കാലാവസ്ഥ വകുപ്പ് പങ്കുവെച്ച ചിത്രം

ആൻഡമാൻ കടലിൽ ന്യൂനമർദ്ദം; നവംബർ ഒന്ന് മുതൽ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കൊച്ചി: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ തിരിച്ചെത്തുന്നു. ആൻഡമാൻ കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദ്ദമാണ് മഴ തിരിച്ചെത്താനുള്ള പ്രധാന കാരണം. കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ് പ്രകാരം നവംബർ ഒന്ന് മുതൽ മൂന്ന് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തെക്കൻ ആൻഡമാൻ കടലിനും സമീപത്തെ ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും മുകളിലുമായാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ഒക്ടോബർ 31-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും സമീപത്തെ ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ആൻഡമാൻ കടലിനും മുകളിലായി തീവ്ര ന്യൂനമർദമായി (Depression) ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് അടുത്ത രണ്ട് ദിവസങ്ങളിൽ ആന്ധ്രാപ്രദേശ് തീരം ലക്ഷ്യമാക്കി നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കൂടാതെ, അതിശക്തമായ ചുഴലിക്കാറ്റായ 'അർണബി'ന്റെ ശേഷിപ്പ് വടക്കൻ ഛത്തീസ്ഗഢിനും സമീപത്തെ കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ന്യൂനമർദമായി സ്ഥിതിചെയ്യുന്നുണ്ട്.

മഴ കൂടാതെ ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥ വകുപ്പ് പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണം. കൂടാതെ, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുകയും ചെയ്യണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. എന്നാൽ, മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കണമെന്നും കാലാവസ്ഥ വകുപ്പ് പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. 

Tags:    
News Summary - Kerala Weather Update: Heavy Rain and Strong Winds Predicted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.