ആ​ല​പ്പു​ഴ പോ​ർ​ട്ട്​ മ്യൂ​സി​യ​ത്തി​ലെ മി​യാ​വാ​ക്കി വ​നം

ആലപ്പുഴയുടെ കടലോരത്ത് ചെറുവനം; തഴച്ചുവളർന്ന് 'മിയാവാക്കി'

ആലപ്പുഴ: കടലിനോട് കിന്നാരം പറഞ്ഞും കടൽ കാറ്റേറ്റും അതിവേഗമാണ് ആലപ്പുഴയിലെ കടലോരത്ത് കാട് വളർന്നത്. കാടില്ലാത്ത ആലപ്പുഴയുടെ പേരുദോഷം മാറ്റിയാണ്, പോർട്ട് മ്യൂസിയത്തിലെ 'ചെറുവനം' തഴച്ചുവളരുന്നതെന്ന് പലർക്കുമറിയില്ല.

ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി ഒരുക്കിയ 'മിയാവാക്കി' വനവത്കരണത്തിന്‍റെ ഭാഗമായാണ് ഈ സ്വാഭാവിക വനവത്കരണം. വനമായി മാറാൻ മൂന്നുവർഷത്തെ സമയമാണ് വേണ്ടത്. എന്നാൽ, ഒരുവർഷവും നാലുമാസവും പിന്നിട്ടപ്പോൾ തന്നെ കാടിന്‍റെ തനിമ ചോർന്നുപോകാതെ 18 അടിയിലേറെ ഉയരമുള്ള വൃക്ഷങ്ങളായി. പോർട്ട് മ്യൂസിയത്തിനും ഉപ്പൂറ്റി കനാലിനുമിടയിൽ 10 ഏക്കറിലെ 20 സെന്‍റിലാണ് കാടൊരുക്കുന്നത്. മൂന്നുവർഷംവരെ ചെടികൾക്ക് സംരക്ഷണം നൽകണം. ശേഷം പരിചരണം ആവശ്യമില്ല. പിന്നീട് പലതും 15 വർഷത്തെ വളർച്ചാഫലം ഉണ്ടാകുമെന്നതാണ് പ്രത്യേകത. നഗരങ്ങളിലും സ്വാഭാവിക വനമാതൃകകൾ തീർക്കുകയെന്ന ലക്ഷ്യത്തിൽ കെ-ഡിസ്ക് (കേരള ഡെവലപ്മെന്‍റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റെജിക് കൗൺസിൽ) ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മിയാവാക്കി വനമാതൃകകൾ തീർക്കുന്നത്.

120 ഇനങ്ങളിൽപ്പെട്ട 3,200 വൃക്ഷങ്ങൾ ഇടകലർത്തിയാണ് നട്ടത്. കാട്ടുമരങ്ങൾ, ഔഷധഗുണമുള്ളതും ഫലവൃക്ഷങ്ങളുമായ മരങ്ങൾ, കുറ്റിച്ചെടികൾ, അടിക്കാട്, പൂവരശ്, പുന്ന, കുടംപുളി, മാവ്, അശോകം, പ്ലാവ്, ആൽ, പേര, മഹാഗണി, ജാതി, ആറ്റുവഞ്ചി എന്നിവയടക്കമുള്ളവയാണ് വനത്തിലെ പ്രധാനവൃക്ഷങ്ങൾ. നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ, ഇൻവിസ് മൾട്ടിമീഡിയ, കൾചർ ഷോപ്പി എന്നിവയുടെ മേൽനോട്ടത്തിലാണ് പരിചരണം. തൊട്ടുചേർന്ന് നിൽക്കുന്ന മരങ്ങൾക്ക് തണൽകിട്ടാതിരിക്കാൻ ശിഖരങ്ങൾ വെട്ടിമാറ്റുന്ന 'പ്രൂണിങ്' രീതിയിലാണ് മരങ്ങൾ വളർത്തുന്നതെന്ന് മിയാവാക്കി വനവത്കരണം കോഓഡിനേറ്റർ ഷാഹിന 'മാധ്യമ'ത്തോട് പറഞ്ഞു. 20സെന്‍റ് സ്ഥലത്തെ വനവത്കരണത്തിന് 36 ലക്ഷത്തോളം രൂപയാണ് ചെലവായത്.

ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞൻ ഡോ. അക്കിര മിയവാക്കി അരനൂറ്റാണ്ട് മുമ്പ് വികസിപ്പിച്ചെടുത്ത വനവത്കരണരീതിയിൽ 2020 നവംബർ മൂന്നിനാണ് പോർട്ട് മ്യൂസിയത്തിൽ ചെടികൾ നട്ടത്. ഒരു ചതുരശ്ര മീറ്ററിൽ എല്ലാവളങ്ങളും ചേർത്താണ് നടീൽ ആരംഭിച്ചത്. പൂർണമായും ജൈവപരിപാലനം. ദിവസവും മുടങ്ങാതെ വെള്ളം നനക്കണം.

തുടക്കത്തിൽ ചെടിവളരാൻ ഇടക്കുള്ള കളയും പുല്ലുമൊക്കെ പറിച്ച് സംരക്ഷണമൊരുക്കുന്നു. പിന്നീട് മാസത്തിൽ ഒരുതവണ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തും. നിലവിൽ പന്തലിച്ചുനിൽക്കുന്ന വനത്തിൽ ഉയർന്ന മരങ്ങളുണ്ട്. മൂന്നുവർഷത്തിൽ സ്വാഭാവികവനമായി മാറുന്ന പ്രക്രിയക്ക് തടസ്സമായി രണ്ടുദുരന്തത്തെയും നേരിട്ട വനമാണിത്.

കനാലിൽനിന്നുള്ള ഉറവയായിരുന്നു പ്രധാനപ്രശ്നം. സമീപത്തെ വലിയമരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞുവീണത് മറ്റൊന്ന്. ഇതെല്ലാം പരിഹരിച്ചാണ് ഇപ്പോഴത്തെ മുന്നേറ്റം. മരങ്ങൾ നശിക്കാതിരിക്കാനും ആളുകൾ കയറുന്നത് ഒഴിവാക്കാനും വലിയചുറ്റുമതിലും തീർത്തിട്ടുണ്ട്.

Tags:    
News Summary - Today is World Forest Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.