പവിഴപ്പുറ്റുകൾ
പവിഴപ്പുറ്റുകൾക്ക് ആശ്വാസമായി 'വെള്ളത്തിനടിയിലെ കുടകൾ'; ഫ്ലോറിഡയിൽ വിജയകരമായ പരീക്ഷണം
ഫ്ലോറിഡ: കടുത്ത ചൂടിനെ തുടർന്ന് വെളുത്ത് നശിച്ചുപോകുന്ന പവിഴപ്പുറ്റുകൾക്ക് താത്കാലിക ആശ്വാസമേകാൻ പുതിയൊരു പരീക്ഷണവുമായി ശാസ്ത്രജ്ഞർ. അമേരിക്കയിലെ ഫ്ലോറിഡയിൽ കടലിനടിയിൽ പ്രത്യേകമായി നിർമിച്ച നിഴൽ ഘടനകൾ ഉപയോഗിച്ചാണ് ഗവേഷകർ ഈ പരീക്ഷണം വിജയകരമായി നടത്തിയത്.
നോവ സതേഴ്ൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് ഈ പഠനം പൂർത്തിയാക്കിയത്. 2024ലെ വേനൽക്കാലത്ത് ഫ്ലോറിഡ കീസിലെ ന്യൂഫൗണ്ട് ഹാർബറിലാണ് ഈ 'കടൽക്കുടകൾ' സ്ഥാപിച്ചത്. പൈപ്പുകളും നൈലോൺ തുണികളും ഉപയോഗിച്ച് നിർമിച്ച ഈ നിഴൽ ഘടനകൾ പവിഴപ്പുറ്റുകൾക്ക് ഏകദേശം 30 സെന്റിമീറ്റർ മുകളിലായി കടൽത്തട്ടിൽ ഉറപ്പിച്ചു. ഇവ പവിഴപ്പുറ്റുകളിൽ പതിക്കുന്ന സൂര്യപ്രകാശത്തെയും അൾട്രാവയലറ്റ് രശ്മികളെയും ഏകദേശം 60 ശതമാനത്തോളം കുറച്ചു.
സമുദ്രത്തിലെ താപനില വർധിക്കുമ്പോൾ സൂര്യപ്രകാശത്തിന്റെ തീവ്രതയും ചേർന്നാണ് പവിഴപ്പുറ്റുകൾക്ക് ബ്ലീച്ചിങ് (വെളുത്തുപോകൽ) ഉണ്ടാകുന്നത്. ഈ നിഴൽ സംവിധാനം വഴി ചൂടുകാലത്തും പവിഴപ്പുറ്റുകളുടെ നിറം നഷ്ടപ്പെടുന്നത് തടയാൻ കഴിഞ്ഞെന്നും, ചില പവിഴപ്പുറ്റുകൾക്ക് നഷ്ടപ്പെട്ട നിറം തിരികെ ലഭിച്ചതായും ഗവേഷകർ കണ്ടെത്തി.
പവിഴപ്പുറ്റുകളുടെ ശരീരത്തിൽ ജീവിക്കുന്ന സൂക്ഷ്മ ആവാസവ്യവസ്ഥയായ ആൽഗകളാണ് അവക്ക് ഊർജ്ജവും ആകർഷകമായ നിറവും നൽകുന്നത്. സമുദ്രജലം അമിതമായി ചൂടുപിടിക്കുമ്പോൾ പവിഴപ്പുറ്റുകൾ ഈ ആൽഗകളെ പുറന്തള്ളുകയും, ഇത് അവയെ നിർജ്ജീവമാക്കുകയും രോഗബാധിതമാക്കുകയും ചെയ്യുന്നു. ഫ്ലോറിഡ തീരത്ത് മുൻകാലങ്ങളിലുണ്ടായ കടുത്ത സമുദ്രതാപ വർധനവ് പവിഴപ്പുറ്റുകളുടെ വളർച്ചയെയും ആവാസവ്യവസ്ഥയെയും ഗുരുതരമായി ബാധിച്ചിരുന്നു.
ജലാംശം അപകടകരമായ അളവിൽ ചൂടായ ശേഷമാണ് ഈ കുടകൾ സ്ഥാപിച്ചതെങ്കിലും, പ്രതീക്ഷിച്ചതിലും മികച്ച ഫലം നൽകാൻ ഇവk കഴിഞ്ഞു. ചൂട് വർധിക്കുന്നതിന്റെ തുടക്കത്തിൽ തന്നെ ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ കൂടുതൽ ഫലം ലഭിക്കുമെന്ന് ഗവേഷകർ കരുതുന്നു.
പരീക്ഷണത്തിന് വിധേയമാക്കിയ പവിഴപ്പുറ്റുകളിൽ ഉയർന്ന താപനിലയെ പ്രതിരോധിക്കാൻ ശേഷിയുള്ള 'ഡുറുസ്ഡിനിയം' എന്ന ആൽഗകളുടെ സാന്നിധ്യമുണ്ടായിരുന്നത് തുണയായി. പരീക്ഷണ ഘട്ടത്തിൽ ഈ കൃത്രിമ കുടകൾ ചുറ്റുമുള്ള സമുദ്ര ആവാസവ്യവസ്ഥക്ക് യാതൊരുവിധ ദോഷവും ഉണ്ടാക്കിയിട്ടില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.
വലിയ സമുദ്രമേഖലകളിൽ മുഴുവൻ ഇത്തരം സംവിധാനങ്ങൾ നടപ്പിലാക്കുക പ്രയാസമാണെങ്കിലും, അപൂർവ്വ ഇനം പവിഴപ്പുറ്റുകൾ സംരക്ഷിക്കപ്പെടുന്ന നഴ്സറികളിലും ചെറിയ പുനരുദ്ധാരണ കേന്ദ്രങ്ങളിലും ഈ മാർഗ്ഗം ഭാവിയിൽ വളരെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. കടുത്ത ആഗോളതാപനത്തിൽ നിന്നും സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള ചെറിയൊരു ചുവടുവെപ്പായാണ് ഈ പരീക്ഷണത്തെ വിദഗ്ധർ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.