അറ്റ്ലാന്റ: കിരീടം നിലനിർത്താനുള്ള യാത്രയിൽ ലയണൽ മെസ്സിക്കും സംഘത്തിനും കാലിടറുമോ? അതോ, മുഹമ്മദ് സലാഹും ടീമും ലോക ചാമ്പ്യന്മാരെ മറിച്ചിട്ട് അത്ഭുതം കാട്ടുമോ? കായിക ലോകത്തിന്റെ ആകാംക്ഷക്ക് ഇന്ന് ഉത്തരം കിട്ടും. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 9.30നാണ് അർജന്റീന-ഈജിപ്ത് പ്രീക്വാർട്ടർ മത്സരം.
മുൻ ചാമ്പ്യന്മാരായ ബ്രസീൽ പ്രീക്വാർട്ടറിലും ജർമനി റൗണ്ട് ഓഫ് 32ലും മടങ്ങിയ ആഘാതം വിട്ടുമാറിയിട്ടില്ല. ആയതിനാൽത്തന്നെ ആഫ്രിക്കൻ കരുത്തർക്ക് മുന്നിൽ അർജന്റീന ഇറങ്ങുമ്പോൾ ആരാധകർക്ക് നെഞ്ചിടിക്കുന്നുണ്ട്.
നിലവിലെ ഫോമിൽ മെസ്സിപ്പടയെ അട്ടിമറിക്കുകയെന്നത് ഈജിപ്തിനെ സംബന്ധിച്ച് സാഹസമാണ്. എങ്കിലും ചരിത്രത്തിലെ ആദ്യ ക്വാർട്ടർ ഫൈനൽ ടിക്കറ്റിന് ഫറോവാസ് ജീവന്മരണ പോരാട്ടം പുറത്തെടുക്കുമെന്നുറപ്പ്. അധികസമയത്തേക്ക് നീണ്ട കളിയിൽ നവാഗതരായ കാപ് വെർഡെയെ 3-2ന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്മാർ പ്രീക്വാർട്ടറിലെത്തിയത്.
പരിക്കേറ്റ ലെഫ്റ്റ് ബാക്ക് ഫാകുണ്ടോ മെദീന കളിക്കുന്ന കാര്യം സംശയത്തിലാണ്. ഇതോടെ നികോളാസ് തഗ്ലിയാഫിക്കോ ആദ്യ ഇലവനിൽ വരാൻ സാധ്യതയുണ്ട്. ലയണൽ മെസ്സിയും ഹൂലിയൻ അൽവാരസും തന്നെയാകും മുന്നേറ്റം നയിക്കുക. ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളായ മെസ്സിയും സലാഹും മുഖാമുഖം വരുന്നുവെന്ന പ്രത്യേകത ഈ കളിക്കുണ്ട്. ആസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ഈജിപ്ത് പ്രീക്വാർട്ടറിൽ കടന്നത്. സലാഹ് പരിക്ക് മാറി പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. മുഹമ്മദ് അബ്ദുൽമോനെം, അഹമ്മദ് എൽഫതൂഹ് എന്നിവരുടെ പരിക്കും ടീമിനെ അലട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.