കുട്ടിയാനയുടേത് ആഹ്ലാദ നൃത്തമെന്ന് സോഷ്യൽ മീഡിയ; അല്ല, തടവിന്റെ ഭാരം കൊണ്ടെന്ന് വിദഗ്ധർ

ചെന്നൈ: ഒരു ആനക്കുട്ടി സംഗീതത്തിനൊപ്പം താളാത്മകമായി ചലിക്കുന്നു. ‘നോക്കൂ, അവൻ നൃത്തം ചെയ്യുന്നു’ എന്ന് സോഷ്യൽ മീഡിയ ആൾക്കൂട്ടം സന്തോഷത്താൽ കമന്റുകളിട്ട് പൊട്ടിത്തെറിക്കുന്നു! തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തിൽ നിന്നുള്ള വിഡിയോ ആണ് അടുത്തിടെ വൈറൽ ആയത്. ആയിരക്കണക്കിന് ലൈക്കുകളും കമന്റുകളും നേടി.

എന്നാൽ, യഥാർത്ഥത്തിൽ ആ കുട്ടിയാന സമ്മർദ്ദത്തിലായിരുന്നു. ‘ഇത് നൃത്തമല്ല, മറിച്ച് ഇത് അവയുടെ ആഴമേറിയ ദുരിതത്തിന്റെ പ്രതിഫലനമാണെന്ന്’ ഏഷ്യൻ ആനകളുടെ പെരുമാറ്റ പരിസ്ഥിതി ശാസ്ത്രത്തെക്കുറിച്ചുള്ള ഗവേഷകനായ ശ്രീധർ വിജയകൃഷ്ണൻ പറയുന്നു. ‘നൃത്തം’ എന്ന് വിളിക്കപ്പെടുന്നത് അതിന്റെ ഒരുതരം പ്രതിരോധ രീതിയാണെന്നും അദ്ദേഹം പറയുന്നു.

ബന്ദിയാക്കപ്പെട്ട ആനകൾക്ക് അവരുതോയ സ്വഭാവിക ഇടവും ചലനവും സാമൂഹിക ഇടപെടലുകളും ഇല്ലാത്തതിനാൽ ചാഞ്ചാട്ടം, തല കുലുക്കൽ തുടങ്ങിയ ആവർത്തിച്ചുള്ള സ്വഭാവം പലപ്പോഴും വളർത്തിയെടുക്കുന്നു. കാമറയിൽ ഇത് മനോഹരമായി കാണപ്പെടും. പക്ഷേ, വാസ്തവത്തിൽ ഇത് അവയുടെ ആഴമേറിയ ദുരിതത്തിന്റെ പ്രതിഫലനമാണ്. ഈ സ്വഭാവം ‘ആങ്കിലോസിസി’ലേക്ക് നയിച്ചേക്കാം. ഇത് സന്ധിയിലെ അസ്ഥികളുടെ അസാധാരണമായ സംയോജനമാണ്. നീണ്ടുനിൽക്കുന്ന തടവ്, നിയന്ത്രിതമാക്ക​പ്പെട്ട ചലനം, സ്റ്റീരിയോടൈപ്പ് പെരുമാറ്റം എന്നിവയുടെ സംയോജനമാണ് ഇതിൽ സംഭവിക്കുന്നത്’ -വിജയകൃഷ്ണൻ പറയുന്നു.

പുരാതന കാലത്ത്, ക്ഷേത്രനിർമാണത്തിനും കനത്ത തടികളും കല്ലുകളും കൊണ്ടുപോകുന്നതിനും ശക്തരായ മൃഗങ്ങളെ ഉപയോഗിച്ചിരുന്നു. പിന്നീട്, അവയിൽ ചിലത് മതപരമായ ഘോഷയാത്രകളുടെ കേന്ദ്രമായിത്തീർന്നു. ദൈവങ്ങളിൽ നിന്നുള്ള അനുഗ്രഹങ്ങൾ വഹിക്കുമെന്ന് വിശ്വസിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിൽ പാരമ്പര്യം മാറി. 1978ലാണ് കേരളം വടക്കുകിഴക്കേ ഇന്ത്യയിൽ നിന്ന് ആനകളെ ഇറക്കുമതി ചെയ്യാൻ തുടങ്ങിയതെന്ന് ഓസ്‌കാർ അവാർഡ് നേടിയ ‘ദ എലിഫന്റ് വിസ്‌പറേഴ്‌സിന്റെ‘ ശാസ്ത്ര ഉപദേഷ്ടാവ് കൂടിയായ ശ്രീധർ വിജയകൃഷ്ണൻ വിശദീകരിക്കുന്നു. ഈ ഇറക്കുമതി മിച്ചം സൃഷ്ടിച്ചു. വൈകാതെ ക്ഷേത്ര ആനകൾ സാംസ്കാരിക ഐക്കണുകളേക്കാൾ വാണിജ്യ സ്വത്തായി മാറി. പതുക്കെ ആനകളുടെ ആവശ്യം കൂടി. ഇന്ന് ക്ഷേത്ര ആനയെ സ്വന്തമാക്കുക എന്നത് ഒരു സ്റ്റാറ്റസ് സിംബലാണ്. ഒരു ക്ഷേത്ര ഘോഷയാത്രയിൽ മൃഗത്തെ വാടകക്ക് നൽകുന്നതിന് ഒരു ആന ഉടമ ഏഴക്ക തുക സമ്പാദിക്കുന്നു - വിജയകൃഷ്ണൻപറഞ്ഞു.

ക്ഷേത്രാഘോഷങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങൾ സഹിച്ച് മണിക്കൂറുകളോളം ചൂടിൽ നിൽക്കാൻ ആനകൾ നിർബന്ധിതരാകുന്നു. ചിലപ്പോൾ ‘നൃത്തം’ ചെയ്യാനും നിർബന്ധിക്കാറുണ്ട്.  സമാനമായ ഒരു വിഡിയോ 2024 ൽ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ട് സ്ത്രീകൾക്കൊപ്പം ആന ‘ഭരതനാട്യം അവതരിപ്പിക്കുന്നത്’ അതിൽ കാണിക്കുന്നു. അടിമത്തം മൂലമുണ്ടാകുന്ന ദുരിതത്തിന്റെ അടയാളം കൂടിയായിരുന്നു അത്. അല്ലാതെ സന്തോഷത്തിന്റെ പ്രകടനങ്ങളല്ല. ഈ സംഭവങ്ങൾ, കേരളത്തിൽ വർധിച്ചുവരുന്ന മനുഷ്യ-ആന സംഘർഷങ്ങൾക്കൊപ്പം ആനയെ പിടികൂടി നിയന്ത്രിക്കുന്നതി​ന്റെ ധാർമികതയെക്കുറിച്ചുള്ള സംഭാഷണങ്ങൾക്കും തിരികൊളുത്തി. ഇപ്പോൾ വളരെ കുറച്ച് ആനകൾ മാത്രമേ 60 വയസ്സിന് മുകളിൽ ജീവിക്കുന്നുള്ളൂവെന്നും വിജയകൃഷ്ണൻ പറയുന്നു.

മൃഗാവകാശ സംഘടനയായ ‘പെറ്റ’ ക്ഷേത്ര ഘോഷയാത്രകൾക്ക് ബദലായി യന്ത്ര ആനകളെ നിർദേശിക്കുന്നു. കേരളത്തിലെയും കർണാടകയിലെയും ചില ക്ഷേത്രങ്ങൾ ഇതിനകം അവ പരീക്ഷിച്ചിട്ടുണ്ട്. കൂടാതെ സിത്താർ വാദകൻ അനൗഷ്ക ശങ്കർ കൊമ്പറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് ഒരു റോബോട്ടിക് ആനയെ സംഭാവന ചെയ്യുമെന്നും അറിയിച്ചു.

എന്നാൽ, ആന വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടും സോഷ്യൽ മീഡിയ ഇതിനെ നിഷേധിക്കുകയാണ്. ആനക്കുട്ടി ‘നൃത്തം’ ചെയ്യുന്നതിന്റെ വൈറൽ വിഡിയോക്കു കീഴിൽ ഒരു ‘എക്സ്’ ഉപയോക്താവ് എഴുതി: എന്തൊരു കാഴ്ച! അവൻ ശരിക്കും സംഗീതം ആസ്വദിക്കുന്നു. ഓ, എന്തൊരു മികച്ച നർത്തകനാണവൻ!. മറ്റൊരു ഉപയോക്താവ് എഴുതി: ‘റോബോട്ടിക് ആനകൾ ഞങ്ങൾക്ക് ഈ സന്തോഷം നൽകില്ലെന്ന് അവരോട് പറയൂ!’.

അതിനാൽ, കേരളത്തിലുടനീളമുള്ള ക്ഷേത്രമുറ്റങ്ങളിൽ യഥാർത്ഥ ആനകൾ ആടുന്നത് തുടരുന്നു. സംഗീതം കൊണ്ടല്ല, തടവിന്റെ അദൃശ്യഭാരം കൊണ്ട്.

Tags:    
News Summary - Seen a baby elephant 'dance' to music? It's actually stress, says expert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.