ഗ്രേറ്റ് നിക്കോബാർ പദ്ധതി: പൊതുതാൽപര്യ ഹരജികളെ ചോദ്യം ചെയ്ത കേന്ദ്രത്തിന്റെ ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി വനാവകാശ നിയമം ലംഘിച്ച് സമ്മതം നേടിയെന്നാരോപിച്ച് കൽക്കത്ത ഹൈകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജികളുടെ  സ്വീകാര്യത ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ നൽകിയ ഹരജി സുപ്രീം കോടതി തള്ളി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന്റെ ഹരജി തള്ളിയത്. വിഷയം നിലവിൽ കൽക്കത്ത ഹൈകോടതിയുടെ പരിഗണനയിലാണെന്നും നവംബർ 25, 26 തീയതികളിൽ വാദം കേൾക്കാൻ നിശ്ചയിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിനുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി ഹരജിയുടെ സ്വീകാര്യത ചോദ്യം ചെയ്തു. പദ്ധതി ദേശീയ പ്രാധാന്യമുള്ളതാണെന്നും പദ്ധതിയുടെ പരിസ്ഥിതി അനുമതി നേരത്തെ തന്നെ ദേശീയ ഹരിത ട്രൈബ്യൂണലിൽ  ചോദ്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരേ വിഷയത്തിൽ ഒന്നിലധികം നിയമനടപടികൾ ഉണ്ടാകുന്നതിലെ ആശങ്കയും അദ്ദേഹം കോടതിയെ അറിയിച്ചു.

എന്നാൽ, വിഷയത്തിൽ ഹൈകോടതി നേരത്തെ തന്നെ ഹരജികൾ പരിഗണിക്കാവുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി ചൂണ്ടിക്കാട്ടി. പൊതുതാൽപര്യത്തിന്റെ പരിധി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഹൈകോടതിയിൽ തന്നെ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

ഗോത്ര കൗൺസിലിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. മുരളീധർ, പദ്ധതി പ്രത്യേകമായി ദുർബലരായ ഗോത്രവിഭാഗങ്ങളുടെ  അവകാശങ്ങളുമായി ബന്ധപ്പെട്ടതിനാൽ പൊതുതാൽപര്യ ഹരജി നിലനിൽക്കുമെന്ന് വാദിച്ചു. തദ്ദേശീയ സമൂഹങ്ങളുടെ സ്വത്വവും സംസ്കാരവും സംരക്ഷിക്കുന്നത് ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്ന അടിസ്ഥാന അവകാശമാണെന്നും ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു.

മെയ് 6-നാണ് ഗ്രേറ്റ് നിക്കോബാർ പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജികൾ പരിഗണിക്കാവുന്നതാണെന്ന് കൽക്കത്ത ഹൈകോടതി വ്യക്തമാക്കിയത്. 2006ലെ വനാവകാശ നിയമപ്രകാരം ഗോത്രവിഭാഗങ്ങളിൽ നിന്ന് സമ്മതം നേടുന്നതിൽ വീഴ്ച വരുത്തിയെന്നും ദേശീയോദ്യാനങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതി സംരക്ഷിത ബഫർ മേഖല കുറച്ചെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഹരജികളിലുള്ളത്.

ഹരജിക്കാരിയായ മുൻ ബ്യൂറോക്രാറ്റ് മീന ഗുപ്ത ആൻഡമാൻ-നിക്കോബാർ സ്വദേശിയല്ലെന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്രം ഹരജിയുടെ സ്വീകാര്യത ചോദ്യം ചെയ്തിരുന്നു. എന്നാൽ, പൊതുതാൽപര്യ ഹരജികളിൽ ഹരജിക്കാരന്റെ 'നിയമപരമായ യോഗ്യതയെ'  സംബന്ധിച്ച് കർശനമായ മാനദണ്ഡമില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു.

ദേശീയ പ്രാധാന്യമുള്ളതോ വൻതുക ചെലവഴിക്കുന്നതോ ആയ പദ്ധതി എന്നതുകൊണ്ട് മാത്രം ജുഡീഷ്യൽ പരിശോധനയിൽ നിന്ന് ഒഴിവാകില്ലെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു. നവംബർ 25, 26 തീയതികളിൽ ഗ്രേറ്റ് നിക്കോബാർ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും പരിഗണിക്കണമെന്ന് സുപ്രീം കോടതി ഹൈകോടതിയോട് നിർദേശിച്ചു.

Tags:    
News Summary - Great Nicobar Project: Supreme Court dismisses Centre's petition challenging public interest litigations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.