നെല്ലിയാമ്പതി: കൊല്ലങ്കോട്, എലവഞ്ചേരി, നെല്ലിയാമ്പതി, പറമ്പിക്കുളം വനമേഖലകളിലെ ചെങ്കുത്തായ മലമ്പ്രദേശങ്ങളിൽ കണ്ടുവരുന്ന വരയാടുകളുടെ എണ്ണം കുറഞ്ഞു. 15 വർഷത്തിനിടെയുണ്ടായ കാട്ടുതീയും വർധിച്ചുവന്ന നായാട്ടുമാണ് പ്രധാന കാരണം. കോവിന്ദമല, നെല്ലിയാമ്പതിയിലെ നാലിലധികം കുന്നുകൾ, വാൽപ്പാറക്ക് സമീപത്തെ പറമ്പിക്കുളം കടുവ സങ്കേതത്തിലെ കുന്നിൻചരിവുകൾ എന്നിവിടങ്ങളിൽ വരയാടുകളെ വ്യാപകമായ തോതിൽ കണ്ടെത്തിയിരുന്നു. ഇപ്പോഴിവ വളരെ കുറവാണ്.
കാട്ടുതീയിലും നായാട്ടിലുമായി വരയാടുകൾ വ്യാപകമായി ഇല്ലാതാകുന്നത് തടയണമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പുൽമേടുകളിലും ചെങ്കുത്തായ മലനിരകളിലും വസിക്കുന്ന വരയാടുകൾ പുലി, കടുവ തുടങ്ങിയവയുടെ ആക്രമണത്തിൻ ഇല്ലാതാകുന്നതിനേക്കാൾ പതിന്മടങ്ങാണ് കാട്ടുതീയിൽ ചത്തുപോകുന്നത്. ഇവയെ സംരക്ഷിക്കാൻ തമിഴ്നാട് സർക്കാർ ബജറ്റിൽ കോടികൾ മാറ്റിവെക്കുമ്പോൾ കേരളത്തിൽ കാര്യക്ഷമമായ പദ്ധതികളില്ല.
നീരുറവകളുടെയും അരുവികളുടെയും നദികളുടെയും പ്രധാന ഉത്ഭവകേന്ദ്രമായ മലനിരകളിൽ പുൽമേടുകളെ സൃഷ്ടിക്കുന്നതിൽ മികച്ച പങ്കുവഹിക്കുന്ന വരയാടുകളെ സംരക്ഷിക്കാൻ സർക്കാർ തയാറാവണമെന്ന് ആശ്രയം റൂറൽ ഡെവലപ്മെൻറ് സൊസൈറ്റി പ്രവർത്തകർ പറയുന്നു. വരയാടുകൾ നിലനിൽക്കേണ്ടത് പശ്ചിമഘട്ട മലനിരകളിലെ പച്ചപ്പിന് അത്യന്താപേക്ഷിതമാണ്. വരയാടുകൾ ഉൾപ്പെടെയുള്ള വന്യജീവികൾക്ക് കുടിവെള്ളം ലഭ്യമാക്കാൻ വനം വകുപ്പ് ഉൾവനങ്ങളിൽ സംവിധാനമൊരുക്കണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.