മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെട്ട അനധികൃത ഖനനത്തിൽ തന്റെ ഉറച്ച നിലപാടിലൂടെ ദേശീയ ശ്രദ്ധ നേടിയ ഒരു യുവ ഐ.പി.എസ് ഓഫിസർ ആണ് വി.എസ് അഞ്ജന കൃഷ്ണ. പവാറിന്റെ മുന്നിൽ പതറാതെ നിന്ന അവരെ സമൂഹ മാധ്യമങ്ങൾ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. അഞ്ജനയുടെ ധീരമായ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള കോളുകൾ കുടുംബത്തിലേക്കു പ്രവഹിക്കുകയാണ്. മലയാളിയായ ആ പൊലീസ് ഓഫിസറെക്കുറിച്ച് അറിയാം.
തിരുവനന്തപുരത്തെ മലയിൻകീഴ് സ്വദേശിയാണ് അഞ്ജന. 1990 ഏപ്രിൽ 17ന് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഇവർ 2022ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയും നിലവിൽ മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിലെ കർമലയിൽ സബ് ഡിവിഷൻ പൊലീസ് ഓഫിസറുമാണ്. തുണി വ്യാപാരിയാണ് അച്ഛൻ വി.എസ്. വിജു. അമ്മ എൽ. സീന തിരുവനന്തപുരത്തെ വഞ്ചിയൂർ ജില്ലാ കോടതിയിൽ അപ്പർ ഡിവിഷൻ ടൈപ്പിസ്റ്റും.
പത്ത് വർഷം മുമ്പ് അനധികൃത ഗ്രാനൈറ്റ് ഖനനത്തിനെതിരെ വൻതോതിലുള്ള ജനകീയ പ്രതിഷേധം നടന്ന മൂക്കുന്നിമലക്കു സമീപമാണ് മലയിൻകീഴ്. ഈ മേഖലയിൽ 35 അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് ഇതിന് നിയന്ത്രണം കൊണ്ടുവരികയുണ്ടായി. ആ സമരത്തിൽ അഞ്ജഞനയുടെ പിതാവും ഭാഗഭാക്കായിരുന്നു.
പൂജപ്പുരയിലെ സെന്റ് മേരീസ് സെൻട്രൽ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അഞ്ജന പിന്നീട് നിറമൺകരയിലെ എൻ.എസ്.എസ് കോളേജ് ഫോർ വുമണിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ഒന്നാംറാങ്കോടെ ബി.എസ്.സി ബിരുദം നേടി. ബിരുദ പഠനത്തോടൊപ്പം ജേണലിസം കോഴ്‌സ് ചെയ്യുകയും ഒരു പ്രാദേശിക പത്രത്തിൽ ഇന്റേൺ ആയി കയറുകയും ചെയ്തു.
ഇന്ത്യൻ പൊലീസ് സർവിസിൽ ചേരാൻ തീരുമാനിച്ച കൃഷ്ണ 2022-23 ലെ യു.പി.എസ്.സി സിവിൽ സർവിസസ് പരീക്ഷ എഴുതി 355-ാം റാങ്ക് നേടി. മലയാളം സാഹിത്യം ഓപ്ഷനൽ വിഷയമായി എടുത്ത് ഇംഗ്ലീഷിൽ പരീക്ഷ എഴുതാൻ തീരുമാനിച്ചു.
മൂക്കുന്നിമല പ്രക്ഷോഭങ്ങളിൽ തന്റെ മകൾ ഉൾപ്പെട്ടിരുന്നില്ല, എന്നാൽ, ഒരു തദ്ദേശവാസിയായതിനാൽ പ്രക്ഷോഭത്തെക്കുറിച്ചും വൻതോതിലുള്ള ക്വാറി പ്രവർത്തനങ്ങളുടെ ഫലമായുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചും അവൾക്ക് വ്യക്തമായി അറിയാം. ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ പ്രദേശത്തിന് സമീപം താമസിക്കുന്ന ആളുകളുടെ ബുദ്ധിമുട്ടുകൾ തനിക്ക് പരിചിതമായിരുന്നുവെന്നും പിതാവ് വിജു പറയുന്നു.
ഹയർ സെക്കൻഡറി പഠനത്തിനു ശേഷം അഞ്ജന ഐ.പി.എസ്. ഓഫിസറാകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞപ്പോൾ വിജുവിനും കുടുംബത്തിനും അതൊരു അദ്ഭുതമായിരുന്നു. സിവിൽ സർവിസ് പരീക്ഷയിൽ അവർ ഐ.പി.എസ് ആദ്യ ഓപ്ഷനായി നൽകി. അവളിൽ ഐ.പി.എസ് സ്വപ്നം എങ്ങനെ വളർന്നു എന്ന് തങ്ങൾക്ക് ഇപ്പോഴും അറിയില്ലെന്നും പിതാവ് പറയുന്നു.
ഗണിതശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയ ശേഷം നാലാമത്തെ ശ്രമത്തിൽ തന്നെ സിവിൽ സർവിസ് പരീക്ഷ പാസായി. പരീക്ഷാ ഫലം വരുന്നതിന് തൊട്ടുമുമ്പ് റെയിൽവേയിൽ ജോലി ലഭിച്ചെങ്കിലും, സിവിൽ സർവിസ് വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. അതിനാൽ റെയിൽവേയിൽ ചേരുന്നതിന്റെ കാലാവധി നീട്ടി വാങ്ങി.
കർമലയിലെ സബ് ഡിവിഷൻ ഓഫിസറായി പരിശീലനം നേടിയതിനു ശേഷമുള്ള അഞ്ജനയുടെ ആദ്യ നിയമനമായിരുന്നു അത്. ഗണേശ ചതുർഥി ഉത്സവവുമായി ബന്ധപ്പെട്ട സുരക്ഷാ ജോലികൾ കാരണം ഈ ഓണാഘോഷത്തിന് കേരളത്തിലേക്ക് വരാൻ കഴിഞ്ഞിരുന്നില്ല.
സോളാപുരിലെ അനധികൃത ഖനനം തടയാനെത്തിയപ്പോളാണ് അഞ്ജന കൃഷ്ണയെ അജിത് പവാര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഉടന്‍തന്നെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ഇദ്ദേഹം ഡി.എസ്പിയോട് ആവശ്യപ്പെട്ടിരുന്നു.
ഒരു എൻ.സി.പി പ്രവര്‍ത്തകന്റെ ഫോണിലാണ് അജിത് പവാര്‍ സംസാരിച്ചത്. ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നതെന്നും നടപടികള്‍ നിര്‍ത്തിവെക്കണമെന്നുമാണ് അജിത് പവാര്‍ ആദ്യം ഫോണിലൂടെ പറഞ്ഞത്. എന്നാല്‍, തന്റെ നമ്പറിലേക്ക് വിളിക്കാൻ ഇവര്‍ അജിത് പവാറിനോട് ആവശ്യപ്പെട്ടു. ഇതോടെ ഉപമുഖ്യമന്ത്രി കുപിതനായി. ‘നിങ്ങള്‍ക്കെതിരേ ഞാന്‍ നടപടി സ്വീകരിക്കും’ എന്ന് അജിത് പവാര്‍ പിന്നീട് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയെങ്കിലും അവർ നടപടിയിൽ നിന്ന് പിൻമാറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.