സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകിയത് കോർപ്പറേഷൻ അറിയാതെയെന്ന് മേയർ

കൊച്ചി : ബ്രഹ്മപുരം ബയോമൈനിങിൽ സോണ്ട ഇൻഫ്രാടെക്ക് ഉപകരാർ നൽകിയത് കൊച്ചി കോർപ്പറേഷൻ അറിയാതെയാണെന്ന് മേയർ എം.അനിൽകുമാർ. എന്നാൽ, ഇതിൽ ഉടൻ നടപടിയെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബയോമൈനിംഗിൽ ഉപകരാർ എടുത്ത കൊച്ചി സ്വദേശി വെങ്കിട്ട് ഒരു ബിൽ പാസാകാനായി തന്നെ വന്ന് കണ്ടുവെന്നും മേയർ സമ്മതിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി.

കെ.എസ്.ഐ.ഡി.സി വഴി വന്ന കരാർ ആയതിനാൽ കോർപ്പറേഷന് ഉടൻ നടപടിയിലേക്ക് കടക്കാനാകില്ലെന്നാണ് മേയർ നൽകുന്ന വിശദീകരണം. ബ്രഹ്മപുരം വിഷയത്തിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ കൗണ്‍സിൽ യോഗം അലങ്കോലപ്പെട്ടു. മേയർ യോഗത്തിൽ അധ്യക്ഷത വഹിക്കരുതെന്നാണ് പ്രധാന ആവശ്യം. അവിശ്വാസ പ്രമേയത്തിനും യു.ഡി.എഫ് നോട്ടീസ് നൽകി. പ്രതിപക്ഷ നീക്കത്തിൽ ആശങ്കയില്ലെന്ന് മേയർ പറഞ്ഞു. കോർപ്പറേഷന് പുറത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നേതൃത്വം നൽകി.

54 കോടി രൂപക്കാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ ബയോമൈനിങിനുള്ള കരാർ സോണ്ട ഇൻഫ്രടെകിന് ലഭിച്ചത്. എന്നാൽ ബയോമൈനിങ് സോണ്ട നേരിട്ടല്ല നടത്തുന്നത് എന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവരുന്നത്. 2021 നവംബറിൽ ആരഷ് മീനാക്ഷി എൻവയറോകെയർ എന്ന സ്ഥാപനത്തിന് ബ്രഹ്മപുരത്തെ ബയോമൈനിങിനുള്ള ഉപകരാർ സോണ്ട നൽകിയതിന്റെ രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. 22 കോടി രൂപക്കായിരുന്നു കരാർ.

ബയോമൈനിങിൽ സോണ്ടക്ക് മുൻപരിചയമില്ലെന്ന് നേരത്തെ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഉപകരാർ ലഭിച്ച സ്ഥാപനത്തിനും ബയോമൈനിങിൽ പ്രവൃത്തി പരിചയമില്ല. വിഷയത്തിൽ ഗൂഢാലോചന നടന്നതായി കൊച്ചി മുൻ മേയർ ടോണി ചമ്മിണി ആരോപിച്ചിരുന്നു. ഉപകരാർ നേടിയത് കൊച്ചിയിൽ പുസ്തക കച്ചവടം നടത്തുന്ന ആളാണെന്നാണ് ടോണി ചമ്മിണിയുടെ ആരോപണം. മേയർ എം.അനിൽകുമാർ താനൊന്നും അറിഞ്ഞില്ലെന്നാണ് ഇപ്പോൾ പറയുന്നത്.

Tags:    
News Summary - The mayor said that the corporation had given the subcontract to Sonda Infratech without their knowledge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.