കെ. ബിനു

പരിസ്ഥിതി സംരക്ഷണം ജീവിതചര്യയാക്കിയ നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഉള്ളായം യു.പി സ്കൂൾ അധ്യാപകൻ കെ. ബിനു എന്ന ബിനു മാഷ് അൽപം വ്യത്യസ്തനാണ്. 'വൃക്ഷഡോക്ടർ' എന്നാണ് അദ്ദേഹത്തിന്റെ വിളിപ്പേര്. ആ പേരുവരാൻ കൃത്യമായ കാരണങ്ങളുമുണ്ട്. മനുഷ്യന്റെ സ്വാർഥതകൊണ്ടും മറ്റു കാരണങ്ങളാലും മുറിച്ചുമാറ്റപ്പെടുന്നത് എത്ര മരങ്ങളാണ്!. മനുഷ്യനെ ചികിത്സിക്കാൻ ആയിരക്കണക്കിനാളുകളുണ്ട്, മരങ്ങളെ ചികിത്സിക്കാൻ ബിനു മാഷും. ഇതിനകം കേരളത്തിലും തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമായി നൂറുകണക്കിന് വൻ വൃക്ഷങ്ങളെ കോടാലിയിൽനിന്ന് കാത്ത് പച്ചപ്പിന്റെ ലോകത്തേക്ക് തിരിച്ചുകൊണ്ടുവന്ന മരങ്ങളുടെ ഭിഷഗ്വരന്റെ വർത്തമാനങ്ങൾ...

മരചികിത്സ തുടങ്ങുന്നു

അടുത്തിടെ അന്തരിച്ച പ്രഫസർ ഡോ. എസ്. സീതാരാമനുമൊത്തായിരുന്നു ആദ്യത്തെ വൃക്ഷചികിത്സ. കേരള നദി സംരക്ഷണ സമിതി അധ്യക്ഷനായിരുന്ന അദ്ദേഹം വിളിച്ചുകൂട്ടിയ യോഗത്തിനു ശേഷം മടങ്ങുമ്പോഴാണ് ആലുവയിലെ പാലസ് റോഡിൽ മനോഹരമായി പരന്നുവളർന്ന മഴമരം അവരുടെ ശ്രദ്ധയിൽപെടുന്നത്. സമീപമുള്ളവർ തുടർച്ചയായി മാലിന്യമിട്ട് കത്തിച്ച് ആ വൃക്ഷത്തിന്റെ കടഭാഗം മുച്ചൂടും കരിഞ്ഞുപോയിരുന്നു. ഇതുകണ്ട ബിനു മാഷ് ആ മരത്തെ രക്ഷിക്കാൻ എന്തെങ്കിലും ചികിത്സയുണ്ടോയെന്ന് സീതാരാമനോട് ആരാഞ്ഞു. പ്രകൃതിയുമായി ഏറെ അടുത്തിടപഴകി പരിചയമുള്ള അദ്ദേഹം, ചില ചേരുവകൾ ഔഷധമായി ഉപയോഗിക്കാൻ നിർദേശിച്ചു.

ആദ്യം വൃക്ഷത്തടിയിലുണ്ടായിരുന്ന പൊള്ളലുകളും മുറിവുകളും കഴുകി വൃത്തിയാക്കി. പിന്നീട് പരിക്ക് പറ്റിയ ഇടങ്ങളിൽ ഔഷധം തേച്ചുപിടിപ്പിച്ചു. ശേഷം വെള്ള മുണ്ടുകൊണ്ട് ചുറ്റിക്കെട്ടി. ഒരു മനുഷ്യനെയെന്ന പോലെ അവർ ആ മരത്തെ പരിചരിക്കുന്നതുകണ്ട് മനമലിഞ്ഞ നാട്ടുകാർ പിന്നീട് അവിടെയുള്ള ഒരു വൃക്ഷച്ചുവട്ടിലും തീയിട്ടില്ല. മാത്രമല്ല, അവയുടെ സംരക്ഷകരായി മാറുകയും ചെയ്തു. സർക്കാറിന്റെ വനം-വന്യജീവി വകുപ്പ് (കെ.എഫ്.ഡബ്ല്യൂ.ഡി) ഉപദേശക സമിതി അംഗമായി ബിനുമാഷ് പിന്നീട് നിയമിക്കപ്പെട്ടു. 



മരുന്നറിയാൻ

വൃക്ഷചികിത്സ കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചപ്പോൾ, ഡോ. സീതാരാമൻ പറഞ്ഞത് ''നീ അന്വേഷിക്കുക, നീ കണ്ടെത്തുക'' എന്നായിരുന്നു. ആ വാക്കുകൾതന്നെയായിരുന്നു ബിനുവിന് പ്രചോദനം. നിരവധി പുസ്തകക്കടകളും ലൈബ്രറികളും കയറിയിറങ്ങി ഒടുവിൽ ആധികാരിക രേഖകൾ പലതും കണ്ടെത്തി. ഡോ. എൻ.വി.പി. ഉണിത്തിരി എഴുതി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'വൃക്ഷായുർവേദ ഗ്രന്ഥങ്ങൾ ഒരു പഠനം' എന്ന പുസ്തകമായിരുന്നു അതിൽ പ്രധാനം. ശാര്‍ങ്ഗധരൻ, സുരപാലൻ, സുശ്രുതൻ തുടങ്ങിയവരുടെ സംഹിതകൾ ക്രോഡീകരിച്ചതിന്റെ മലയാള പരിഭാഷ.

ഔഷധക്കൂട്ടും പ്രയോഗവും

മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ്, ചിതൽപ്പുറ്റ്, കൃഷി നടത്തുന്ന വയലിലെ ചളിമണ്ണ്, നാടൻ പശുവിന്റെ പാൽ, ചാണകം, നെയ്യ്, ശുദ്ധമായ ചെറുതേൻ, കദളിപ്പഴം, എള്ള് എന്നിവയാണ് ബിനു മാഷിന്റെ ഔഷധക്കൂട്ടിലെ പ്രധാന ചേരുവകൾ. സാധനങ്ങൾ കുഴമ്പ് രൂപമാക്കി മരത്തിന്റെ അസുഖ ബാധിത ഇടങ്ങളിൽ ലേപനം ചെയ്ത് വെള്ള കോട്ടൺ തുണി അതിനു മുകളിലൂടെ ചുറ്റിക്കെട്ടും. ചേരുവകൾ ഓരോന്നും എന്തുകൊണ്ട് ഉപയോഗിക്കുന്നുവെന്നതിന് ശാസ്ത്രീയമായ കാരണങ്ങളും ബിനുവിനുണ്ട്. ഓരോ ഘടക പദാർഥവും എന്ത് അളവിൽ ഉപയോഗിക്കണമെന്ന് വൃക്ഷായുർവേദ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നില്ല എന്നതാണ് പ്രശ്നം. ചേരുവകളുടെ അളവും മൊത്തം എത്ര കുഴമ്പ് ആവശ്യമാകുമെന്നും ചികിത്സാനുഭവങ്ങളെ മുൻനിർത്തി ബിനു മാഷ് തന്നെ കണ്ടെത്തുകയായിരുന്നു.

പുനർജനിച്ച പൊൻകുന്നം പ്ലാവ്

പൊൻകുന്നം പുതിയകാവ്‌ ക്ഷേത്രത്തിന് തൊട്ടുമുന്നിൽ ഇലകൾ ഏറെയുണ്ടായിരുന്ന വലിയ പ്ലാവിന് മിന്നലേറ്റു. 'കോവിൽ പ്ലാവ്' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വൻ വൃക്ഷത്തിന്റെ ശിഖരങ്ങൾ മുഴുവൻ കരിഞ്ഞു. ഇനിയത് ഉണങ്ങിപ്പോവുകയേയുള്ളൂ എന്ന നിഗമനത്തിൽ, പ്ലാവ് വെട്ടിക്കളയാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. വിവരമറിഞ്ഞ ബിനു രക്ഷാധികാരികളെക്കണ്ട് ചികിത്സക്ക് അൽപസമയം അനുവദിക്കണമെന്ന് അപേക്ഷിച്ചു. ചികിത്സക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. സമീപത്തെ സ്കൂളിലെ ഹരിത ക്ലബ് അംഗങ്ങളായ വിദ്യാർഥികൾ അവരുടെ അധ്യാപകൻ അഭിലാഷിന്റെ നേതൃത്വത്തിൽ സഹായിക്കാനെത്തി. ''ആ കുട്ടികളാണ് ആവേശത്തോടെ മരുന്ന് കുഴച്ചത്. 

മണിക്കൂറുകൾ നീണ്ടുനിന്ന പരിചരണത്തിൽ പ്ലാവിന്റെ പൊള്ളലേറ്റ എല്ലാ ഭാഗങ്ങളിലും ഔഷധമെത്തി. വെള്ളത്തുണികൊണ്ട് ബന്ധിച്ചു. രണ്ടാഴ്ച കഴിയും മുമ്പേ പ്രിയപ്പെട്ട കോവിൽ പ്ലാവിൽ പുതിയ കൊമ്പുകൾ മുളക്കാൻ തുടങ്ങി. അതുകണ്ട് മറ്റാരേക്കാളും ആഹ്ലാദിച്ചത് ആ സ്കൂൾ വിദ്യാർഥികളായിരുന്നു. ചികിത്സാനന്തരം തഴച്ചുവളർന്ന വൃക്ഷത്തിൽ അടിമുടി വലിയ ചക്കകളുണ്ടായി. അതിൽ ഏറ്റവും വലുത് ദേവസ്വക്കാർ ഹരിത ക്ലബ്ബിന് സമ്മാനമായി കൊടുത്തു. കുട്ടികൾ അതിന്റെ ചുളകൾ വിദ്യാലയമാകെ വിതരണം ചെയ്തു; സ്കൂൾ വളപ്പിൽ അതിന്റെ കുരുക്കൾ മുളപ്പിച്ചു; തൈകൾ ആ പഞ്ചായത്തിലാകെ വിതരണം ചെയ്തു. ഇന്ന് ആ പ്ലാവ്, പ്രദേശം മുഴുവൻ പന്തലിച്ചുകിടക്കുന്നൊരു ബൃഹദ് കുടുംബത്തിന്റെ കാരണവത്തിയല്ലേ താൻ എന്ന ഗമയിൽ അവിടെ നിൽക്കുന്നു'' -ബിനു പറയുന്നു.

കോവിൽ പ്ലാവ് പുനർജനിച്ച കഥ അച്ചടി-ദൃശ്യ മാധ്യമങ്ങൾ ആഘോഷിച്ചു. ഉടൻ വിളി വന്നുതുടങ്ങി. തൊടുപുഴ ധന്വന്തരി വൈദ്യശാലയുടെ ഉടമ നമ്പൂതിരിയുടെ. നെല്ലിമരത്തിൽ ആകെ പൊത്തുകൾ. പൂക്കുന്നില്ല, കായ്ക്കുന്നില്ല, പുതിയ ശാഖകൾ കിളിർക്കുന്നില്ല. 125 വർഷം പഴക്കമുള്ള വൃക്ഷത്തെ പുനരുജ്ജീവിപ്പിക്കണം. ചികിത്സ ഏറ്റെടുത്തു. ആ നെല്ലിയിൽ മുഴുവൻ ഇന്ന് നെല്ലിക്കക്കുലകൾ നിറഞ്ഞുനിൽക്കുന്നു.


ശ്വാസംമുട്ടി മരിക്കാറായ പുളിമരം

''മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റിലെ ഭീമാകാരൻ പുളിമരം ശ്വാസംമുട്ടി മരിക്കാറായി നിൽക്കുകയായിരുന്നു. മിക്കവാറും എല്ലാ ശാഖകളും ഉണങ്ങി. വൃക്ഷത്തെ നടുക്കുനിർത്തി ഒരാൾ ഉയരത്തിൽ കോൺക്രീറ്റ് പ്ലാറ്റ്ഫോം നിർമിച്ചതായിരുന്നു പ്രശ്നം. ആ കോൺക്രീറ്റ് തറ പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. വൃക്ഷത്തടിയിലും സമീപത്തുള്ള ഭൂമിയിലും വായുവും സൂര്യപ്രകാശവും എത്തിയേ മതിയാകൂവെന്ന് നിർബന്ധം പിടിച്ചു. തുടർന്ന്, ജാലവിദ്യ അരങ്ങേറുന്ന ആ പ്ലാറ്റ്ഫോം മുതുകാട് പുനഃക്രമീകരിച്ചു. ഞാൻ ചികിത്സ തുടങ്ങി. ഇപ്പോൾ പോയി നോക്കൂ, മാജിക് പാർക്കിലെ ആ മാന്ത്രിക മരത്തിൽ വാളൻപുളികൾ കൂട്ടംകൂട്ടമായി തൂങ്ങിയാടുന്നത് കാണാം'' -ഇതുപറയുമ്പോൾ ബിനുവിന്റെ കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ ഉറപ്പുണ്ടായിരുന്നു.

തലസ്ഥാനത്തെ മരമല്ലി

തിരുവനന്തപുരം പാളയത്തെ രക്തസാക്ഷി മണ്ഡപത്തിനു സമീപം പാലപോലെ വളർന്നുനിൽക്കുന്ന മരമല്ലിയുടെ ശിഖരം ഒടിഞ്ഞുവീണു. ഇനിയും പിളർന്നുവീണേക്കാം എന്നായിരുന്നു സ്ഥിതി. യാത്രക്കാർ നിറയുന്ന സ്ഥലമാണ്. മരമല്ലി വെട്ടിമാറ്റാൻ അധികൃതർ തീരുമാനമെടുത്തു. തലസ്ഥാന നഗരിയിലെ മരങ്ങളെ സംരക്ഷിക്കാൻ രൂപംകൊണ്ട 'ട്രീ വാക്ക്' (Tree Walk, Thiruvananthapuram) എന്ന കൂട്ടായ്മ പ്രതിഷേധിച്ചപ്പോൾ വെട്ടിവീഴ്ത്തുന്നതിനു പകരം സകല കൊമ്പുകളും നിർദയം ചെത്തിയെടുത്തു. മരത്തെ മൊട്ടയടിച്ചു. ട്രീ വാക്കുകാരിൽനിന്ന് വിവരമറിഞ്ഞ ബിനു അവിടെയെത്തി. 'ട്രീ വാക്ക്' ചങ്ങാതിമാർ അകമ്പടി നിന്നു. മരമല്ലിക്ക് മരുന്ന് കുഴച്ചു. 2020 ഡിസംബറിലാണത്. 

Tags:    
News Summary - Wood doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.