ദേശാടന പക്ഷികളുടെ പ്രാധാന്യവും അവയുടെ ഇരു ദിശകളിലേക്കുമുള്ള ദേശാടനത്തെ സൂചിപ്പിക്കാനുമാണ് എല്ലാ കൊല്ലവും രണ്ടു തവണയായി ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംഘടന ലോക ദേശാടന പക്ഷി ദിനം ആചരിക്കുന്നത്. എല്ലാ കൊല്ലവും രണ്ടു തിയ്യതികളിലായി നടത്തപ്പെടുന്ന ഈ പരിപാടിയിൽ ഇക്കൊല്ലത്തെ രണ്ടാം പാതി ഒക്ടോബർ പതിനൊന്നിനാണ് .
'പൊതു ഇടങ്ങൾ- പക്ഷി സൗഹൃദ നഗരങ്ങളും സമൂഹങ്ങളും സൃഷ്ടിക്കൽ' (Shared Spaces: Creating Bird-Friendly Cities and Communities) എന്നതാണ് ഈ വർഷത്തെ ദേശാടന പക്ഷി ദിനത്തിന്‍റെ ആശയം. ദേശാടന പക്ഷികളെ അവയുടെ യാത്ര പൂർത്തിയാക്കാൻ നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും പങ്ക് വഹിക്കാൻ കഴിയുമെന്ന് ഊന്നിപ്പറയുകയുന്നതാണ് ഈ ആശയം.
ഹിമാലയത്തിൽ നിന്നും കേരളത്തിലേക്ക് എല്ലാ കൊല്ലവും ദേശാടനം നടത്തുന്ന കാവി. തട്ടേക്കാട് നിന്നും പകർത്തിയ ചിത്രം
നല്ല നഗര ആസൂത്രണം, ആരോഗ്യകരമായ ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കൽ, മലിനീകരണം കുറക്കൽ, ഗ്ലാസ് ജനാലകളുമായും മറ്റ് നിർമ്മിത വസ്തുക്കളുമായും പക്ഷികൾ കൂട്ടിയിടിക്കുന്നത് തടയാൻ ഉള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക തുടങ്ങിയ പക്ഷി സൗഹൃദ രീതികൾ സ്വീകരിക്കുന്നതിലൂടെ ദേശാടന പക്ഷികളുടെ ക്ഷേമത്തിന് ഗണ്യമായ സംഭാവന നൽകാൻ കഴിയുകയും പക്ഷികൾക്കും ഇവിടെ ഒരിടം കൊടുക്കാൻ കഴിയുകയും ചെയ്യും.
നഗര വികസനവും മനുഷ്യനിർമ്മിത പരിസരങ്ങളും ശരിയായി നിയന്ത്രിക്കപ്പെടാത്ത പക്ഷം, പക്ഷികളുടെ ആവാസവ്യവസ്ഥ നശിക്കുന്നതിനും കെട്ടിടങ്ങളിൽ ഇടിച്ച് അവയുടെ ജീവൻ അപകടത്തിലാകുന്നത് പോലെയുള്ള പ്രശ്നങ്ങൾ വർധിക്കുന്നതിനും കാരണമാകും. അനാവശ്യമായ നഗരവിപുലീകരണം ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കുന്ന സുസ്ഥിരമായ നഗര പദ്ധതികളിലൂടെ ഈ അപകടങ്ങൾ കുറയ്ക്കാം.
കഴിഞ്ഞ ദേശാടന കാലത്തു കേരളത്തിൽ ആദ്യമായി വിരുന്നു വന്ന രാജാ പരുന്ത്- തൃശ്ശൂരിൽ നിന്നും ഇർവിൻ കാലിക്കറ്റ് പകർത്തിയ ചിത്രം
വിദ്യാലയങ്ങൾ, പ്രാദേശിക സംഘടനകൾ തുടങ്ങിയവയുമായി ചേർന്ന് പ്രവർത്തിച്ച് പക്ഷികളെ സംരക്ഷിക്കാനും അവയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്താനും ശ്രമിക്കേണ്ടതുണ്ട്. നഗരവൽക്കരണത്തിനൊപ്പം ജൈവവൈവിധ്യത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇടങ്ങൾ ആകട്ടെ നമ്മുടെ നാടും നഗരവും. അത് തന്നെയാകട്ടെ നമ്മുടെ പ്രയത്നവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.