മുൻകൂർ പാരിസ്ഥിതിക അനുമതിയില്ലാത്ത പദ്ധതികൾ നിയമവിധേയമാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; വിധി ശ്രദ്ധേയം, പഴുതുകൾ അടക്കണമെന്ന് വിദഗ്ധർ

ന്യൂഡൽഹി: മുൻകൂർ പാരിസ്ഥിതിക അനുമതിയില്ലാതെ ആരംഭിച്ച പദ്ധതികൾ പിന്നീട് നിയമവിധേയമാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. നിയമത്തെ അറിഞ്ഞുകൊണ്ട് അവഗണിച്ച നിയമലംഘകരെ സംരക്ഷിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. 2021 ജൂലൈയിലും 2022 ജനുവരിയിലും പുറപ്പെടുവിച്ച രണ്ട് സർക്കാർ ഓഫിസ് മെമ്മോറാണ്ടങ്ങൾ ചോദ്യം ചെയ്ത് എൻ.ജി.ഒ ആയ വനശക്തി സമർപിച്ച ഹരജിക്കുള്ള മറുപടിയായാണ് വിധി.

എന്നാൽ, മുൻകാല പാരിസ്ഥിതിക അനുമതികൾ നൽകുന്നതിൽ നിന്ന് സർക്കാറിനെ വിലക്കുന്നതാണ് ഈ സുപ്രധാന വിധിയെങ്കിലും ഇതിൽ പഴുതുകൾ ഇപ്പോഴും നിലനിൽക്കുന്നുവെന്ന് ബന്ധപ്പെട്ട വിദഗ്ധർ ചൂണ്ടിക്കാണിച്ചു. വിധിയെ സ്വാഗതം ചെയ്തെങ്കിലും ഇത് നടപ്പാക്കുന്ന കാര്യത്തിലെ ആ​ശങ്കകളും അവർ പങ്കുവെച്ചു.

2006ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ) വിജ്ഞാപനം പ്രകാരം മുൻകൂർ അനുമതിയില്ലാതെ പ്രവർത്തനം ആരംഭിച്ച പദ്ധതികൾക്ക് കേന്ദ്രം പാരിസ്ഥിതിക അനുമതി നൽകുന്നതിനുള്ള സംവിധാനം സൃഷ്ടിച്ചിരുന്നു. എന്നാൽ, സർക്കാറിന് നിയമലംഘകർക്ക് സുരക്ഷിതമായ ഒരു താവളമൊരുക്കാൻ ശ്രമിക്കാനാവില്ലെന്ന് വിധിയിൽ വ്യക്തമായി പറയുന്നു. അതിനാൽത​ന്നെ നമ്മുടെ ഭരണഘടനാ ചട്ടക്കൂട് ഒരു തരത്തിലും ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട് എന്ന് വനശക്തി ഡയറക്ടർ സ്റ്റാലിൻ പ്രതികരിച്ചു.

വളരെ പ്രസക്തമായ ഒരു കാര്യം ഇത് ലംഘിച്ച ആളുകൾ നിരക്ഷരരല്ല എന്നതാണ്. അവർ വിദ്യാസമ്പന്നരും, നല്ല ബന്ധമുള്ളവരും തങ്ങൾ ഒരു നിയമലംഘനത്തിൽ ഏർപ്പെടുന്നുണ്ടെന്ന് അറിയാവുന്ന സമ്പന്നരുമാണ്. അത് നിർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് ഒരു നല്ല ഉത്തരവാണെങ്കിലും പരിസ്ഥിതി മന്ത്രാലയത്തിന്റെയും പദ്ധതി വക്താക്കളുടെയും ചരിത്രം അറിയാവുന്നതിനാൽ അവർ ഒരു വഴി കണ്ടെത്തുമെന്ന് വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥയായ പ്രകൃതി ശ്രീവാസ്തവ പറഞ്ഞു. ‘പോസ്റ്റ്-ഫാക്റ്റോ അംഗീകാരങ്ങൾ അർത്ഥമാക്കുന്നത് അനുമതി നൽകുന്നതിന് മുമ്പുതന്നെ നാശനഷ്ടങ്ങൾ സംഭവിച്ചു എന്നാണ്. ഇവ ഇനിയും തുടരുമോ? സുപ്രീംകോടതി ഉത്തരവുകൾ മന്ത്രാലയം അനുസരിക്കുമോ? നമുക്ക് കാത്തിരുന്ന് കാണാം. അവർ സുപ്രീംകോടതി ഉത്തരവുകൾ മറികടക്കാൻ കൈക്കൂലി കൊടുക്കുകയും അവ അവഗണിക്കുകയും ചെയ്തേക്കാം’- ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

തീരുമാനം സ്വാഗതാർഹമാണ്. പക്ഷേ, നേരത്തെ വരേണ്ടതായിരുന്നുവെന്ന് ഡാമുകൾ, നദികൾ, ആളുകൾ എന്നിവയെക്കുറിച്ചുള്ള ദക്ഷിണേഷ്യൻ ശൃംഖലയുടെ കോർഡിനേറ്റർ ഹിമാൻഷു തക്കർ പറഞ്ഞു. എനാൽ, വിധി നടപ്പാക്കലിനെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം ഉന്നയിച്ചു.

‘ഇത് സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിശ്വസനീയമായ നിരീക്ഷണ സംവിധാനം എവിടെയുണ്ട്? നിയമത്തെ മറികടക്കുന്ന സംഭവവും നടക്കുന്നു. ഉദാഹരണത്തിന്, പരിസ്ഥിതി അനുമതി ഇല്ലെങ്കിൽ പോലും ഭൂമി ഏറ്റെടുക്കൽ അനുവദനീയമാണ്. നിങ്ങൾ ഇതിനകം ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയാണ്. ആളുകളെ മാറ്റിപ്പാർപ്പികുകയും പദ്ധതി യാഥാർത്ഥ്യമാകുകയും ചെയ്യും’ -തക്കർ പറഞ്ഞു.

അതിനാൽ പരിസ്ഥിതി അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കാൻ കഴിയില്ല എന്ന കടുത്ത നിബന്ധനകൾ സുപ്രീംകോടതി മുന്നോട്ട് വെക്കേണ്ടതുണ്ട്. കാരണം ഒരിക്കൽ ഭൂമി ഏറ്റെടുത്താൽ നിങ്ങൾക്ക് ഭൂമിയുടെ അവകാശം ലഭിക്കും. നിങ്ങൾക്ക് അത് ഉപയോഗിച്ച് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയും. ഇത് വീണ്ടും തിരിച്ചെടുക്കാനാവാത്ത അവസ്ഥയിലേക്കുള്ള നീക്കമാണ്.  ഇത്തരത്തിലുള്ള പഴുതുകൾ ഇപ്പോഴും അവിടെത്തന്നെയുണ്ട് - അദ്ദേഹം പറഞ്ഞു.

മുൻകൂർ പാരിസ്ഥിതിക അനുമതി നൽകുന്നത് ഈ മുഴുവൻ ചട്ടക്കൂടിനെയും ദുർബലപ്പെടുത്തും. ഇത് പദ്ധതികൾക്ക് കൃത്യമായ ജാഗ്രതയും നിയമപരമായ പരിശോധനയും മറികടക്കാൻ അനുവദിക്കുന്നു. ഇത് സുസ്ഥിരമല്ലാത്തതും മോശം ആസൂത്രണമുള്ളതുമായ വികസനങ്ങൾക്ക് വഴി തുറക്കുന്നു. പലപ്പോഴും പാരിസ്ഥിതികമായി സെൻസിറ്റീവ് ആയ പ്രദേശങ്ങളിൽ വരുന്ന പദ്ധതികൾ ഒരിക്കലും പരിശോധനക്ക് വിധേയമാകില്ല. ഇത് അപകടകരമായ ഒരു മാതൃക സൃഷ്ടിക്കുക മാത്രമല്ല പിൻവാതിൽ അനുമതികളിലൂടെ നിയമവിരുദ്ധ നിർമാണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു’- അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ‘They give two hoots for Supreme Court’: Green clearances order prompts cheer and fears in experts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.