ലക്ഷദ്വീപ് 

വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപ്, റാബീസ് ഫ്രീസോൺ;ഇവിടെ പാമ്പിനെയോ നായകളെയോ കാണാൻ കഴിയില്ല

 

ലക്ഷദ്വീപിലെ തിളങ്ങുന്ന മണൽത്തീരങ്ങളും പച്ചക്കടലും പവിഴപ്പുറ്റുകളും ഭൂപ്രകൃതിയുമെല്ലാം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ്. എന്നാൽ ലക്ഷദ്വീപിലേക്ക് വിനോദയാത്ര പോകുന്നവർക്ക് നായകളെയോ പാമ്പുകളെയോ ഒപ്പം കൂട്ടാൻ പറ്റില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സംഗതി സത്യമാണ്.

കേരളത്തിൽ പാമ്പുകടിയേറ്റും പേവിഷബാധയേറ്റും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും ലക്ഷദ്വീപിൽ ഇത്തരം സംഭവങ്ങൾ നമ്മൾ കേട്ട് കാണില്ല.

അവിടെ ചെന്നാൽ നിങ്ങൾക്ക് തെരുവ് നായ്ക്കളേയോ വളർത്തുനായ്ക്കളെയോ കാണാൻ കഴിയില്ല. നായ്ക്കളെ ഇവിടെ വളർത്താനോ കൊണ്ടുവരാനോ അനുവാദവുമില്ല. വിനോദസഞ്ചാരികൾക്ക് പോലും അവരുടെ ഓമനമൃഗത്തെ കൊണ്ടുവരുന്നതടക്കം ഇവിടത്തെ ഭരണകൂടം പൂർണമായും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ പാമ്പിനെ കാണപ്പെടാത്ത ഏക സംസ്ഥാനമാണ് ലക്ഷദ്വീപ്. ഇവിടെ ജന്തുജാലങ്ങളുടെ പട്ടികയിലും പാമ്പിനെ കാണാൻ കഴിയില്ല. ദ്വീപുകളുടെ ഒറ്റപ്പെടലും സ്വാഭാവിക സാഹചര്യങ്ങളുമാണ് ഇതിന് കാരണം.

ഇന്ത്യയിലെ മറ്റെതൊരു പ്രദേശത്തെക്കാളും വളരെ വ്യത്യസ്തമാർന്ന ഭൂപ്രകൃതിയാണ് ലക്ഷദ്വീപിനുളളത്. 36 ദ്വീപുകളുടെ കൂട്ടമായ ഈ ദ്വീപ് സമൂഹം ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശം കൂടിയാണ്. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം എന്നതിലുപരി വളരെയധികം സംരക്ഷിക്കപ്പെടുന്ന പരിസ്ഥിതി സങ്കേതം കൂടിയാണിത്. വളർത്തുമൃഗങ്ങളും വന്യജീവികളും കൂടുതലായി കാണപ്പെടുന്നുവെങ്കിലും നായകളും പാമ്പുകളും ഇവിടെ കാണപ്പെടാറില്ല.

ലക്ഷദ്വീപുകളിലെ ആവാസവ്യവസ്ഥ സൂക്ഷമവും ദുർബലവും ആണ്. ദ്വീപിലെ സസ്യജന്തുജാലങ്ങളെ കുറിച്ചുളള പഠനങ്ങൾ അനുസരിച്ച് ദ്വീപുകളിൽ സ്വാഭാവികമായി പാമ്പുകളെയും നായകളെയും കാണപ്പെടാറില്ല. അതിനാൽ ഇത്തരം ജീവികളെ കൊണ്ടുവരുന്നത് ദ്വീപിന്‍റെ സൂക്ഷ്മമായ ആവാസവ്യവസ്ഥ തകരാൻ ഇടയാക്കും.

നായ്ക്കളിൽ കാണപ്പെടുന്ന റാബീസ് പോലുള്ള മൃഗജന്യരോഗങ്ങൾ ദ്വീപിലെ പരിസ്ഥിതിയെയും പ്രാദേശിക ജീവജാലങ്ങളെയും മനുഷ്യരെയും ബാധിക്കാൻ സാധ്യതയുണ്ട്. അതിനാലാണ് നായ്ക്കളെ ഇവിടെ നിരോധിച്ചിരിക്കുന്നത്. സന്ദർശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനുമാണ് ഇത്തരത്തിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ പേവിഷ ബാധയില്ലാത്ത ഏക കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്. നായ്ക്കളുടെ സമ്പൂർണ നിരോധനം മൂലം റാബീസ് മുക്ത പ്രദേശം കൂടിയാണിവിടം. ലോകാരോഗ്യ സംഘടന റാബീസ് ഫ്രീസോൺ ആയി നേരത്തെ തന്നെ ലക്ഷദ്വീപിനെ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Tourists Can’t Bring Dogs or Snakes to Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.