എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപം; പരാഗ്വേ സെനറ്റര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ഫ്രാന്‍സ്

ഫിലാഡല്‍ഫിയ: ലോകകപ്പ് ഫുട്ബോളിൽ പരാഗ്വെയെ ഫ്രാൻസ് തോൽപ്പിച്ചതിന് പിന്നാലെ, ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപമുണ്ടായതിൽ വലിയ പ്രതിഷേധം. മത്സരത്തിന് ശേഷം പരാഗ്വേയിലെ സെനറ്ററായ സെലെസ്റ്റെ അമറില്ല സോഷ്യൽ മീഡിയയിലൂടെ നടത്തിയ മോശം പരാമർശമാണ് വിവാദമായത്. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് എംബാപ്പേ പ്രതികരിച്ചത്.

"സെലെസ്റ്റെ അമറില്ല, താങ്കൾ വളരെ മോശം പെരുമാറ്റമാണ് നടത്തിയത്. താങ്കൾ ഇരിക്കുന്ന പദവിക്ക് ഇത് ഒട്ടും ചേർന്നതല്ല. ലോകകപ്പിൽ നന്നായി കളിച്ച പരാഗ്വേ ടീമിനെയല്ല താങ്കൾ പ്രതിനിധീകരിക്കുന്നത്. താങ്കളുടെ ഈ വംശീയ ചിന്താഗതി സ്വന്തം രാജ്യത്തിന്റെ പേര് ചീത്തയാക്കുകയേ ഉള്ളൂ. വംശീയതയും വെറുപ്പും പ്രചരിപ്പിക്കാൻ ആരെയും അനുവദിക്കരുത്," എംബാപ്പേ പറഞ്ഞു. ഈ വാക്കുകൾ പരാഗ്വേയിലെ കളിക്കാരെക്കൂടി അപമാനിക്കുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.

ഈ സംഭവത്തെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സെനറ്ററുടെ വാക്കുകൾ വലിയ കുറ്റമാണെന്നും ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അവർ അറിയിച്ചു. ഫ്രഞ്ച് ക്യാപ്റ്റനെ അപമാനിച്ചത് രാജ്യത്തെ മുഴുവൻ അപമാനിച്ചതിന് തുല്യമാണെന്നാണ് ഫെഡറേഷൻ പറയുന്നത്. ഫ്രാൻസിന്റെ അസിസ്റ്റന്റ് കോച്ചും ഈ സംഭവത്തെ ശക്തമായി അപലപിച്ചു.

വിവാദം കടുത്തതോടെ പരാഗ്വേ സർക്കാരും നാഷണൽ കോൺഗ്രസ് പ്രസിഡന്റും സെനറ്ററെ തള്ളിപ്പറഞ്ഞു. സെനറ്ററുടെ പ്രസ്താവന അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും, അതിന് രാജ്യവുമായി ഒരു ബന്ധവുമില്ലെന്നും സർക്കാർ വ്യക്തമാക്കി. കായികരംഗത്തെയും രാഷ്ട്രീയത്തെയും വേറിട്ട് കാണണമെന്നും വംശീയതയെ രാജ്യം പിന്തുണയ്ക്കുന്നില്ലെന്നും പരാഗ്വേ ഭരണകൂടം അറിയിച്ചു.

Tags:    
News Summary - FIFA World Cup: Kylian Mbappé Hits Back After Racist Abuse from Paraguayan Senator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.