അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്ത് സ്ഥിരമായ കടലാക്രമണ ഭീക്ഷണി നേരിടുന്ന തീരദേശ മേഖലയിൽ വൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാനുള്ള ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
ബഹിരാകാശ വ്യവസായത്തിന്റെ വളർച്ചക്ക് പുതിയ അധ്യായം തുറക്കാൻ കഴിയുന്ന പദ്ധതിയാണെങ്കിലും ആയിരക്കണക്കിന് റോക്കറ്റ് വിക്ഷേപണങ്ങൾ നടക്കാൻ സാധ്യതയുള്ള കേന്ദ്രം പ്രദേശത്തെ ദുർബലമായ തണ്ണീർത്തടങ്ങൾ, ദേശാടനപ്പക്ഷികളുടെ ആവാസവ്യവസ്ഥ, ജലവ്യവസ്ഥ എന്നിവക്ക് ഗുരുതരമായ ആഘാതമുണ്ടാക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്
ലൂസിയാനയിലെ വെർമിലിയൻ പാരിഷ് ലെ ഏകദേശം 1.30 ലക്ഷം ഏക്കർ തീരദേശ ഭൂമി സ്‌പേസ് എക്‌സ്ന്റെ നിയന്ത്രണത്തിലാക്കുന്നതിനുള്ള കരാർ അന്തിമഘട്ടത്തിലാണ്.കരാർ യാഥാർഥ്യമായാൽ പീക്കൻ ഐലൻഡിലെ ഏകദേശം 18 മൈൽ നീളമുള്ള ഭൂമിയിൽ സ്‌പേസ് എക്‌സ്ന് റോക്കറ്റ് വിക്ഷേപണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാകും. പുതിയ സ്റ്റാർഷിപ്പ് മെഗാ റോക്കറ്റിന്റെ കൂടുതൽ പരീക്ഷണങ്ങളും വിക്ഷേപണങ്ങളും നടത്തുന്നതിനാണ് പ്രധാനമായും ഈ കേന്ദ്രം ലക്ഷ്യമിടുന്നത്.
സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്ന പ്രദേശത്തിന്റെ വിസ്തൃതി വളരെ വലുതാണ്. അമേരിക്കൻ തലസ്ഥാനത്തിനെക്കാൾ വിസ്തൃതിയുളള പ്രദേശമാണ് പീക്കൻ ഐലൻഡ്. വളരെ താഴ്ന്നതും നൂറിൽ താഴെ മാത്രം ജനസംഖ്യയുളള പ്രദേശവും എന്നാൽ പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുളളതുമാണ്.
കടലിനും തണ്ണീർത്തടത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇതിനകം കടലാക്രമണ ഭീക്ഷണി, ഭൂമി താഴ്ന്നുപോകൽ, ശക്തമായ കൊടുങ്കാറ്റുകൾ, സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയ പ്രതിസന്ധികൾ നേരിടുകയാണ്. ഇത്തരം ഒരു പ്രദേശത്ത് വലിയ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നത് പരിസ്ഥിതിയുടെ സ്വാഭാവിക സന്തുലിതാവസ്ഥയെ കൂടുതൽ ദുർബലമാക്കുമെന്നാണ് വിമർശകരുടെ വാദം.
പദ്ധതിക്കെതിരായ പ്രധാന പരിസ്ഥിതി ആശങ്കകളിലൊന്ന് ദേശാടനപ്പക്ഷികളുടെ ആവാസവ്യവസ്ഥ സംബന്ധിച്ചുളളത്. വടക്കേ അമേരിക്കയിൽ നിന്ന് തെക്കേ അമേരിക്കയിലേക്കും തിരിച്ചുമുള്ള കാലാവസ്ഥക്കനുസരിച്ച് യാത്രകൾ നടത്തുന്ന പക്ഷികളുടെ പ്രധാന കുടിയേറ്റപാതയാണ് മിസിസിപ്പി ഫ്ലൈവേ.
ഓരോ വർഷവും കോടിക്കണക്കിന് പക്ഷികളാണ് ഈ പാതയിലൂടെ സഞ്ചരിക്കുന്നത്. ഐലൻഡ് ഇത്തരം പക്ഷികൾക്ക് യാത്രക്കിടെ വിശ്രമിക്കാനും ഭക്ഷണം കണ്ടെത്താനുമുളള പ്രധാന ഇടത്താവളമാണ്. സ്നോ ഗേസ്, ഹൂപ്പിംഗ് ക്രെയിനുകൾ തുടങ്ങിയ പക്ഷികൾ ഉൾപ്പെടെ വടക്കേ അമേരിക്കയിലെ ഏകദേശം 40 ശതമാനം ജലപക്ഷികളും ഈ പ്രദേശത്തെ ആശ്രയിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
റോക്കറ്റ് വിക്ഷേപണങ്ങളുടെ ശബ്ദം, പ്രകാശം, വാഹനഗതാഗതം, നിർമ്മാണപ്രവർത്തനങ്ങൾ, ഭൂമിയുടെ ഘടനയിൽ വരുത്തുന്ന മാറ്റങ്ങൾ എന്നിവ പക്ഷികളുടെ സ്വാഭാവിക ജീവിതത്തെയും കുടിയേറ്റരീതികളെയും ബാധിക്കുമെന്നതാണ് പരിസ്ഥിതി പ്രവർത്തകരുടെ ആശങ്ക. ഏകദേശം ഓരോ 100 മിനിറ്റിലും ഒരു ഫുട്ബോൾ മൈതാനത്തിന്റെ വലുപ്പത്തിലുള്ള ഭൂമി ലൂസിയാന തീരത്ത് നഷ്ടപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത്തരമൊരു സാഹചര്യത്തിൽ വലിയ വ്യവസായ സമുച്ചയം നിർമ്മിക്കുന്നത് പ്രദേശത്തിന്റെ സ്വാഭാവിക ജലപ്രവാഹത്തെയും തണ്ണീർത്തടത്തെയും കൂടുതൽ ബാധിക്കുമെന്നാണ് വിമർശകർ പറയുന്നത്.
ശാസ്ത്ര പ്രവചനമനുസരിച്ച് 2050ഓടെ ലൂസിയാനയിൽ സമുദ്രനിരപ്പ് ഏകദേശം രണ്ട് അടി വരെ ഉയരാൻ സാധ്യതയുണ്ട്. ഇത് ഐലൻഡിനെ സംബന്ധിച്ചിടത്തോളം അതീവ ഗുരുതരമായ ഭീഷണിയാണ്. പ്രദേശത്തിന്റെ വലിയൊരു ഭാഗം ഭാവിയിൽ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പദ്ധതി മുന്നോട്ടുപോകുകയാണെങ്കിൽ പരിസ്ഥിതി ആഘാത പഠനങ്ങൾ, വന്യജീവി സംരക്ഷണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, വായു മലിനീകരണം, റോക്കറ്റ് വിക്ഷേപണങ്ങളുടെ ശബ്ദ-പ്രകാശ മലിനീകരണം, തീരദേശ സംരക്ഷണം എന്നിവയെല്ലാം നിർണായക വിഷയങ്ങളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.