അഡ്വ. രതീഷ് ഗോപാലൻ
പാലക്കാട്: നഗരത്തിൽ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കുളങ്ങളുടെ സംരക്ഷണത്തിന് ഒറ്റയാൾ പോരാട്ടവുമായി ഒരാൾ. കുളങ്ങൾ നികത്തുന്നതിനെതിരെ നിയമപോരാട്ടമാണ് പാലക്കാട് സിവിൽ സ്റ്റേഷന് പുറകിൽ കല്ലേക്കാട് പാർവതി വിഹാറിൽ രതീഷ് ഗോപാലൻ (43) നടത്തുന്നത്. പാലക്കാട് നഗരസഭ പരിധിയിൽ മാത്രം 924 കുളങ്ങളാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ, ഇതിൽ പലതും പിന്നീട് നികത്തപ്പെട്ടതായി രതീഷ് പറയുന്നു. കുളങ്ങൾ നികത്തുന്നത് രൂക്ഷമായ ജലക്ഷാമത്തിന് ഇടയാക്കുമെന്നും ഇതിനെതിരെ ജനങ്ങൾക്ക് ബോധവത്കരണം നൽകി കുളങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും രതീഷ് പറഞ്ഞു. ചെറുപ്പം മുതൽ പരിസ്ഥിതി വിഷയത്തിൽ താൽപര്യമുണ്ടായിരുന്ന രതീഷ് ഗോപാലൻ 2020 മുതലാണ് കുള സംരക്ഷണം മുൻനിർത്തി നിയമപോരാട്ടം തുടങ്ങിയത്.
കേരള പഞ്ചായത്തീരാജ് നിയമം, ഭൂപരിഷ്കരണ നിയമം എന്നിവ പ്രകാരം സ്വകാര്യ വ്യക്തികളുടെ കുളങ്ങളാണെങ്കിലും അവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്വത്താണ്. വ്യക്തിപരമായി സ്വകാര്യ വ്യക്തികൾക്ക് കുളങ്ങളിൽ അവകാശമില്ല. കുളം നികത്താനും പരിവർത്തനം നടത്താനുമെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണം. കൃഷി കുറഞ്ഞതോടെ കുളങ്ങളിൽനിന്നുള്ള വെള്ളം ഉപയോഗിക്കുന്നില്ലെന്നും മാലിന്യം നിറഞ്ഞും കൊതുകുകൾ പെരുകിയും രോഗങ്ങൾ പടരുന്നുവെന്നുമെല്ലാം കാരണങ്ങൾ നിരത്തിയാണ് മിക്കവരും കുളം നികത്തുന്നത്. എന്നാൽ, ഇവ നവീകരിക്കാനുള്ള ശ്രമങ്ങൾ നടത്താറില്ല. തദ്ദേശസ്ഥാപനങ്ങളും അധികാരം വിനിയോഗിക്കാറില്ല.
ജില്ലയിൽ നിലവിൽ എത്ര കുളങ്ങളുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങളിൽ കണക്കില്ലാത്തതിനാൽ പലതും നികത്തുന്നത് ആരും അറിയാറില്ല. നഗരത്തിലെ ഏറ്റവും വലിയ കുളമായ വടക്കന്തറയിലെ ഗൗഡർ കുളം നാശത്തിന്റെ വക്കിലാണ്. കുളം നികത്താനുള്ള നീക്കത്തിനെതിരെ രതീഷ് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കുറച്ചു വർഷം മുമ്പ് കുന്നത്തൂർമേടിലെ പാറക്കുളം നികത്താനുള്ള നീക്കത്തിനെതിരെയും കേസ് നൽകിയിരുന്നു. കുളം തരംമാറ്റുന്നത് തടയാൻ കഴിഞ്ഞതിന്റെ സന്തോഷമുണ്ട് രതീഷിന്. നിലവിൽ പാറക്കുളം നികത്തുന്നതുമായി ബന്ധപ്പെട്ട് രണ്ടും ഗൗഡർ കുളം, ഡി.പി.ഒ റോഡിലെ മൈത്രി നഗറിലെ ഒന്ന് വീതം കുളങ്ങളും നികത്തുന്നതുമായി ബന്ധപ്പെട്ട് നാല് കേസുകൾ പാലക്കാട് മുൻസിഫ് കോടതിയിൽ രതീഷ് ഗോപാലൻ ഫയൽ ചെയ്തിട്ടുണ്ട്. വീട്ടമ്മയായ ഭാര്യ നിമ്മി രതീഷിന് പൂർണ പിന്തുണ നൽകുന്നു. മക്കൾ: ശൈല ദീക്ഷാന്ത, ശൈല സ്വരാഷ്ട്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.