തെലങ്കാനയിലെ കാഘസ്‌നഗർ ഫോറസ്റ്റ് ഡിവിഷനിലെ പാറക്കെട്ടുകളിൽ ഡസൻ കണക്കിന് നീളമുള്ള കൊക്കുള്ള കഴുകന്മാർ (ജിപ്‌സ് ഇൻഡിക്കസ്) ഒരുകാലത്ത് ധാരാളമായി കൂടുകൂട്ടിയിരുന്നു. ആകാശത്ത് അവയുടെ വട്ടമിട്ടുള്ള പറക്കൽ തദ്ദേശവാസികൾക്ക് പരിചിതമായ കാഴ്ചയായിരുന്നു. എന്നാൽ, ഇന്ന് അവയിൽ വളരെ കുറച്ച് മാത്രമേ അവശേഷിക്കുന്നുള്ളൂ. 14 വർഷത്തെ പഠനത്തിൽ ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ഈ പക്ഷികളിൽ പ്രജനനം കാര്യമായി നടത്തുന്നില്ലെന്ന് ഗവേഷകർ കണ്ടെത്തി.
ലോകത്തിലെ നീളമുള്ള കൊക്കുള്ള കഴുകന്മാരുടെ 97ശതമാനവും ഇന്ത്യയിലാണ്. എന്നാൽ, ഇന്ത്യാ ഉപഭൂഖണ്ഡത്തിലുടനീളം ഇത്തരം കഴുകൻമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമായും ‘ഡൈക്ലോഫെനാക്’ അഥവാ ഒരു വെറ്ററിനറി മരുന്നിൽനിന്നുള്ള വിഷബാധ മൂലമാണ് ഇത്.
സാവകാശത്തിൽ പുനഃരുൽപാദനം നടത്തുന്ന ജീവിയാണ് കഴുകൻ. സാധാരണയായി വർഷത്തിൽ ഒരു തവണ മാത്രമേ ഇത് പ്രത്യുൽപാദനത്തിനായി കൂടുകൂട്ടുകയുള്ളൂവെന്ന് തമിഴ്‌നാട്ടിലെ എ.വി.സി കോളജിലെ സുവോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി വകുപ്പിലെ ഗവേഷകനും പഠനത്തിന്റെ രചയിതാവുമായ രവികാന്ത് മഞ്ചിരിയാല പറയുന്നു.
മുൻകാല പഠനങ്ങളിൽ ഭൂരിഭാഗവും ഹ്രസ്വകാലത്തേക്കോ ഒന്നിലധികം ‘ജിപ്‌സ്’ ഇനങ്ങളെ കേന്ദ്രീകരിച്ചോ ആയിരുന്നു. അവ പൊതുവായ ഉൾക്കാഴ്ചകൾ മാത്രമാണ് നൽകിയിരുന്നത്. ഇന്ന് ഈ ഇനത്തിന്റെ പ്രജനം, കൂടുണ്ടാക്കൽ, പാരിസ്ഥിതിക ഘടകങ്ങൾ കാലക്രമേണ പ്രത്യുൽപാദനത്തെ എങ്ങനെ ബാധിക്കുന്നു എന്നിവയെല്ലാം പ്രത്യേകമായി നിരീക്ഷിക്കപ്പെട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2010നും 2023നും ഇടയിൽ, തെലങ്കാന, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലും കാഘസ്‌നഗർ ഫോറസ്റ്റ് ഡിവിഷനിലും ഡെക്കാൻ പീഠഭൂമിയുടെ അനുബന്ധ ഭാഗങ്ങളിലുമുള്ള കോളനികളിലായി 23 കൂടുകൾ ഗവേഷകർ നിരീക്ഷിച്ചു. പലാരപു, ലക്കമേഡ എന്നറിയപ്പെടുന്ന ഈ പാറക്കെട്ടുകൾ പെദ്ദവാഗു അരുവിക്കും പ്രാണഹിത നദിക്കും സമീപമാണ് സ്ഥിതി ചെയ്യുന്നത്.
പാറക്കെട്ടുകളിൽനിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള സർവേകൾ ഇവയുടെ പ്രജനന ചക്രത്തിന്റെ ഓരോ ഘട്ടവും രേഖപ്പെടുത്തി. താപനില, മഴ, കാറ്റിന്റെ വേഗതയും ദിശയും, ഉപരിതല മർദം, മഞ്ഞ്, പ്രാദേശിക ജല വിഷാംശം എന്നിവയുൾപ്പെടെയുള്ള പാരിസ്ഥിതിക ഘടകങ്ങളുടെ വ്യതിയാനം പ്രജനന ഫലങ്ങൾ വർഷം തോറും താരതമ്യം ചെയ്തു. പ്രജനന വിജയത്തെ ഏറ്റവും സ്വാധീനിച്ച ഘടകങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ സ്റ്റാറ്റിസ്റ്റിക്കൽ മോഡലുകൾ ഉപയോഗിച്ചു. ഈ ദീർഘകാല ഡാറ്റാസെറ്റ് അവയുടെ ജീവചക്രത്തെക്കുറിച്ചുള്ള വിശദമായ ഉൾക്കാഴ്ചകൾ പുറത്തുകൊണ്ടുവന്നു.
പഠന കാലയളവിൽ 161 ജോഡി കഴുകൻമാർ കൂടുകളിൽ പ്രജനനം നടത്താൻ ശ്രമിച്ചതായി ഗവേഷകർ രേഖപ്പെടുത്തി. അവ 116 മുട്ടകൾ ഇടുകയും അതിൽ 85 കുഞ്ഞുങ്ങൾ വിജയകരമായി കൂടു വിട്ട് പറക്കുന്ന ഘട്ടത്തിലെത്തുകയും ചെയ്തു. എങ്കിലും വർഷങ്ങളായി ഇവയുടെ എണ്ണം കുത്തനെ കുറഞ്ഞു. 2019ലെ 23 കൂടുകളിൽ നിന്ന് 2020ൽ 15 ആയി. 2021ൽ നാലെണ്ണമായി. 2022ലും 2023ലും ഒന്ന് മാത്രമായി.
സിർപൂർ പേപ്പർ മില്ലിൽ നിന്ന് പെദ്ദവാഗു അരുവിയിലേക്ക് പുറന്തള്ളുന്ന മാലിന്യത്തിലെ വിഷാംശത്തിന്റെ അളവാണ് ഏറ്റവും ശക്തമായ മോശം സ്വാധീനം ചെലുത്തിയതെന്ന് കണ്ടെത്തി. രാസവസ്തുക്കൾ അടങ്ങിയ ഇരുണ്ട ദ്രാവകമായ മാലിന്യം വലിയ പാരിസ്ഥിതിക അപകടമാണ് ഇവക്കുണ്ടാക്കുന്നത്. ഈ പാരാമീറ്ററുകളിൽ പലതും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ സുരക്ഷാ പരിധികൾ കവിഞ്ഞതായി മുൻ വിശകലനങ്ങൾ കണ്ടെത്തി.
കഴുകന്മാർ ഭക്ഷണം കഴിച്ചതിനുശേഷം വലിയ അളവിൽ വെള്ളം കുടിക്കും. 2014 മുതൽ 2017 വരെ അടച്ചിട്ടിരുന്ന സിർപൂർ പേപ്പർ മിൽ വീണ്ടും തുറന്നതിനു പിന്നാലെ അപകടകരമായ മാലിന്യങ്ങൾ വീണ്ടും അരുവിയിലേക്ക് പ്രവേശിച്ചു. ഇത് മുതിർന്ന കഴുകൻമാരുടെ ആരോഗ്യത്തെയും മുട്ടകളുടെ നിലനിൽപ്പിനെയും ബാധിച്ചിരിക്കാമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.
2019 നും 2023 നും ഇടയിൽ അരുവിക്കരയിൽ മൂന്ന് മുതിർന്ന പക്ഷികളുടെ ശവം ഗവേഷക സംഘം കണ്ടെത്തി. ഈ പക്ഷികളിൽ കാഡ്മിയം, ചെമ്പ്, ലെഡ്, നിക്കൽ, സിങ്ക് എന്നിവയുടെ ഉയർന്ന സാന്ദ്രത ഉള്ളതായി സൂചിപ്പിച്ചു.
പാരിസ്ഥിതിക ഘടകങ്ങളും പ്രജനന ഫലങ്ങളെ രൂപപ്പെടുത്തിയതായി പഠനം കണ്ടെത്തി. തണുപ്പുള്ള വർഷങ്ങളിൽ വിരിയിക്കൽ വിജയം കൂടുതലായിരുന്നു. അതേസമയം, കനത്ത മഴ മുട്ടകളുടെ അതിജീവനം കുറച്ചു. പാറക്കെട്ടുകളുടെ ആഴത്തിലുള്ളതോ പച്ചപ്പ് നിറഞ്ഞ തണലുള്ളതോ ആയ കൂടുകൾ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ, മനുഷ്യ പ്രവർത്തനത്തോട് അടുത്തിരിക്കുന്ന കൂടുകൾ പ്രജനനത്തിൽ വിജയശതമാനം കുറവായി കാണിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.