പക്ഷിക്കൂടുകൾക്ക് ഉള്ളിൽ പാമ്പ് പടം പൊഴിച്ചിട്ട തോൽ ചുരുട്ടിവെച്ചിരിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? കാണുന്നവർക്ക് അതൊരു കൗതുകമായി തോന്നാമെങ്കിലും ഇതിന് പിന്നിൽ പക്ഷികളുടെ വലിയൊരു ബുദ്ധിയുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ശത്രുക്കളിൽ നിന്ന് തങ്ങളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും രക്ഷിക്കാൻ പക്ഷികൾ പ്രയോഗിക്കുന്ന തന്ത്രമാണിത്!
ശാസ്ത്രമാസികയായ 'ദി അമേരിക്കൻ നാച്ചുറലിസ്റ്റ്' പ്രസിദ്ധീകരിച്ച പഠനത്തിലാണ് പക്ഷികളുടെ ഈ രഹസ്യം പുറത്തുകൊണ്ടുവന്നത്. 1800കൾ മുതൽ തന്നെ പക്ഷിനിരീക്ഷകർ ഈയൊരു പ്രതിഭാസം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ വെറുമൊരു യാദൃശ്ചികത എന്നതിനപ്പുറം ഇതിനെ ആരും കാര്യമായി എടുത്തിരുന്നില്ല. കോർണൽ സർവ്വകലാശാലയിലെ പക്ഷികളുടയും സസ്തനികളുടെയും ക്യൂറേറ്ററായ വാന്യ റോവർ ആണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ തന്റെ സംഘത്തോടൊപ്പം ഗവേഷണം തുടങ്ങിയത്.
എന്തിനായിരിക്കും പക്ഷികൾ ഇത്രയും കഷ്ടപ്പെട്ട് പാമ്പിൻതോൽ തിരഞ്ഞുപിടിച്ച് കൂട്ടിലേക്ക് കൊണ്ടുവരുന്നത് എന്ന ചോദ്യത്തിനാണ് അവർ ഉത്തരം കണ്ടെത്തിയത്. വളരെ ലളിതമായ ഒരു മനശാസ്ത്രമാണ് പക്ഷികൾ ഇവിടെ പ്രയോഗിക്കുന്നത്. പക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളും മോഷ്ടിച്ച് തിന്നുന്നതിൽ പ്രധാനികൾ എലികളും മറ്റ് ചെറിയ സസ്തനികളുമാണ്. എന്നാൽ ഈ എലികളുടെയും അണ്ണാന്മാരുടെയും ഏറ്റവും വലിയ ശത്രുക്കൾ ആരാണ്? പാമ്പുകൾ.
കൂടിനുള്ളിൽ പാമ്പിൻതോൽ കാണുമ്പോൾ, അവിടെ പാമ്പുണ്ടെന്ന് തെറ്റിദ്ധരിച്ച് ഈ ശത്രുക്കൾ ഭയന്ന് ഓടും. ‘പാമ്പുകളുമായുള്ള ഭയവും അനുഭവങ്ങളുമാണ് ചെറിയ ജീവികളെ ഈ തോൽ കാണുമ്പോൾ പിന്നോട്ട് വലിപ്പിക്കുന്നത്. അതായത് തങ്ങളെ ഇല്ലാതാക്കാൻ പോന്ന വലിയൊരു അപകടം മുന്നിലുണ്ടെന്ന സിഗ്നലാണ് ഈ പാമ്പിൻതോൽ അവർക്ക് നൽകുന്നത്’-വാന്യ റോവർ പറയുന്നു.
ഗവേഷകർ നടത്തിയ പഠനത്തിൽ 22 കുടുംബങ്ങളിൽ പെട്ട 78 ഇനം പക്ഷികൾ ഇത്തരത്തിൽ പാമ്പിൻതോൽ ഉപയോഗിക്കുന്നതായി കണ്ടെത്തി. എന്നാൽ ഇതിൽ രസകരമായ മറ്റൊരു കാര്യമുണ്ട്. മരപ്പൊത്തുകളിലും ചെറിയ സുഷിരങ്ങളിലും കൂടുകൂട്ടുന്ന പക്ഷികളാണ് തുറസ്സായ ശാഖകളിൽ കൂടുകൂട്ടുന്ന പക്ഷികളേക്കാൾ 6.5 മടങ്ങ് കൂടുതൽ ഈ തന്ത്രം ഉപയോഗിക്കുന്നത്. തുറസ്സായ കൂട്ടിൽ കാക്കകളും മറ്റ് വലിയ പക്ഷികളും വന്ന് മുട്ടകൾ കൊണ്ടുപോകാറുണ്ട്. അവിടെ പാമ്പിൻതോൽ വലിയ ഫലം ചെയ്യില്ല.
എന്നാൽ ചെറിയ പൊത്തുകളിലേക്ക് വരുന്നത് എലികളും അണ്ണാന്മാരുമാണ്. അവിടെ ഈ തന്ത്രം കൃത്യമായി വർക്ക് ചെയ്യും. കൂടുകളിലെ പരാദങ്ങളെ അകറ്റാനാണോ, അതോ ബാക്ടീരിയകളെ പ്രതിരോധിക്കാനാണോ ഇതെന്നൊക്കെ ശാസ്ത്രജ്ഞർ ആദ്യം സംശയിച്ചിരുന്നു. എന്നാൽ ശത്രുക്കളെ ഓടിക്കാൻ വേണ്ടി തന്നെയാണ് പക്ഷികൾ ഇത് ചെയ്യുന്നതെന്ന് പഠനത്തിലൂടെ ഉറപ്പിച്ചു. പക്ഷികൾ വെറുതെ കിട്ടുന്ന സാധനങ്ങൾ വെച്ചല്ല കൂടുകൂട്ടുന്നതെന്നും, തങ്ങളുടെ സുരക്ഷക്കായി കൃത്യമായ പ്ലാനിങ്ങോടെയാണ് അവ നിർമാണ സാമഗ്രികൾ തിരഞ്ഞെടുക്കുന്നതെന്നും ഈ പഠനം തെളിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.