'ഫലസ്തീനികളോട് അനുകമ്പയില്ലാത്തവർ മനുഷ്യരല്ല'; നിലപാട് വ്യക്തമാക്കി ഈജിപ്ഷ്യൻ കോച്ച്

അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്ബാൾ പ്രീ ക്വാർട്ടറിൽ അർജന്റീനയെ നേരിടാനൊരുങ്ങുന്ന ഈജിപ്ത് ടീം പരിശീലകൻ ഹുസ്സം ഹസ്സന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു. ഫലസ്തീൻ ജനതയോട് അനുകമ്പ കാണിക്കാത്തവർ മനുഷ്യരല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിലായിരുന്നു ഫലസ്തീൻ ജനതയുടെ ദുരിതങ്ങളെക്കുറിച്ച് ഹസ്സന്റെ വൈകാരികമായ പ്രതികരണം.

റൗണ്ട് ഓഫ് 32-ൽ ഓസ്‌ട്രേലിയക്കെതിരായ വിജയത്തിന് പിന്നാലെ ഫലസ്തീൻ പതാക വീശി അദ്ദേഹം വിജയം ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളെ കണ്ടപ്പോൾ അദ്ദേഹം ഫലസ്തീൻ വിഷയത്തിൽ നാല് മിനിറ്റോളം നീണ്ട പ്രതികരണം നടത്തിയത്. വാർത്തസമ്മേളനത്തിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർ കൈയടിയോടെയാണ് ഈ വാക്കുകളെ സ്വീകരിച്ചത്. "ഫലസ്തീൻ ജനതയോട് അൽപമെങ്കിലും അനുകമ്പ തോന്നാത്ത ആരെങ്കിലും ലോകത്തുണ്ടെങ്കിൽ, അവർ മനുഷ്യരല്ല. അത് ഇനി അറബിയോ യൂറോപ്യനോ അമേരിക്കക്കാരനോ ആകട്ടെ," ഹസൻ പറഞ്ഞു.

"യൂറോപ്പിലായാലും അമേരിക്കയിലായാലും ലോകത്തെവിടെയെങ്കിലും ഒരു മൃഗത്തെ ഉപദ്രവിച്ചാൽ മൃഗാവകാശ സംരക്ഷണത്തിനായി ലോകം മുഴുവൻ പ്രതികരിക്കുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ ഒരു മിസൈൽ ആക്രമണത്തിൽ ഒരു ദിവസം രണ്ടോ മൂന്നോ ആയിരം മനുഷ്യർ മരിക്കുന്നു എന്ന് കേൾക്കുന്നത് ഇപ്പോൾ വളരെ സ്വാഭാവികമായ കാര്യമായി മാറിയിരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

സ്പാനിഷ് താരം ലാമിൻ യമാൽ ഉൾപ്പെടെയുള്ള കായികതാരങ്ങൾ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. ലോകകപ്പ് വേദികളിൽ ഫലസ്തീൻ പതാക പ്രദർശിപ്പിക്കുന്നതിന് ഫിഫയുടെ വിലക്കില്ല. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 73,066 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത് എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ലക്ഷക്കണക്കിന് ആളുകളാണ് വാസസ്ഥലം നഷ്ടപ്പെട്ട് അഭയാർത്ഥികളായി കഴിയുന്നത്.

"മതമേതെന്നത് ഇവിടെ വിഷയമല്ല. ഞാനൊരു അറബിയാകുന്നതിന് മുമ്പ് ഒരു മനുഷ്യനാണ്. ഫുട്ബോളിലൂടെ ഞാൻ നൽകുന്ന സന്ദേശം ഇതാണ്, ഫിഫയുടെ മുദ്രാവാക്യം പരസ്പര ബഹുമാനം ആവശ്യപ്പെടുന്നതുപോലെ, മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തോടും ബഹുമാനം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ഹസൻ വ്യക്തമാക്കി.

ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ അർജന്റീനയെ പരാജയപ്പെടുത്തിയാൽ ഈജിപ്തിന് ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാം. കടുത്ത പോരാട്ടം കാഴ്ചവെക്കാൻ തന്നെയാണ് ടീം ഇറങ്ങുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

"എന്റെ സ്വപ്നങ്ങൾക്ക് അതിരുകളില്ല. എന്റെ ലക്ഷ്യങ്ങൾക്കും അതിരുകളില്ല. ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ഞങ്ങൾ പരമാവധി ശ്രമിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. ഞങ്ങളാരെക്കാളും പിന്നിലല്ല. 7,000 വർഷത്തിലധികം പഴക്കമുള്ള വലിയൊരു സംസ്കാരത്തിന്റെ പ്രതിനിധികളാണ് ഞങ്ങൾ," ഹസൻ വ്യക്തമാക്കി. കേപ് വെർഡെയോട് നേരിട്ട വെല്ലുവിളികൾക്ക് ശേഷം ഈജിപ്തിനെതിരെ കരുതലോടെയാകും അർജന്റീന ഇറങ്ങുക.

Tags:    
News Summary - Those Without Compassion for Palestine Are Not Humans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.