സമുദ്രത്തിലെ ചൂട് വർധിക്കുന്നു; ഇന്ത്യയിലെ പവിഴപ്പുറ്റുകൾ കടുത്ത ഭീഷണിയിൽ

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സമുദ്രത്തിലെ താപനില വർധന ഇന്ത്യയിലെ പവിഴപ്പുറ്റുകളുടെ നിലനിൽപ്പിന് കടുത്ത ഭീഷണിയാകുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലെ നാല് പവിഴപ്പുറ്റ് മേഖലകളും ഭാവിയിൽ പൂർണമായ തകർച്ചയുടെ വക്കിലെത്താമെന്നാണ് ആഗോള പഠനത്തിന്റെ മുന്നറിയിപ്പ്.

ഇന്ത്യയിലെ നാല് പവിഴപ്പുറ്റ് പരിസ്ഥിതി മേഖലകളിൽ മൂന്നെണ്ണത്തെ 'ദുർബലമായ അവസ്ഥയിൽ' (Vulnerable) എന്നും തെക്കൻ തീരത്തെ മേഖലയെ 'വംശനാശ ഭീഷണി നേരിടുന്ന അവസ്ഥയിൽ' (Endangered) എന്നുമാണ് പഠനം തരംതിരിച്ചിരിക്കുന്നത്. കഴിഞ്ഞ 50 വർഷത്തെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ നടത്തിയത്. എന്നാൽ വരുംദശകങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കൂടി പരിഗണിക്കുമ്പോൾ നാല് മേഖലകളും 'അതീവ ഗുരുതരമായ വംശനാശ ഭീഷണി' (Critically Endangered) നേരിടുന്ന വിഭാഗത്തിലേക്ക് മാറും.

ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) നടത്തിയ ആദ്യ ആഗോള പവിഴപ്പുറ്റ് വിലയിരുത്തലിന്റെ ഭാഗമായാണ് കണ്ടെത്തലുകൾ പുറത്തുവന്നത്. ലോകത്തെ പവിഴപ്പുറ്റുകളിൽ 96 ശതമാനവും നിലവിൽ അതീവ ഗുരുതരമായ ഭീഷണി നേരിടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയുടെ പഠനത്തിൽ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയും പങ്കാളിയായി.

'കടലിലെ മഴക്കാടുകൾ' എന്നാണ് പവിഴപ്പുറ്റുകൾ അറിയപ്പെടുന്നത്. സമുദ്രത്തിലെ വലിയൊരു ജൈവവൈവിധ്യത്തെ നിലനിർത്തുന്നതിൽ ഇവ നിർണായക പങ്കുവഹിക്കുന്നു. പവിഴപ്പുറ്റുകൾ തകരുന്നത് മത്സ്യങ്ങൾ ഉൾപ്പെടെയുള്ള സമുദ്രജീവികളുടെ വലിയ തോതിലുള്ള നാശത്തിന് കാരണമാകുമെന്നും ഇത് തീരദേശ സമ്പദ്‌വ്യവസ്ഥയെയും ഉപജീവനമാർഗങ്ങളെയും ബാധിക്കുമെന്നും കൊൽക്കത്തയിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ തമൽ മൊണ്ടാൽ പറഞ്ഞു. 18 വർഷമായി ഇന്ത്യയിലെ പവിഴപ്പുറ്റ് മേഖലകളെക്കുറിച്ച് പഠനം നടത്തിവരികയാണ് അദ്ദേഹം.

സമുദ്രത്തിന്റെ അടിത്തട്ടിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് പവിഴപ്പുറ്റുകൾ വ്യാപിച്ചുകിടക്കുന്നത്. എന്നാൽ സമുദ്രത്തിലെ ആകെ മത്സ്യയിനങ്ങളിൽ 25 ശതമാനത്തിനും ഇവ ആവാസവ്യവസ്ഥയൊരുക്കുന്നു. സമുദ്രജീവികൾക്ക് ഭക്ഷണവും സുരക്ഷിതമായ താമസസ്ഥലവും നൽകുന്നതിനൊപ്പം തിരമാലകളിൽനിന്നും കൊടുങ്കാറ്റുകളിൽനിന്നും തീരപ്രദേശങ്ങളെ സംരക്ഷിക്കാനും മത്സ്യബന്ധന മേഖലയെ നിലനിർത്താനും പവിഴപ്പുറ്റുകൾ സഹായിക്കുന്നു

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള സമുദ്രത്തിലെ താപനില വർധനയാണ് ലോകമെമ്പാടുമുള്ള പവിഴപ്പുറ്റുകളുടെ തകർച്ചക്ക് പ്രധാന കാരണമെന്ന് ഐ.യു.സി.എൻ വിലയിരുത്തുന്നു. സമുദ്രത്തിലെ താപനില ഉയരുന്നതും കടുത്ത ചൂട് തരംഗങ്ങളും പവിഴപ്പുറ്റുകളിൽ കൂട്ടത്തോടെ ബ്ലീച്ചിങ് (Coral Bleaching) ഉണ്ടാക്കുന്നു. ഇതോടെ പവിഴപ്പുറ്റുകളുടെ സ്വാഭാവിക നിറം നഷ്ടപ്പെടുകയും അവ കൂട്ടത്തോടെ നശിക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ കൂടുതൽ ആവർത്തിക്കുന്നതും ആശങ്ക വർധിപ്പിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന് പുറമെ അമിതമായ മത്സ്യബന്ധനം, തീരദേശ വികസനം, തുറമുഖ നിർമാണം, കടൽത്തട്ടിലെ ആഴം കൂട്ടൽ, കടൽ നികത്തൽ എന്നിവയും പവിഴപ്പുറ്റുകൾക്ക് ഭീഷണിയാണ്. കരയിൽനിന്ന് കടലിലെത്തുന്ന മലിനജലം, വ്യവസായ മാലിന്യങ്ങൾ, മണ്ണ്, മൈക്രോപ്ലാസ്റ്റിക് എന്നിവയും ഇവയുടെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു. പവിഴപ്പുറ്റുകളെ ബാധിക്കുന്ന രോഗങ്ങളും അവയെ ഭക്ഷണമാക്കുന്ന ക്രൗൺ ഓഫ് തോൺസ് നക്ഷത്രമത്സ്യങ്ങളുടെ അമിതമായ പെരുപ്പവും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ പവിഴപ്പുറ്റുകളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളുടെ കുറവും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. പവിഴപ്പുറ്റുകളുടെ വ്യാപ്തിയിലും ജൈവഘടനയിലും ഉണ്ടാകുന്ന മാറ്റങ്ങൾ സംബന്ധിച്ച് ആവശ്യമായ വിവരങ്ങൾ ലഭ്യമല്ല. അതിനാൽ കൃത്യമായ നിരീക്ഷണ സംവിധാനവും സംരക്ഷണ നടപടികളും അനിവാര്യമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

പവിഴപ്പുറ്റുകളുടെ തകർച്ച സമുദ്രത്തിലെ ജൈവവൈവിധ്യത്തെ മാത്രമല്ല, മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്ന തീരദേശ ജനവിഭാഗങ്ങളുടെ ഉപജീവനത്തെയും ബാധിക്കും. പവിഴപ്പുറ്റുകളെ സംരക്ഷിക്കാൻ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറക്കുക, സമുദ്രത്തിലെ താപനില വർധന തടയുക, സംരക്ഷണ-പുനഃസ്ഥാപന പ്രവർത്തനങ്ങൾ ശക്തമാക്കുക എന്നിവ അടിയന്തരമായി നടപ്പാക്കണമെന്ന് ഐ.യു.സി.എൻ ഡയറക്ടർ ജനറൽ ഗ്രെതെൽ അഗ്വിലാർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Ocean warming increases; India's coral reefs under severe threat.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.