നിലവിൽ ജീവിക്കുന്ന ഏറ്റവും പ്രായമുള്ള കടൽ പക്ഷിയെന്നു കരുതുന്നത് വിസ്ഡം എന്ന ആൽബട്രോസ് പക്ഷിയാണ്. ഹവായിക്ക് സമീപം മിഡ്‌വേ അറ്റോൾ എന്ന ദ്വീപിലെ സംരക്ഷണ കേന്ദ്രത്തിലാണ് ആൽബട്രോസ് കഴിയുന്നത്. 1956ലാണ് വിസ്ഡത്തിനെ അമേരിക്കൻ അധികൃതർ കണ്ടെത്തിയത്. ആൽബട്രോസുകൾ കടൽപ്പക്ഷികളാണ്. ഒട്ടേറെ നോവലുകളിലും കവിതകളിലും സിനിമകളിലുമൊക്കെ ഇവയെപ്പറ്റി പരാമർശമുണ്ട്.
ഈ ഗ്രൂപ്പിലെ ഉപവിഭാഗമായ ലെയ്‌സാൻ ആൽബട്രോസിൽ പെട്ടതാണ് വിസ്ഡം. വടക്കൻ ശാന്തസമുദ്ര മേഖലയിൽ കാണപ്പെടുന്ന ഇവ കാഴ്ചയിൽ ചെറുതാണ്. വെളുത്ത നിറമുള്ള ശരീരവും ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള ചിറകുകളും ഇവയ്ക്കുണ്ട്. വർഷത്തിൽ മുക്കാൽ സമയവും കടലിൽ ചിലവഴിക്കുന്ന ഇവ പ്രജനന കാലത്താണ് മിഡ്‌വേ ആറ്റോളിലേക്ക് എത്തുന്നത്. വടക്കൻ ശാന്തസമുദ്ര മേഖലയിൽ മാത്രം രണ്ടര ലക്ഷത്തോളം വിസ്ഡം പക്ഷികളുണ്ടെന്നാണ് കണക്ക്. നാൽപതു വർഷമാണ് ലെയ്‌സാൻ ആൽബട്രോസുകളുടെ ജീവിതകാലം. എന്നാൽ വിസ്ഡം ഈ കാലയളവും കഴിഞ്ഞ് ജീവിക്കുന്നത് അതിശയകരമാണ്.
മറ്റുള്ള പക്ഷികളിൽ നിന്ന് അൽപം വ്യത്യസ്തമായുള്ള പ്രജനന പ്രക്രിയയാണ് ലെയ്‌സാൻ ആൽബട്രോസുകൾക്ക്. ഇവ ഒരു പങ്കാളിയെ തിരഞ്ഞെടുക്കാൻ ഒരുപാടു കാലമെടുക്കും. കുറേക്കാലം ഒരുമിച്ചു കഴിഞ്ഞശേഷമാണ് ഇവ പ്രജനനത്തിനൊരുങ്ങുക. ഈ ബന്ധം ഒരുപാടു കാലം നീണ്ടു നിൽക്കും. മൂന്നോ നാലോ വർഷം കഴിഞ്ഞശേഷമാകും പെൺ ആൽബട്രോസ് പക്ഷി ആദ്യമായി മുട്ടയിടുന്നത്. ഒരു വർഷം ഒന്ന് എന്ന കണക്കിലാണു മുട്ടയിടൽ. അതിനാൽ തന്നെ ആൽബട്രോസുകളുടെ പ്രജനന നിരക്ക് മറ്റു പക്ഷികളെ അപേക്ഷിച്ച് കുറവാണ്.
നിലവിൽ വംശനാശത്തിന്‍റെ വക്കിലാണ് ലെയ്‌സാൻ ആൽബട്രോസുകൾ. കാലാവസ്ഥയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ, സ്രാവുകളുടെ വേട്ടയായൽ, പ്ലാസ്റ്റിക് മലിനീകരണം തുടങ്ങിയവ ഇവയുടെ ജീവിതത്തെ ബാധിക്കുന്നു. മേഖലയിലേക്ക് കടന്നു വന്നിട്ടുള്ള ചിലയിനം എലികളും ഭീഷണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.