എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡരികിലെ ഏഴിലംപാല മരത്തിൽ കണ്ടെത്തിയ അരിവാൾ കൊക്കിന്റെ പ്രജനന കേന്ദ്രം
കേരളത്തിൽ ഇവയെ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും വളരെ കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമേ പ്രജനനം നടക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുള്ളൂ
കോഴിക്കോട്: വെള്ള അരിവാൾ കൊക്കിന്റെ (ഓറിയന്റൽ വൈറ്റ് ഐബിസ്/ബ്ലാക്ക്-ഹെഡഡ് ഐബിസ്) കേരളത്തിലെ പുതിയ പ്രജനനകേന്ദ്രം കണ്ടെത്തി. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് പുതിയ പ്രജനന കേന്ദ്രം. ചൊവ്വാഴ്ച എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡരികിലെ ഏഴിലംപാല മരത്തിൽ പ്രജനനം നടക്കുന്ന മൂന്ന് പക്ഷിക്കൂടുകളും കുഞ്ഞുങ്ങളെയും കണ്ടെത്തിയത് കോഴിക്കോട് ഫാറൂഖ് കോളജ് സുവോളജി വിഭാഗം ഗവേഷണ വിദ്യാർഥിയായ കെ.കെ. ജുനൈനയാണ്. പ്രഫ. ഡോ. എ.പി. റാഷിബയുടെ കീഴിലാണ് ജുനൈന ഗവേഷണം ചെയ്യുന്നത്.
എടവണ്ണപ്പാറക്കടുത്ത പാടശേഖരങ്ങളിൽ ഇവ ഒറ്റക്കും കൂട്ടമായും ഇരതേടുന്നത് പതിവാണ്. മരത്തിന്റെ ഉയർന്ന ഭാഗങ്ങളിലാണ് ഇവയുടെ കൂട്. ഈ മരം വെള്ള അരിവാൾ കൊക്കിനെ കൂടാതെ വിവിധതരം പക്ഷികളുടെ വാസസ്ഥലവും പ്രജനന കേന്ദ്രവുമാണ്. കേരളത്തിൽ ഇവയെ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കിലും വളരെ കുറഞ്ഞ സ്ഥലങ്ങളിൽ മാത്രമേ പ്രജനനം നടക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. 2002-2003 കാലയളവിൽ വയനാട് പനമരം കൊറ്റില്ലത്തിലാണ് കേരളത്തിലെ ഇവയുടെ ആദ്യ പ്രജനനകേന്ദ്രം കണ്ടെത്തിയത്.
കോഴിക്കോട് ജില്ലയിലെ മാവൂർ തണ്ണീർതടം, മലപ്പുറം ജില്ലയിലെ തിരുനാവായ തണ്ണീർതടം, പാലക്കാട് ജില്ലയിലെ മന്തക്കാട്, കോട്ടയം ജില്ലയിലെ കുമരകം, തിരുവനന്തപുരം മൃഗശാല എന്നിവിടങ്ങളിലും വെള്ള അരിവാൾ കൊക്കിന്റെ പ്രജനനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മുമ്പ് ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ (ഐ.യു.സി.എൻ) റെഡ് ലിസ്റ്റിൽ ഇവയെ ഭീഷണി ആസന്നമായ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്.
2024ലെ വിലയിരുത്തൽ പ്രകാരം ആശങ്ക കുറഞ്ഞ വിഭാഗത്തിലാണ്. അടുത്തകാലത്തായി പാടശേഖരങ്ങളിൽ ഇവയുടെ സാന്നിധ്യം കൂടുതലായി കാണുന്നുണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലുമാണ് വെള്ള അരിവാൾ കൊക്കിനെ വ്യാപകമായി കാണുന്നത്. ബംഗ്ലാദേശ്, ഭൂട്ടാൻ, കംബോഡിയ, ഇന്ത്യ, ഇന്തോനേഷ്യ, മ്യാന്മർ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, തായ്ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽ ഇവ സ്ഥിരവാസികളാണ്. താൽക്കാലിക സന്ദർശകരായി ഇവർ ചൈന, ഹോങ്കോങ്, ജപ്പാൻ, കൊറിയ, ലാവോസ്, മലേഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.