അമരമ്പലത്ത് പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റ് എക്കോ വേൾഡ്( ഇൻസൈറ്റിൽ അമ്മൻകുളങ്ങര ഇബ്രാഹിം)
പൂക്കോട്ടുംപാടം: പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടി പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന സങ്കീർണാവസ്ഥ എങ്ങനെ ലഘുവായി പരിഹരിക്കാം എന്നത് ക്രിയാത്മകമായി തെളിയിക്കുകയാണ് അമരമ്പലത്തെ തൊണ്ടിയിൽ സ്വദേശി അമ്മൻകുളങ്ങര ഇബ്രാഹിം. പ്രവാസിയായിരുന്ന ഇബ്രാഹിം 2014ലാണ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ കരുളായിയിൽ പാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിച്ചത്. പിന്നീട് വീട്ടിൽ സ്വന്തമായി തുടങ്ങുകയും രണ്ടര വർഷം മുമ്പ് അമരമ്പലത്ത് ഒരേക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് ‘എക്കോ വേൾഡ്’ എന്ന പേരിൽ പ്ലാന്റ് തുടങ്ങുകയുമായിരുന്നു.
ആദ്യം 3000 ടൺ പ്ലാസ്റ്റിക് മാലിന്യവും പാഴ് വസ്തുക്കളും തരം തിരിച്ചു കയറ്റിയിരുന്നിടത്ത് ഇപ്പോൾ 30 ടൺ മാലിന്യമാണ് കയറ്റി അയക്കുന്നത്. ഫൈബർ കസേര, റബർ ചിരട്ട, വിവിധതരം കയറുകൾ, പേപ്പർ, സിമന്റ് ഫാക്ടറിയിലേക്കുള്ള വസ്തുക്കൾ, ചട്ട കടലാസ് തുടങ്ങിയ വിവിധോപയോഗ സാധനങ്ങളും റോഡരികിലും പൊതുയിടങ്ങളിലും വലിച്ചെറിയുന്ന മിഠായി കടലാസ് മുതൽ പ്ലാസ്റ്റിക് കുപ്പികൾ, ടാർപോളിൻ ഷീറ്റ് വരെയുള്ള മാലിന്യവും ശേഖരിച്ച് വേർതിരിച്ച് ഇവിടെ നിന്നും കയറ്റി അയക്കുകയാണ് ചെയ്യുന്നത്. കോയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്.
കേരളത്തിലെ 14 ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യം ഇവിടെ ശേഖരിക്കുന്നുണ്ട്. തരം തിരിക്കാൻ ആധുനിക യന്ത്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. 250 ഓളം തൊഴിലാളികൾ ശാസ്ത്രീയമായ രീതിയിൽ പാഴ് വസ്തുകൾ കൈകാര്യം ചെയ്യുന്നതിനാൽ ദുർഗന്ധമോ പാരിസ്ഥിതിക പ്രശ്നങ്ങളോ പ്രദേശത്തില്ല എന്നതാണ് വസ്തുത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.