റിങ്കൽസ് 

വിഷം ചീറ്റും, ഏറ്റില്ലെങ്കിൽ അഭിനയ മുറ പുറത്തെടുക്കും; ശത്രുക്കളെ തുരത്താൻ വേറിട്ട തന്ത്രമെടുക്കുന്ന പാമ്പുകൾക്കിടയിലെ മഹാനടൻ

ആദ്യം വിഷം ചീറ്റും, നടന്നില്ലെങ്കിൽ ചത്തതുപോലെ അഭിനയിച്ച് ശത്രുക്കളിൽ നിന്ന് രക്ഷനേടുന്നൊരു നടനുണ്ട് അങ്ങ് ദക്ഷിണാഫ്രിക്കയിൽ. റിങ്കൽസ് അല്ലെങ്കിൽ റിങ്കൽ എന്നറിയപ്പെടുന്ന കോബ്ര ഇനത്തിൽ പെടാത്ത വിഷം ചീറ്റി മരണം അഭിനയിക്കുന്ന ഒരേ ഒരു പാമ്പാണ് ആൾ. വിഷമുള്ള പാമ്പുകളുടെ കുടുംബത്തിൽപ്പെടുന്ന ഇവക്ക് വളരെ ദൂരം വിഷം ചീറ്റാനും ചത്തതുപോലെ അഭിനയിച്ച് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും കഴിയും.

ശത്രുക്കളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് റിങ്കൽസ് പാമ്പുകൾ തങ്ങളുടെ അഭിനയം തന്ത്രം പ്രയോഗിക്കുന്നത്. തങ്ങളുടെ വാസസ്ഥലത്ത് അപകടം മണത്താൽ അവ പത്തി വിടർത്തി വിഷം തുപ്പും. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് തന്നെ റിങ്കൽസിന് കോബ്രകളുമായി സാമ്യം തോന്നിക്കുന്നു.

ശത്രുവിന്‍റെ കണ്ണുകളിലേക്കാണ് ഇവ വിഷം ചീറ്റുന്നത്. ഈ വിഷത്തിലടങ്ങിയിരിക്കുന്ന ന്യൂട്രോക്സിൻ, സൈറ്റോ ടോക്സിൻ മിശ്രിതം ഇരയുടെ കണ്ണിൽ ശക്തമായ വേദന ഉണ്ടാക്കുകയും താൽക്കാലികമായി കാഴ്ച നഷ്ടപ്പെടുകയും ചെയ്യും. ഈ സമയം കൊണ്ട് റിങ്കൽസ് ശത്രുവിന്‍റെ കാണാമറയത്തെത്തിയിട്ടുണ്ടാകും. ശത്രുക്കളുമായി നേരിട്ട് യുദ്ധം ചെയ്ത് തടി കേടാക്കാതിരിക്കാനുള്ള ഏറ്റവും ബുദ്ധിപരമായ തന്ത്രമാണ് റിങ്കൽസിന്‍റേത്.

വിഷം ചീറ്റുന്നതിൽ മാത്രമല്ല ജീവനില്ലാത്തതുപോലെ അഭിനയിക്കുന്നതിലും റിങ്കൽസിന് മാസ്റ്റർ ഡിഗ്രിയുണ്ട്. വിഷം ശത്രുവിന് ഏറ്റില്ലെന്ന് കാണുമ്പോഴാണ് അടുത്ത അടവായി ഈ അഭിനയമുറ പുറത്തെടുക്കുന്നത്. അതായത്, സ്വന്തം വാസസ്ഥലം സംരക്ഷിക്കാനുള്ള അവസാന കച്ചി തുരുമ്പ്. ആദ്യം അക്രമ സ്വഭാവം കാണിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഇഴയും. പിന്നെ നാക്ക് നീട്ടി അനങ്ങാതെ ഏതാനും മിനുട്ടുകൾ കിടക്കും. ഒറ്റ നോട്ടത്തിൽ ജീവനില്ല എന്നേ തോന്നൂ. ഇത് കാണുന്ന ശത്രുക്കൾ ചത്തു എന്ന് കരുതി മടങ്ങും. മിക്കപ്പോഴും ഈ തന്ത്രത്തിൽ റിങ്കൽസ് പാമ്പുകൾ വിജയിക്കാറുണ്ട്.

സാധാരണയായി മൂന്നര അടി വരെയാണ് ഇവക്ക്  നീളമുണ്ടാകാറ്. ചില പാമ്പുകൾക്ക് കഴുത്തിൽ ക്രീം നിറത്തിലുള്ള വളയങ്ങളോടുകൂടി ഇരുണ്ട നിറമോ അല്ലെങ്കിൽ ചാരനിറമോ ആണ് ഉണ്ടാവുക. ഈ വളയം റിങ്കൽസിനെ മറ്റുള്ളവയിൽ നിന്ന് വേർതിരിക്കുന്ന പ്രത്യേക സവിശേഷതയാണ്. സൗത്താഫ്രിക്കയിലെ ഗ്രാസ് ലാന്‍റിലും മൊണ്ടേയ്ൻ പ്രദേശങ്ങളിലുമാണ് റിങ്കൽസുകളെ കണ്ടു വരുന്നത്. തവള, എലികൾ തുടങ്ങിയവയാണ് ഇവയുടെ ഭക്ഷണം.

Tags:    
News Summary - non-cobra that spits venom and fakes its death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.