മഞ്ഞുമരുഭൂമിയിൽ വിരിഞ്ഞ കുങ്കുമപ്പൂക്കൾ

ലേ: മഞ്ഞുമലകളുടെ നാടായ ലഡാക്കിലെ തരിശുഭൂമിയിൽ വിരിഞ്ഞത് പ്രതീക്ഷയുടെ പുതിയ പൂക്കൾ. കൃഷിക്ക് അനുയോജ്യമല്ലെന്ന് കരുതിയിരുന്ന ഭൂമിയിൽ, ലോകത്തിലെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനങ്ങളിലൊന്നായ കുങ്കുമപ്പൂവ് വിരിയിച്ച് ശ്രദ്ധേയമാവുകയാണ് ലഡാക്ക്.

തണുത്ത മരുഭൂമിയിൽ നടത്തിയ പരീക്ഷണത്തിന് ഒരു മാസത്തിനുള്ളിൽ തന്നെ ആദ്യ വിളവ് ലഭിച്ചു.രണ്ട് മാസത്തിനുള്ളിൽ പൂക്കൾ വിരിയുമെന്നാണ് ഭരണകൂടം പ്രതീക്ഷിച്ചിരുന്നത്.എന്നാൽ നട്ട് 30 ദിവസത്തിനുള്ളിൽ തന്നെ ആദ്യ പൂക്കൾ വിരിഞ്ഞു.

ലേയിലെ സ്‌പിതുക് ഫാർകയിൽ ഏകദേശം 4,000 ചതുരശ്രമീറ്റർ സ്ഥലത്താണ് പരീക്ഷണം നടത്തുന്നത്. ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഒക്ടോബർ ഒന്നിന് 800 കിലോഗ്രാം ഭാരമുള്ള ഏകദേശം 90,000 ഇറാനിയൻ കുങ്കുമപ്പൂ കിഴങ്ങുകളാണ് നട്ടത്.

നാല് ദിവസത്തിനിടെ ഏകദേശം 22 ഗ്രാം കുങ്കുമപ്പൂവ് ശേഖരിച്ചതായി അധികൃതർ അറിയിച്ചു. സാധാരണയായി പ്രതിദിനം 20 മുതൽ 25 വരെ പൂക്കളാണ് വിരിഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച  മാത്രം 72 പൂക്കൾ വിരിഞ്ഞു. പരീക്ഷണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഒറ്റദിന കണക്കാണിത്.

ലഡാക്കിന്റെ പ്രതികൂലമായ കാലാവസ്ഥയിലും ഉയർന്ന വിപണിമൂല്യമുള്ള വിളകൾ കൃഷി ചെയ്യാനാകുമെന്ന പ്രതീക്ഷയാണ് പരീക്ഷണം നൽകുന്നതെന്നും വി.കെ. സക്‌സേന വ്യക്തമാക്കി. വാണിജ്യാടിസ്ഥാനത്തിൽ കുങ്കുമപ്പൂ കൃഷി വ്യാപിപ്പിക്കാനായാൽ കർഷകർക്കും പ്രാദേശിക സംരംഭകർക്കും പുതിയ വരുമാന മാർഗങ്ങൾ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.

എന്നാൽ കുങ്കുമപ്പൂ കൃഷി മാത്രമല്ല പദ്ധതിയുടെ ലക്ഷ്യം. നേരത്തെ തരിശും കൃഷിക്ക് അനുയോജ്യമല്ലാത്തതുമായിരുന്ന ഭൂമി ‘ഹിം സരോവർ’ പദ്ധതിയുടെ ഭാഗമായി പുനരുദ്ധരിച്ച ശേഷമാണ് ഇവിടെ കൃഷി ആരംഭിച്ചത്. മഞ്ഞുരുകിയെത്തുന്ന വെള്ളം സംരക്ഷിക്കുകയും ജലലഭ്യത മെച്ചപ്പെടുത്തുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

 പുനരുജ്ജീവിപ്പിച്ച ഇഗൂ-ഫേ ജലസേചന കനാലിലെ അധികജലം തരിശുഭൂമിയിലേക്ക് തിരിച്ചുവിട്ടാണ് മണ്ണിലെ ഈർപ്പം വർധിപ്പിച്ചത്. പ്രതിവർഷം 100 മില്ലിമീറ്ററിൽ താഴെ മാത്രം മഴ ലഭിക്കുന്ന ലഡാക്കിൽ തരിശുഭൂമിയെ കൃഷിയോഗ്യമാക്കുക തന്നെ വലിയ വെല്ലുവിളിയാണ്.അതിനിടെയാണ് കുങ്കുമപ്പൂവിന്റെ ആദ്യ പൂക്കൾ പ്രതീക്ഷകൾക്ക് നിറം പകരുന്നത്.

ഇന്ത്യയിലെ കുങ്കുമപ്പൂ കൃഷിയുടെ പ്രധാന കേന്ദ്രം ജമ്മു കശ്മീരാണ്. രാജ്യത്തെ കുങ്കുമപ്പൂ ഉൽപാദനത്തിന്റെ ഏകദേശം 90 ശതമാനവും ജമ്മു കശ്മീരിലാണെന്നാണ് ലഡാക്ക് ഭരണകൂടത്തിന്റെ കണക്ക്. ഓരോ കുങ്കുമപ്പൂവിൽനിന്നും ലഭിക്കുന്നത് വെറും മൂന്ന് ചുവന്ന സ്റ്റിഗ്മകൾ മാത്രം. ഇവ കൈകൊണ്ട് ശ്രദ്ധാപൂർവം ശേഖരിച്ച് സംസ്‌കരിക്കണം. അതുകൊണ്ടുതന്നെ ഉയർന്ന വില ലഭിക്കുന്നതിനൊപ്പം കുങ്കുമപ്പൂ കൃഷി ഏറെ അധ്വാനം ആവശ്യപ്പെടുന്നതുമാണ്.

ലഡാക്കിൽ കുങ്കുമപ്പൂ കൃഷിയുടെ പരീക്ഷണം ഇതാദ്യമല്ല. 2025 മാർച്ചിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ (CSIR) ശാസ്ത്രജ്ഞർ ലഡാക്കിൽ രണ്ട് വർഷമായി കുങ്കുമപ്പൂ കൃഷിയിൽ പരീക്ഷണം നടത്തിവരുന്നതായി ഭരണകൂടം അറിയിച്ചിരുന്നു. ലേ, കാർഗിൽ മേഖലകളിൽ അനുയോജ്യമായ കൃഷിയിടങ്ങളും പരിശോധിച്ചിരുന്നു.

കർഷകർക്കും സ്വയംസഹായ സംഘങ്ങൾക്കും സംരംഭകർക്കും അധിക വരുമാന മാർഗങ്ങൾ സൃഷ്ടിക്കുന്നതിനായി ലിലിയം, ഗ്ലാഡിയോലസ് തുടങ്ങിയ ഉയർന്ന മൂല്യമുള്ള പൂക്കളുടെ കൃഷിയിലും ലഡാക്ക് പരീക്ഷണം നടത്തിയിട്ടുണ്ട്.

Tags:    
News Summary - Saffron flowers that blossomed in the snow desert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.