സുഹാറിൽ കൃത്രിമ പവിഴപ്പുറ്റുകൾ; കടൽജീവികൾക്ക് പുതിയ ആവാസകേന്ദ്രം
മസ്കത്ത്: സുഹാറിൽ പവിഴപ്പുറ്റുകളുടെ വികസന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി. പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ കടലിൽ 100 പരിസ്ഥിതി സൗഹൃദ മറൈൻ മൊഡ്യൂളുകളാണ് സ്ഥാപിച്ചത്. കടൽജീവികൾക്ക് പുതിയ ആവാസകേന്ദ്രങ്ങൾ ഒരുക്കുക, ജൈവവൈവിധ്യം വർധിപ്പിക്കുക, മത്സ്യസമ്പത്ത് സംരക്ഷിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
സമുദ്രനിരപ്പിൽ നിന്ന് ഒമ്പത് മീറ്റർ വരെ ആഴത്തിലാണ് മൊഡ്യൂളുകൾ സ്ഥാപിച്ചത്. ഏകദേശം 20 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള കടൽമേഖലയിലാണ് ഇവ വിന്യസിച്ചത്. പവിഴപ്പുറ്റുകൾ വളരാനും വിവിധ കടൽജീവികൾക്ക് ഇവിടെ വാസമുറപ്പിക്കാനും അനുയോജ്യമായ സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം.
ചെറുമത്സ്യങ്ങൾക്കും കടൽജീവികളുടെ ലാർവകൾക്കും സുരക്ഷിതമായ അഭയവും പ്രജനനത്തിനുള്ള ഇടവും ഒരുക്കുന്നതിലൂടെ മത്സ്യസമ്പത്ത് വർധിപ്പിക്കാനും സമുദ്രത്തിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താനും പദ്ധതി സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.
മൊഡ്യൂളുകൾ സ്ഥാപിച്ച മേഖലയിൽ തുടർച്ചയായ നിരീക്ഷണം നടത്തും. കടൽജീവികളുടെ സാന്നിധ്യം, അവയുടെ പൊരുത്തപ്പെടൽ, മൊഡ്യൂളുകൾക്ക് ചുറ്റുമുള്ള പവിഴപ്പുറ്റുകളുടെ വളർച്ച എന്നിവ വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തിലാകും പദ്ധതിയുടെ തുടർഘട്ടങ്ങൾ ആസൂത്രണം ചെയ്യുക.
കാലാവസ്ഥാ വ്യതിയാനം, കടൽജലത്തിന്റെ താപനില ഉയരുന്നത് തുടങ്ങിയ വിവിധ പാരിസ്ഥിതിക സമ്മർദങ്ങൾ പവിഴപ്പുറ്റുകൾക്ക് വലിയ വെല്ലുവിളിയാകുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 2024ൽ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ ആഗോള വിലയിരുത്തൽ പ്രകാരം ചൂടുവെള്ളത്തിൽ പവിഴപ്പുറ്റുകൾ രൂപപ്പെടുത്തുന്ന ഇനങ്ങളിൽ 44 ശതമാനവും വംശനാശ ഭീഷണി നേരിടുന്നുണ്ട്.
സുഹാർ ഡൈവിങ് ടീമിന്റെയും വടക്കൻ ബാത്തിന കൃഷി, മത്സ്യബന്ധനം, ജലവിഭവ ഡയറക്ടറേറ്റിലെ വിദഗ്ധരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും പിന്തുണ നൽകിയെന്ന് അധികൃതർ വ്യക്തമാക്കി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.