തുലാവർഷവും ചതിച്ചു; ഒക്ടോബറിൽ 12 ശതമാനം മഴക്കുറവ്
മലപ്പുറം: ഒക്ടോബറിൽ കേരളത്തിൽ ലഭിച്ച തുലാവർഷം സാധാരണയേക്കാൾ 12 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. ഒക്ടോബർ ഒന്ന് മുതൽ 31 വരെയുള്ള കണക്കുകൾ പ്രകാരം ഏഴോളം ജില്ലകളിൽ മഴയിൽ കാര്യമായ കുറവുണ്ടായി. ഇക്കാലയളവിൽ സംസ്ഥാനത്ത് ആകെ 269.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടിയിരുന്നത് 306.4 മില്ലിമീറ്റർ മഴയായിരുന്നു.
ഒക്ടോബറിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ച ഏക ജില്ല വയനാടാണ്. വയനാട്ടിൽ സാധാരണ ലഭിക്കേണ്ട 212.7 മില്ലിമീറ്ററിന് പകരം 267.3 മില്ലിമീറ്റർ ലഭിച്ചു. കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 39 ശതമാനം മഴ കുറവാണ് ഉണ്ടായത്.
ഇടുക്കി (26 ശതമാനം), മലപ്പുറം (24 ശതമാനം), തൃശൂർ (23 ശതമാനം), എറണാകുളം (22 ശതമാനം), കണ്ണൂർ (20 ശതമാനം) എന്നിങ്ങനെയാണ് മറ്റു നില ജില്ലകളിലെ കുറവ്. കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ ഒക്ടോബറിൽ ഒട്ടും മഴ ലഭിച്ചിട്ടില്ല. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നവംബർ മൂന്നിന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും നാലിന് കണ്ണൂർ, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.