ബ്രഹ്മപുരത്ത് 54 കോടിയുടെ കരാറില്‍ 11 കോടി വാങ്ങിയിട്ട് ഒരു ലോഡ് മാലിന്യം പോലും നീക്കം ചെയ്തില്ലെന്ന് വി.ഡി സതീശൻ

കൊച്ചി : ബ്രഹ്മപുരത്ത് 54 കോടിയുടെ കരാറില്‍ 11 കോടി വാങ്ങി പോക്കറ്റില്‍ ഇട്ടിട്ട് ഒരു ലോഡ് മാലിന്യം പോലും നീക്കം ചെയ്തില്ല. കരാര്‍ അവസാനിക്കാറായപ്പോള്‍ മാലിന്യം കത്തിച്ചു കളഞ്ഞതാണ്. കത്തിയ മാലിന്യം നീക്കിയാതാണെന്ന് പറഞ്ഞ് കരാറുകാരന് ബാക്കി പണം കൂടി നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്.

ജനങ്ങളെ വിഷപ്പുകയില്‍ നിര്‍ത്തിയ സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ കമീഷണര്‍ 26 ദിവസമെടുത്തത് എന്തിനാണ്? ആരാണ് കമീഷണര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്? മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താഴെയുള്ള കമീഷണര്‍ കരാറുകരനെതിരെ എങ്ങനെയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്? മുഖ്യമന്ത്രി കരാറുകാരനെ ഒക്കത്തെടുത്ത് നടക്കുകയാണ്. വെയിലത്ത് തീപിടിച്ചെന്നാണ് കണ്ടെത്തല്‍. വെയിലത്ത് അഞ്ച് സ്ഥലത്തും ഓരേ സമയം തീ പിടിക്കുന്നത് എങ്ങനെയാണ്?

കരാറുകാരനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യമെ തന്നെ അറിഞ്ഞത് എങ്ങനെയാണ്? തീപിടിത്തം കണ്ടെത്താനുള്ള എന്തെങ്കിലും യന്ത്രം അവിടെ സ്ഥാപിച്ചിട്ടുണ്ടോ? മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കണ്ടെത്തലിന് വിരുദ്ധമായ റിപ്പോര്‍ട്ട് പൊലീസിന് നല്‍കാനാകില്ല. സി.പി.എമ്മിന് വേണ്ടപ്പെട്ടയാളാണ് കരാറുകാരന്‍. അതുകൊണ്ടാണ് കരാറുകാരന് വേണ്ടി എല്ലാ കോര്‍പറേഷനുകളിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ച് സമ്മര്‍ദ്ദം ചെലുത്തിയത്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് നിയമപരമായ നിരവധി മാര്‍ഗങ്ങള്‍ മുന്നിലുണ്ട്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തയാറെടുപ്പുകളും നടത്തിക്കൊണ്ടിരിക്കുകയാണ്. 2024 ലെ തെരഞ്ഞെടുപ്പ് നേരിടാനുള്ള തയാറെടുപ്പ് യു.ഡി.എഫ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നില്ല. ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അതേക്കുറിച്ച് അപ്പോള്‍ ആലോചിക്കുമെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - VD Satheesan said that after buying 11 crores in the contract of 54 crores in Brahmapuram, not even one load of garbage was removed.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.