‘ബിഹാറിലെയും യു.പിയിലെയും വെള്ളം ഞങ്ങളുടെ പ്രദേശങ്ങളെ മുക്കി​ക്കൊല്ലുന്നു’; ബംഗാൾ പ്രളയത്തിനു പിന്നാലെ അണക്കെട്ടുകളുടെ ആവശ്യകത ചോദ്യം ചെയ്ത് മമത

കൊൽക്കത്ത: വടക്കൻ ബംഗാൾ നേരിട്ട സമീപകാലത്തെ ഏറ്റവും മോശം പ്രകൃതി ദുരന്തങ്ങളിലൊന്നിൽ 24 പേർക്ക് ജീവൻ നഷ്ടമായതിനു പിന്നാലെ വെള്ളപ്പൊക്കം തടയാൻ കഴിയാത്ത അണക്കെട്ടുകളുടെ ആവശ്യകതയെ ചോദ്യം ചെയ്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അണക്കെട്ടുകൾ ഇല്ലായിരുന്നെങ്കിൽ സ്ഥിതി ഇത്ര മോശമാവില്ലായിരുന്നുവെന്ന് മാധ്യമപ്രവർത്തകരോട് മമത പറഞ്ഞു.

‘20 വർഷമായി ഞാൻ ഫറാക്ക, മൈതാൻ, പഞ്ചേത്, ദുർഗാപൂർ ബാരേജുകളുടെ മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ആരും ശ്രദ്ധിക്കുന്നില്ല. ഭൂട്ടാൻ, സിക്കിം, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളം ബംഗാളിലേക്ക് പ്രവേശിച്ച് ഞങ്ങളുടെ പ്രദേശങ്ങളെ മുക്കുന്നു. നദികൾ കരകവിഞ്ഞൊഴുകുന്നു. ഞങ്ങളുടെ വെള്ളം എവിടേക്കു പോവും?’ - അവർ ചോദിച്ചു.

അണക്കെട്ടുകൾ സാവകാശം തുറന്നുവിടാൻ ഭൂട്ടാൻ സർക്കാറിനോട് ഞങ്ങൾ അഭ്യർഥിച്ചിരുന്നു. ഞങ്ങൾക്ക് എത്ര വെള്ളം ഉൾക്കൊള്ളാൻ കഴിയും? വടക്കൻ ബംഗാളിൽ സംഭവിച്ചത് മനുഷ്യനിർമിത വെള്ളപ്പൊക്കത്തിന്റെയും അധിക മഴയുടെയും സംയോജനമാണ്. ഹാൽദിയ, കൽക്കട്ട തുറമുഖം, പഞ്ചേത്, മൈതാൻ എന്നിവിടങ്ങളിൽ ഡ്രെഡ്ജിംഗ് നടത്തിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്നും മമത പറഞ്ഞു.

ഒരാഴ്ചയായി ബംഗാളിന്റെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ വടക്കൻ ബംഗാളിൽ 300 മില്ലിമീറ്റർ മഴ പെയ്തതായി മമത അവകാശപ്പെട്ടു. കൊൽക്കത്തയിൽ ഇടമിന്നലോട് കൂടിയ മഴയാണ് പെയ്യുന്നത്.

നാശനഷ്ടങ്ങൾ നിയന്ത്രിക്കാൻ ശ്രമിച്ചുവരികയാണ് ബംഗാൾ സർക്കാർ. വെള്ള​പ്പൊക്കത്തിൽ മുങ്ങിയ വടക്കൻ ബംഗാളിലേക്ക് തിരിക്കുമെന്ന് മമത പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന മന്ത്രി അരൂപ് ബിശ്വാസിനെയും വടക്കൻ ബംഗാൾ തൃണമൂൽ നേതാവ് ഗൗതം ദേബിനെയും പ്രളയ ബാധിത മേഖയിലേക്ക് അയച്ചിട്ടുണ്ട്.


Tags:    
News Summary - 'Water in Bihar and UP is drowning our areas'; Mamata stresses need for dams after Bengal floods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.