ഡൽഹിയിലെ 17 മലിനജല ശുദ്ധീകരണ പ്ലാന്‍റുകൾ പരാജയം; കോളി​​​ഫോം ബാക്ടീരിയ അടക്കമുള്ളവ യമുനയിലേക്ക്

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ 37 മലിനജല ശുദ്ധീകരണ പ്ലാന്‍റുകളിൽ 17 എണ്ണവും പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ.

17 എസ്‌.ടി‌.പികൾ ( സ്വിവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്) കോളിഫോമുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും കൂടാതെ യമുന നദിയിലോ മറ്റേതെങ്കിലും പ്രകൃതിദത്ത ജലാശയങ്ങളിലോ അരുവികളിലോ ഉയർന്ന ഫെക്കൽ കോളിഫോം അടങ്ങിയ വെള്ളം പുറന്തള്ളാൻ സാധ്യതയുണ്ടെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡി​ന്‍റെ ഒരു റിപ്പോർട്ട് ഉദ്ധരിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിൽ പറയുകയുണ്ടായി. ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ്ങും ഇക്കാര്യം സ്ഥിരീകരിച്ചു. ട്രിബ്യൂണലി​ന്‍റെ കണ്ടെത്തൽ യമുന വൃത്തിയാക്കാൻ തുനിഞ്ഞിറങ്ങിയ ബി.ജെ.പി സർക്കാറി​ന്‍റെ പദ്ധതിക്ക് വെല്ലുവിളി ഉയർത്തിയേക്കും.

ഡൽഹിയിൽ 40 കിലോമീറ്ററോളം ദൈർഘ്യമുള്ള യമുനാ നദി, ഫെബ്രുവരിയിൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ചൂടേറിയ വിഷയമായിരുന്നു. ദശാബ്ദക്കാലമായി നദി വൃത്തിയാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് അന്നത്തെ ആം ആദ്മി സർക്കാറിനെതിലെ ബി.ജെ.പി തിരിഞ്ഞു. ആക്രമണാത്മക പ്രചാരണത്തിന്റെ ഭാഗമായി യമുനയുടെ പുനഃരുജ്ജീവനത്തിനായി ബി.ജെ.പി മൂന്നു വർഷത്തെ പദ്ധതിക്ക് രൂപം നൽകുകയും പ്രകടന പത്രികയിൽ അത് മുൻ‌ഗണനാടിസ്ഥാനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ഡൽഹിയിലെ മലിനജല സംസ്കരണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും നവീകരിക്കുന്നതും ബി.ജെ.പിയുടെ ‘ക്ലീൻ-യമുന’ പദ്ധതിയിലെ വാഗ്ദാനമാണ്. മലിനജലം അതി​ന്‍റെ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനും സംസ്കരിക്കാത്ത മലിനജലം നദിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനുമായി 40 വികേന്ദ്രീകൃത എസ്.ടി.പികൾ നിർമിക്കുമെന്നും പാർട്ടി വാഗ്ദാനം ചെയ്തിരുന്നു.

ഇവയിൽ 32 എണ്ണത്തിന് ടെൻഡറുകൾ ക്ഷണിക്കുകയും 38 എണ്ണത്തിന് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുകയും ചെയ്തുവെന്നും 2027 ജൂണോടെ എല്ലാ എസ്.ടി.പികളും പൂർണമായും പ്രവർത്തിപ്പിക്കുമെന്നുമാണ് ബി.ജെ.പി പറയുന്നത്.

എന്നാൽ, എല്ലാ എസ്.ടി.പികളും ശരിയായി പ്രവർത്തിക്കാൻ തുടങ്ങിയാലും യമുന വൃത്തിയാക്കാൻ 10 മുതൽ15 വരെ വർഷമെടുക്കുമെന്ന് പരിസ്ഥിതി പ്രവർത്തകനായ വിക്രാന്ത് ടോങ്കാഡ് ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - Yamuna plan hits green wall as 17 Delhi sewage treatment plants fail pollution norms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.