞ്ഞാൽ, അത് എനിക്ക് ലോകകപ്പിന് തുല്യമായ വികാരമാണ് നൽകുന്നത്’ റൊണാൾഡോ പറഞ്ഞു. 2016ലെ യൂറോ കപ്പിന് പുറമെ, 2019ലും 2025ലും യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും പോർച്ചുഗലിന് നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ലോകകപ്പിന് പിന്നാലെ പരിശീലകൻ റോബർട്ടോ മാർട്ടിനസ് സ്ഥാനമൊഴിയുമെന്ന വാർത്തയും പുറത്തുവന്നു. മാർട്ടിനസിനെ കുറിച്ച് വാചാലനായ റൊണാൾഡോ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തി. ‘അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. മികച്ചൊരു പരിശീലകനും അതിലുപരി നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം. പോർച്ചുഗൽ ടീമിന് വേണ്ടി അദ്ദേഹം ചെയ്തതെല്ലാം പ്രശംസനീയമാണ്. അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു’ റൊണാൾഡോ കൂട്ടിച്ചേർത്തു.

തന്റെ ടീമിന് അടുത്ത റൗണ്ടിലേക്ക് കടക്കാൻ ആവശ്യമായ നിലവാരം ഉണ്ടായിരുന്നുവെന്ന് റൊണാൾഡോ വിശ്വസിക്കുന്നു. ‘ഒരു വലിയ ടൂർണമെന്റിൽ നിന്ന് പുറത്താകുന്നത് എപ്പോഴും വേദനിപ്പിക്കുന്നതാണ്. ടീം നല്ല രീതിയിൽ ഫോമിലേക്ക് ഉയർന്നു വരികയായിരുന്നു. മത്സരഫലം സ്പെയിനിന് അനുകൂലമായെങ്കിലും ഞങ്ങളും മികച്ച രീതിയിൽ തന്നെയാണ് കളിച്ചത്. ഫുട്ബാളിൽ ഇതൊക്കെ സാധാരണമാണ്. ഈ തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഞങ്ങൾ മുന്നോട്ട് പോയേ തീരൂ’ റൊണാൾഡോ പറഞ്ഞു.

ലോകകപ്പ് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഒരു സാധാരണ ടീമായിരുന്ന പോർച്ചുഗലിനെ ലോകഫുട്ബാളിലെ കരുത്തരായ ടീമാക്കി മാറ്റിയെടുത്ത റൊണാൾഡോയുടെ സംഭാവനകൾ കാലം ഓർക്കും. 2016ലെ ചരിത്രവിജയത്തോടെ തുടങ്ങിയ ആ സുവർണ്ണകാലം റൊണാൾഡോയുടെ കരിയറിലെ ഏറ്റവും തിളക്കമുള്ള അധ്യായമായി തന്നെ നിലനിൽക്കും.

Tags:    
News Summary - Ronaldo Defends Legacy After World Cup Exit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.