അർണബിന് പിന്നാലെ മുരശുവും; ഒരാഴ്ചക്കിടെ രണ്ട് ചുഴലിക്കാറ്റുകൾ, ബംഗാൾ ഉൾക്കടലിൽ സംഭവിക്കുന്നതെന്ത്?

ന്യൂഡൽഹി: ഒരാഴ്ചക്കിടെ ഇന്ത്യയുടെ കിഴക്കൻ തീരത്ത് തുടർച്ചയായി രണ്ട് ചുഴലിക്കാറ്റുകൾ വീശിയടിച്ചതിന് പിന്നിലെ കാരണങ്ങൾ തേടി കാലാവസ്ഥാ വിദഗ്ധർ. ഒക്ടോബർ 28ന് അർണബ് ചുഴലിക്കാറ്റും നവംബർ മൂന്നിന് മുരശു ചുഴലിക്കാറ്റുമാണ് ഇന്ത്യയുടെ കിഴക്കൻ തീരത്തെ ബാധിച്ചത്. ഒഡിഷയിലും ആന്ധ്രാപ്രദേശിലും വ്യാപകമായ വെള്ളപ്പൊക്കം, കൃഷിനാശം, അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച എന്നിവക്ക് ചുഴലിക്കാറ്റുകൾ കാരണമായി.

തുടർച്ചയായുണ്ടായ ചുഴലിക്കാറ്റുകൾക്ക് പിന്നിൽ ആഗോളതാപനമാണോ അതോ അന്തരീക്ഷത്തിലെ താൽക്കാലിക മാറ്റങ്ങളാണോ എന്നതിനെക്കുറിച്ച് ചർച്ചകൾ സജീവമാണ്. എന്നാൽ ചുഴലിക്കാറ്റുകൾ തുറന്ന സമുദ്രത്തിൽ രൂപപ്പെട്ട് ശക്തിപ്രാപിക്കുന്നതിനുപകരം തീരത്തോട് അടുത്ത പ്രദേശങ്ങളിൽ അതിവേഗം ശക്തിയാർജിച്ചതാണ് ഈ പ്രതിഭാസത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഭുവനേശ്വർ ഐ.ഐ.ടിയിലെ സ്കൂൾ ഓഫ് എർത്ത്, ഓഷ്യൻ ആൻഡ് ക്ലൈമറ്റ് സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സന്ദീപ് പട്നായിക് വിശദീകരിച്ചു.

തുടർച്ചയായി ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് അസാധാരണമല്ല. അർണബ്, മുരശു തുടങ്ങിയ ചുഴലിക്കാറ്റുകൾ തുറന്ന സമുദ്രത്തിൽ ശക്തിപ്രാപിക്കാതെ തീരത്തോട് അടുത്താണ് തീവ്രത കൈവരിച്ചത്. അതിനാൽ തുറന്ന സമുദ്രത്തിലെ ജലം വലിയതോതിൽ ഇളകിമറിയുകയോ തണുക്കുകയോ ചെയ്യുന്നില്ല. ഇത് അടുത്ത ചുഴലിക്കാറ്റിന് ആവശ്യമായ ഊർജം ലഭ്യമാകാൻ സഹായിക്കുന്നു. എന്നാൽ ആംഫാൻ പോലുള്ള ശക്തമായ ചുഴലിക്കാറ്റുകൾ സമുദ്രത്തിലെ വലിയൊരു പ്രദേശത്തെ ജലത്തെ ഇളക്കിമറിച്ച് തണുപ്പിക്കുന്നതിനാൽ പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത കുറയുമെന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനമാണ് തുടർച്ചയായ ചുഴലിക്കാറ്റുകൾക്ക് കാരണമെന്ന് ഉറപ്പിക്കാൻ ആവശ്യമായ വിവരങ്ങൾ നിലവിലില്ല. ബംഗാൾ ഉൾക്കടലിൽ ഈ സീസണിൽ ചുഴലിക്കാറ്റുകളുടെ എണ്ണം വർധിച്ചത് കാലാവസ്ഥാ വ്യതിയാനം മൂലമാണെന്ന് സ്ഥാപിക്കാനാകില്ലെന്നും ഇത് സീസണൽ പ്രതിഭാസമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കാലാവസ്ഥാ വ്യതിയാനം മഴയുടെ തീവ്രത വർധിപ്പിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നുണ്ട്. അന്തരീക്ഷത്തിലെ താപനില ഉയരുന്നതിനനുസരിച്ച് വായുവിന് കൂടുതൽ ജലബാഷ്പം ഉൾക്കൊള്ളാൻ കഴിയും. ഇതോടെ മഴ ലഭിക്കുമ്പോൾ വലിയ അളവിൽ പെയ്യുന്ന സാഹചര്യമുണ്ടാകുന്നു. ഓരോ ചുഴലിക്കാറ്റിനൊപ്പവും ലഭിക്കുന്ന മഴയുടെ അളവ് വർധിക്കുന്നതായും നിരീക്ഷിക്കുന്നുണ്ട്.

ചുഴലിക്കാറ്റുകളുടെ രൂപീകരണത്തിൽ എൽനിനോക്കുള്ള പങ്കും വിശദമായ പഠനം ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയിൽ ദുർബലമായ മൺസൂണിനും വരണ്ട കാലാവസ്ഥക്കും കാരണമാകുന്ന എൽനിനോയുടെ സ്വാധീനം ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകളുടെ കാര്യത്തിൽ മൺസൂൺ മഴ മാത്രം അടിസ്ഥാനമാക്കി വിലയിരുത്താനാകില്ല. ഈ കാലയളവിൽ സാധാരണയായി ചുഴലിക്കാറ്റുകളുടെ സാന്നിധ്യം കുറവായിരിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, ഈ സീസണിൽ പടിഞ്ഞാറൻ പസഫിക് സമുദ്രം മുതൽ ബംഗാൾ ഉൾക്കടൽ വരെ കിഴക്കൻ കാറ്റിന്റെ പ്രവാഹം അസാധാരണമായി ശക്തമാണ്. ഈ ശക്തമായ കിഴക്കൻ കാറ്റിന്റെ സ്വാധീനത്തിലാണ് അർണബ്, മുരശു ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

നവംബർ ഒമ്പത് മുതൽ 17 വരെ മറ്റൊരു കാലാവസ്ഥാ സംവിധാനം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നവംബർ ഒമ്പത് മുതൽ ശക്തമായ കിഴക്കൻ കാറ്റിന്റെ പ്രവാഹമുണ്ടാകാൻ സാധ്യതയുണ്ട്. ഇത് മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനുള്ള സാഹചര്യമൊരുക്കിയേക്കാം.

ബംഗാൾ ഉൾക്കടലിൽ തുടർച്ചയായി ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നതിന് കാലാവസ്ഥാ വ്യതിയാനത്തെയോ എൽനിനോയെയോ മാത്രം കാരണമായി കാണാനാകില്ല. അന്തരീക്ഷം അസാധാരണമായ രീതിയിൽ പെരുമാറുന്നതും ചുഴലിക്കാറ്റുകൾ അതിവേഗം ശക്തിപ്രാപിക്കുന്നതും ശ്രദ്ധേയമാണെന്നും ഇതിന്റെ കാരണങ്ങൾ കണ്ടെത്താൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഡോ. സന്ദീപ് പട്നായിക് കൂട്ടിച്ചേർത്തു.

Tags:    
News Summary - Murasu follows Arnab; two cyclones within a week, what is happening in the Bay of Bengal?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.