5,000 വർഷങ്ങൾക്ക് മുമ്പേ പന്നിയുടെ പൂർവികർ: സിന്ധുനദീതട കാലത്തെ കർഷകർ കാട്ടുപന്നികളെ വളർത്തിയതായി പഠനം

ന്യൂഡൽഹി: ഏഷ്യയിലെ മറ്റിടങ്ങളിൽ നിന്ന് ഉപഭൂഖണ്ഡത്തിലേക്ക് പന്നികൾ എത്തിയെന്ന മുൻ ക​ണ്ടെത്തലുകളെ വെല്ലുവിളിച്ച്, ഏതാണ്ട് 5000 വർഷങ്ങൾക്ക് മുമ്പ് ഗംഗാ സമതലങ്ങളിൽ സ്വതന്ത്ര പന്നി വളർത്തലിന്റെ തെളിവുകൾ കണ്ടെത്തി ശാസ്ത്രജ്ഞർ. സിന്ധു നദീതട സംസ്കാരത്തിന്റെ അതേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഇന്ത്യയിലെ ഗംഗാ സമതലങ്ങളിലെ കർഷകർ കാട്ടുപന്നികളെ വളർത്തിയെടുത്തിരുന്നുവെന്നാണ് പഠനം. ഇന്ന് രാജ്യത്ത് കാണപ്പെടുന്ന മൂന്ന് വ്യത്യസ്ത പന്നി വംശങ്ങളിൽ ഒന്നിന്റെ പൂർവഗാമികൾ അവിടെ ഉണ്ടായിരുന്നുവെന്നതിലേക്ക് അവർ വെളിച്ചം വീശുന്നു.

മധ്യ-വടക്കേ ഇന്ത്യയിലുടനീളമുള്ള പന്നികൾ ഗംഗാ സമതലങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു വംശപരമ്പരയിൽ പെട്ടവയാണെന്നാണ് ഇവരുടെ ഗവേഷണം സൂചിപ്പിക്കുന്നത്. അതേസമയം, വടക്കുകിഴക്കൻ ഇന്ത്യയിലെ പന്നികൾ ചൈനയിൽ നിന്ന് ഉത്ഭവിച്ച രണ്ടാമത്തെ വംശപരമ്പരയാണ്. നിക്കോബാർ ദ്വീപുകളിലെ പന്നികളാണ് മൂന്നാമത്തെ വംശം.

‘ഇന്ത്യയിലെ പന്നികളുടെ വംശപരമ്പരയെക്കുറിച്ചുള്ള ഞങ്ങളുടെ പഠനം നിക്കോബാരീസ് ദ്വീപുവാസികളെക്കുറിച്ചുള്ള ഞങ്ങളുടെ മുൻകാല ഗവേഷണത്തിന്റെ ഒരു ഭാഗമാണ്’- രണ്ട് പഠനങ്ങളും മേൽനോട്ടം വഹിച്ച ബനാറസ് ഹിന്ദു സർവകലാശാലയിലെ ജനസംഖ്യാ ജനിതക ശാസ്ത്രജ്ഞനായ ഗ്യാനേശ്വർ ചൗബേ പറഞ്ഞു. ചൗബേയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും, കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ ഇന്നത്തെ നിക്കോബാറീസ് ദ്വീപുവാസികളുടെ വംശപരമ്പരയെ തെക്കുകിഴക്കൻ ഏഷ്യയിലെ ഓസ്‌ട്രോ ഏഷ്യാറ്റിക് ജനസംഖ്യയിൽ നിന്ന് കണ്ടെത്തുകയും അവർ ഏകദേശം 5,000 വർഷങ്ങൾക്ക് മുമ്പ് ദ്വീപുകളിൽ എത്തിയതായി കണക്കാക്കുകയും ചെയ്തു.

പുതിയ ഫലങ്ങൾ സൂചിപ്പിക്കുന്നത് നിക്കോബാർ ദ്വീപുകളിലേക്ക് കപ്പൽ കയറിയ ആസ്‌ട്രോയേഷ്യക്കാർ ധാരാളം പന്നികളെയും കൊണ്ടുവന്നിരുന്നു എന്നാണ്. കിഴക്കൻ ഏഷ്യ, ടിബറ്റൻ പീഠഭൂമി, പശ്ചിമേഷ്യ എന്നിങ്ങനെ ഒന്നിലധികം സ്ഥലങ്ങളിൽ പന്നി വളർത്തൽ നടന്നിട്ടുണ്ടെന്ന് പുരാവസ്തു, ജനിതക പഠനങ്ങളുടെ സംയോജനം സൂചിപ്പിക്കുന്നു. ജനിതകമായി ഒറ്റപ്പെട്ട നിലയിൽ തുടരുന്നതിനിടയിൽ പന്നികൾ ദ്വീപുകളിൽ പെരുകി ഒരു പ്രത്യേക വംശത്തെ പ്രതിനിധീകരിച്ചു.

മറ്റ് ഗവേഷണ ഗ്രൂപ്പുകളുടെ പന്നി ജീനോം പഠനങ്ങൾ സൂചിപ്പിക്കുന്നത് കാട്ടുപന്നികൾ തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് 4.5 ദശലക്ഷം മുതൽ 4 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഉത്ഭവിക്കുകയും 2 ദശലക്ഷം മുതൽ 2.5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മറ്റ് ഏഷ്യയിലും യൂറോപ്പിലും വ്യാപിക്കുകയും ചെയ്തുവെനനാണ്.

അവരുടെ പുതിയ പഠനത്തിൽ, ഇന്ത്യൻ പന്നി ഇനങ്ങളുടെ ഉത്ഭവവും പരിണാമവും പര്യവേക്ഷണം ചെയ്യുന്നതിനായി ചൗബെയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും 239 പന്നി ജീനോമുകൾ വിശകലനം ചെയ്തു. സിന്ധു നദീതട സംസ്‌കാരത്തിന്റെ അതേ കാലഘട്ടത്തിൽ ഗംഗാ സമതലങ്ങളിലെ പ്രാദേശിക കർഷകർ വളർത്തിയെടുക്കുന്ന സിദ്ധാന്തത്തെ പുതിയ തെളിവുകൾ പിന്തുണക്കുന്നുവെന്ന് ബി.എച്ച്‌.യുവിലെ ഗവേഷണ പണ്ഡിതനും പഠനത്തിന്റെ ആദ്യ രചയിതാവുമായ ശൈലേഷ് ദേശായി പറഞ്ഞു.

ഉത്തരേന്ത്യയിലെയും മധ്യേന്ത്യയിലെയും ആദിവാസി മേഖലകളിൽ നടത്തിയ ഒരു ഫീൽഡ് സർവേ സൂചിപ്പിക്കുന്നത്, ദേവതകൾക്ക് പന്നികളെ ബലിയർപ്പിക്കുന്ന ചരിത്രാതീത സമ്പ്രദായം ഇന്നും തുടരുന്നു എന്നാണ്.സിന്ധുനദീതട സംസ്‌കാരത്തിന് സമാന്തരമായി നെല്ല് കൃഷി ചെയ്യുന്നതും പന്നികളെ വളർത്തുന്നതുമായ ഒരു വികസിത കാർഷിക സമൂഹം നിലനിന്നിരുന്നതായി തങ്ങളുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നുവെന്നും ചൗബെ പറഞ്ഞു.

Tags:    
News Summary - Pig ancestors, 5,000 years ago: Study reveals Indus Valley-era farmers domesticated wild boars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.