ചൂട് ഇനിയും കൂടും; നിർമാണങ്ങളിൽ കരുതൽ വേണമെന്ന് വിദഗ്ധർ

തൊടുപുഴ: കേരളത്തിൽ ചൂട് നാൾക്കുനാൾ വർധിക്കുന്ന സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങളിലും ഭൂമിയുടെ വിനിയോഗത്തിലും ഗൗരവതരമായ കരുതൽ വേണമെന്ന് വിദഗ്ധർ. സംസ്ഥാനത്തെ ആറ് ജില്ലകളിൽ അടുത്തിടെയുണ്ടായ വർധിച്ച ചൂട് ശക്തമായ മുന്നറിയിപ്പാണെന്നാണ് വിലയിരുത്തൽ. വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ സമാന്തരമായി അന്തരീക്ഷത്തിലെ ചൂട് കുറക്കാനുള്ള മാർഗങ്ങളും ഉറപ്പാക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലെത്തുന്നതും അശാസ്ത്രീയമായ ഭൂവിനിയോഗവും പരിസ്ഥിതിക്ക് യോജിക്കാത്ത നിർമാണ പ്രവർത്തനങ്ങളുമാണ് കേരളത്തിൽ ചൂട് വർധിക്കാനുള്ള പ്രധാന കാരണങ്ങളെന്ന് കാലാവസ്ഥ വ്യതിയാന പഠന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഡി. ശിവാനന്ദ പൈ പറയുന്നു. കൃഷിക്കും നിർമാണങ്ങൾക്കുമായി കാടുകൾ വെട്ടിമാറ്റുന്നതും വനം വെട്ടിത്തെളിക്കുന്നതും ചൂട് കൂടാൻ കാരണമാകുന്നു. കോൺക്രീറ്റ് കെട്ടിടങ്ങളുടെ ആധിക്യവും വെള്ളം മണ്ണിലിറങ്ങാത്ത രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങളും ആധുനിക റോഡുകളുടെ നിർമാണ ശൈലിയും എയർ കണ്ടീഷണറുകളുടെയും സി.എഫ്.എൽ ബൾബുകളുടെയും ആധിക്യവുമെല്ലാം അന്തരീക്ഷത്തിൽ ചൂട് വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

റോഡ് നിർമിക്കുമ്പോൾ ഇരുവശങ്ങളിലും മരങ്ങൾ വെച്ച് പിടിപ്പിക്കുക എന്നത് ചൂടിനെ പ്രതിരോധിക്കാനുള്ള ഫലപ്രമായ മാർഗങ്ങളിലൊന്നാണെന്നും ഡോ. ശിവാനന്ദ പൈ പറഞ്ഞു. ചൂട് കൂടിയ നാളുകളാണ് ഇനിയും കേരളത്തെ കാത്തിരിക്കുന്നത്. എന്നാൽ, ചൂട് എത്രമാത്രം വർധിക്കുമെന്നത് ഭൂവിനിയോഗത്തിലും നിർമാണ മേഖലയിലും കേരളം അവലംബിക്കുന്ന രീതികളെ ആശ്രയിച്ചിരിക്കും. കഴിഞ്ഞ 122 വർഷത്തിനിടെ കേരളത്തിന്‍റെ കാലാവസ്ഥയിലുണ്ടായ മാറ്റം, ഇത് വിവിധ മേഖലകളിലുണ്ടാക്കിയ ആഘാതം, വരും നാളുകളിൽ കാലാവസ്ഥ വ്യതിയാനം കേരളത്തിന് ഉയർത്തുന്ന വെല്ലുവിളി എന്നിവ സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ വിദശമായ പഠന റിപ്പോർട്ട് ഉടൻ പുറത്തിറക്കും.

Tags:    
News Summary - The heat is still high; Experts say reserves are needed in construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.