കടലിലും ഉഷ്ണതരംഗം; ലക്ഷദ്വീപിലെ 75 ശതമാനം പവിഴപ്പുറ്റുകൾക്ക് നാശം

സമുദ്രത്തിലെ ചൂട് കാരണം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി കണ്ടെത്തൽ. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സി.എം.എഫ്.ആർ.ഐ) ഗവേഷകരാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്. ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും കോറൽ ബ്ലീച്ചിങ്ങിന് വിധേയമാണെന്നാണ് പഠനം പറയുന്നത്.

കണക്കനുസരിച്ച് 2023 ഒക്‌ടോബർ മുതലുള്ള സമുദ്രത്തിലെ ഉഷ്ണതരംഗങ്ങൾ ലക്ഷദ്വീപ് കടലിൽ 75% പവിഴപ്പുറ്റുകളെ നശിപ്പിച്ചിട്ടുണ്ട്. ഇത് സമുദ്ര ആവാസവ്യവസ്ഥയ്ക്കും ഉപജീവനമാർഗത്തിനും ജൈവവൈവിധ്യത്തിനും ഭീഷണിയായി. സമുദ്രജലത്തിലെ താപനിലയിലുണ്ടാവുന്ന വർധനവ് മൂലം പവിഴപ്പുറ്റുകള്‍ അവയ്ക്കുള്ളിൽ വസിക്കുന്ന സൂസാന്തില്ലകളെന്ന (zooxanthellae) ഭക്ഷണനിര്‍മാതാക്കളായ സൂക്ഷ്മജീവികളെ പുറന്തള്ളുന്നു. ഇതുമൂലം നിറം നഷ്ടപ്പെടുന്ന പവിഴപ്പുറ്റുകള്‍ വൈകാതെ മരണമടയും. ഇങ്ങനെയാണ് കോറൽ ബ്ലീച്ചിങ് സംഭവിക്കുന്നത്. കടൽപ്പുല്ല് പോലെയുള്ള മറ്റ് സമുദ്രസമ്പത്തിനും ഉഷ്ണതരംഗം ഭീഷിണി ഉയർത്തുന്നുണ്ട്. ഉഷ്ണതരംഗസാഹചര്യം തുടർന്നാൽ കടൽഭക്ഷ്യശൃംഖലയെയും അത് സാരമായി ബാധിക്കും. ഇതുമൂലം മീനുകളുടെയും സസ്തനികളുടെയും നിലനിൽപ്പും അപകടത്തിലാകും.

സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഏറെക്കാലം ഉയർന്നുനിൽക്കുന്ന കാലാവസ്ഥ സ്ഥിതിയാണ് ഉഷ്ണതരംഗം. ഇത്തരം ഉഷ്ണതരംഗങ്ങൾ സമുദ്രത്തിലെ ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ലക്ഷദ്വീപിൽ സമുദ്ര താപനില നാല് ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. അമിതമായ താപസമ്മർദവും പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആൽഗകൾ നശിക്കുന്നതും സമുദ്രപ്രവാഹത്തിലെ മാറ്റവുമാണ് പവിഴപ്പുറ്റുകളുടെ നശീകരണത്തിന് കാരണമായതെന്ന് ഗവേഷകർ വ്യക്തമാക്കി.

പവിഴപ്പുറ്റുകളുടെ തകർച്ച വിനോദസഞ്ചാരത്തെയും മത്സ്യബന്ധന മേഖലകളെയും ബാധിക്കും. ഇത് മത്സ്യതൊഴിലാളികളുടെ ഉപജീവനത്തിനും ഭീഷണിയാണ്. പവിഴപ്പുറ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ധാരാളം പഠനങ്ങൾ സി.എം.എഫ്.ആർ.ഐ നടത്തിവരുന്നുണ്ട്. പവിഴപ്പുറ്റുകളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്ന പഠന-പരിപാലന പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

Tags:    
News Summary - Ocean heatwave Coral bleaching in Lakshadweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.