ലോകത്തിലെ തണ്ണീർത്തടങ്ങൾ ‘കാർബൺ ബോംബു’ക​ളായി മാറുന്നുവെന്ന് പഠനം

ലണ്ടൻ: കാലാവസ്ഥയെ ചൂടുപിടിപ്പിക്കുന്ന കാർബൺ ഡൈ ഓക്‌സൈഡിന്റെ ഭീമാകാരമായ അളവു മൂലം ലോകത്തിലെ സംരക്ഷിക്കപ്പെടാത്ത തണ്ണീർത്തടങ്ങൾ കാർബൺ ബോബുകൾക്ക് സമാനമായി മാറുന്നുവെന്ന മുന്നറിയിപ്പുമായി ഒരു പഠനം.

മൊത്തം ഭൂമിയുടെ 3ശതമാനം മാത്രമാണ് തണ്ണീർത്തടങ്ങൾ. എന്നാൽ, ലോകത്തിലെ എല്ലാ വനങ്ങളേക്കാളും കൂടുതൽ കാർബൺ അവയിൽ അടങ്ങിയിട്ടുണ്ട്. തണ്ണീർത്തടങ്ങൾ വറ്റിച്ചുകളയുന്നതുമൂലം വളരെയധികം കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. ഇവയെല്ലാം കൂടി ഒരു രാജ്യമായി കണക്കാക്കുകയാണെങ്കിൽ ചൈന, യു.എസ്, ഇന്ത്യ എന്നിവക്കു ശേഷം ലോകത്തിലെ നാലാമത്തെ വലിയ മലിനീകരണകാരിയാവും എന്നും പഠനം പറയുന്നു.

തണ്ണീർത്തടങ്ങൾ, ചതുപ്പുനിലങ്ങൾ എന്നും അറിയപ്പെടുന്നു. കൃഷി, ഖനനം അല്ലെങ്കിൽ റോഡുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്കായി വറ്റിക്കുകയോ തകർക്കുകയോ ചെയ്യുന്നതിലൂടെ ഇവ കാർബണിനെ അന്തരീക്ഷത്തിലേക്ക് തുറന്നുവിടുന്ന ബോംബുകളായി മാറുന്നു.

ആഗോള ശരാശരിയിൽ 17ശതമാനം തണ്ണീർത്തടങ്ങൾ മാത്രമേ സംരക്ഷിത പ്രദേശങ്ങളിൽ ഉള്ളൂ. ഉഷ്ണമേഖലാ വനങ്ങൾ 38ശതമാന​ത്തെയും കണ്ടൽക്കാടുകൾ 42ശതമാനത്തെയും സംരക്ഷിച്ചുനിർത്തുന്നു.

എന്നാൽ, ഏതാണ്ട് നാലിലൊന്ന് തണ്ണീർത്തടങ്ങളും മനുഷ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കനത്ത സമ്മർദ്ദത്തിലാണ്. ആഗോളതാപനം കുറക്കുന്നതിനും ജീവനും ഉപജീവനമാർഗത്തിനും ഉണ്ടാവുന്ന നാശനഷ്ടങ്ങൾ പരിമിതപ്പെടുത്തുന്നതിനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനുള്ള ചെലവ് കുറഞ്ഞ മാർഗമാണ് തണ്ണീർത്തടങ്ങളെ പ്രതിരോധിക്കാനുള്ള നടപടിയെന്നും ഗവേഷകർ പറഞ്ഞു.

അതീവ ഉയർന്ന മൂല്യമുള്ള ആവാസവ്യവസ്ഥയാണ് ഇവ. എന്നാൽ സംരക്ഷണത്തിന്റെ അളവ് അപകടകരമാംവിധം കുറവാണെന്നും പഠനത്തിന് നേതൃത്വം നൽകിയ വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റിയിലെ ഡോ. കെമെൻ ഓസ്റ്റിൻ പറഞ്ഞു.

തണ്ണീർത്തടങ്ങൾ കാർബൺ സംഭരിക്കുക മാത്രമല്ല, വെള്ളപ്പൊക്കവും വരൾച്ചയും തടയാൻ സഹായിക്കുകയും ധാരാളം പായലുകൾ, പൂക്കൾ, പക്ഷികൾ, മത്സ്യം, ചിത്രശലഭങ്ങൾ എന്നിവയെ സംരക്ഷിക്കുകയും ചെയ്യുന്നു. പ്രാദേശികമായും ആഗോള തലത്തിലും ഇവയുടെ മൂല്യം വളരെ വലുതാണെന്നും ഓസ്റ്റിൻ പറഞ്ഞു.

തണ്ണീർത്തടങ്ങളിൽ കാർബൺ ശേഖരിക്കപ്പെടാൻ നൂറുകണക്കിന് മുതൽ ആയിരക്കണക്കിന് വർഷങ്ങളെടുക്കും. കാലാവസ്ഥാ വ്യതിയാന പ്രവർത്തനവുമായി ബന്ധപ്പെട്ട സമയക്രമത്തിൽ അത് മാറ്റിസ്ഥാപിക്കാൻ കഴിയില്ലെന്നും ഓസ്റ്റിൻ പറഞ്ഞു. അതുകൊണ്ടാണ് തണ്ണീർത്തടങ്ങളെ ചിലപ്പോൾ ‘കാർബൺ ബോംബ്’ എന്ന് വിളിക്കുന്നത്. കാരണം ഒരിക്കൽ നിങ്ങൾ ആ ബോംബ് കത്തിച്ചാൽ ആ ഉദ്വമനം തുടർന്നുകൊണ്ടേയിരിക്കും. ‘കൺസർവേഷൻ ലെറ്റേഴ്സ്’ എന്ന ജേണലിൽ ആണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

Tags:    
News Summary - World’s largely unprotected peatlands are ticking ‘carbon bomb’, warns study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.