ബ്രഹ്‌മപുരം ആവര്‍ത്തിക്കില്ല: ജില്ലയെ ശുചിത്വ നഗരമാക്കാനുള്ള സമഗ്ര വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പദ്ധതിയുമായി സര്‍ക്കാര്‍

കൊച്ചി: എറണാകുളം ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ കര്‍മ്മ പദ്ധതിയുമായി സര്‍ക്കാര്‍. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് എറണാകുളം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി എം.ബി. രാജേഷ് കർമപദ്ധതി പ്രഖ്യാപിച്ചത്.

ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. മൂന്ന് മാസത്തോളം നീണ്ടു നില്‍ക്കുന്ന ഏഴിന കർമപദ്ധതിയുടെ ഭാഗമായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. കോടതി ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് സമയക്രമം നിശ്ചയിച്ചത്. ബ്രഹ്‌മപുരം പ്ലാന്റിലേക്ക് മാലിന്യമെത്തുന്നത് കുറക്കുകയാണ് ലക്ഷ്യം. പ്ലാന്റിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടു വരുന്നത് നിരോധിച്ചിട്ടുണ്ട്.

മാര്‍ച്ച് 11ന് ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍ ശക്തമായി നടപ്പാക്കാനാണ് തീരുമാനം. ഇക്കാര്യം പ്രഖ്യാപിച്ചത്. വീഴ്ച വരുത്തുന്ന തദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉറവിട മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ് മാസ്റ്റര്‍ പ്ലാന്‍. ഏപ്രില്‍ പത്തിനകം ജില്ലയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഇതിന് വേണ്ട സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജനപ്രതിനിധികള്‍ക്കും തദേശ സ്ഥാപനങ്ങള്‍ക്കും നിർദേശം നല്‍കി. ഇത് നടപ്പാക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ ചട്ടപ്രകാരമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിർദേശിച്ചു. ഫ്‌ളാറ്റുകളിലും ഗേറ്റഡ് കോളനികളിലും ഉള്‍പ്പടെ പദ്ധതി നടപ്പാക്കും. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി വിജിലന്‍സ് പരിശോധയും ജനകീയ ഓഡിറ്റിങ്ങും ഉള്‍പ്പടെയുള്ള സംവിധാനങ്ങളും നടപ്പാക്കും.

ഉറവിട മാലിന്യ സംസ്‌കരണം, വാതില്‍പ്പടി സേവനം, മാലിന്യങ്ങളുടെ സംഭരണത്തിനും നിര്‍മാര്‍ജനവും, ശുചിമുറി മാലിന്യ സംസ്‌കരണം, പൊതുസ്ഥലത്ത് നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങിയവയാണ് കര്‍മ്മ പദ്ധതിയിലുള്ളത്. ഇതിനോടകം പുരോഗതികള്‍ വിലയിരുത്തിന്നതും നടപടികള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും വാര്‍ റൂമുകളും ഒരുക്കും. കളക്ടറേറ്റില്‍ ജില്ലാതല വാര്‍ റൂമും അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രാദേശിക വാര്‍ റൂമും തയാറാക്കും.

പൊതു സ്ഥലങ്ങളിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഹരിത കര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ, റസിഡന്റ് അസോസിയേഷനുകള്‍, യുവജന ക്ലബുകള്‍, എന്നിവയുമായി സഹകരിച്ചാകും പ്രവര്‍ത്തനങ്ങള്‍. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയായിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍. ഇതിനായി വാര്‍ഡുകളിലും 50 വളന്റിയര്‍മാര്‍ വീതമുള്ള രണ്ട് ക്ലസ്റ്ററുകള്‍ രൂപീകരിക്കും. ഇതോടൊപ്പം മഴക്കാല പൂർവ ശുചീകരണവും ശക്തമാക്കും. പ്രധാന കേന്ദ്രങ്ങളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. ഇവ ദിവസേന വൃത്തിയാക്കുന്നതിനായി ഹരിത കര്‍മ സേനയെ ചുമതലപ്പെടുത്തും.

മാലിന്യം സംഭരിക്കുന്നതിനുള്ള മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ മാര്‍ച്ച് 31നകം സ്ഥാപിക്കണം. മാലിന്യങ്ങള്‍ അളക്കുന്നതിനുള്ള ത്രാസ്, തരം തിരിച്ച് കയറ്റി വിടുന്ന മാലിന്യത്തിന്റെ കൃത്യമായ കണക്ക് രേഖപ്പെടുത്തുന്നതിനായി വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവ സജ്ജമായിരിക്കണം.

വാതില്‍പ്പടി സേവനം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം ശക്തമാക്കും. എല്ലാ വാര്‍ഡുകളിലും രണ്ട് ഹരിതകര്‍മസേനാംഗങ്ങള്‍ വീതമുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ഇല്ലാത്ത സ്ഥലങ്ങളില്‍ എത്രയും വേഗം ഇതിനുള്ള നടപടികള്‍ സ്വീകരിക്കണം. ഹരിത കര്‍മസേനക്ക് യൂസര്‍ഫീ നല്‍കുന്നത് നിര്‍ബന്ധമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും കുടിശിക വന്നാല്‍ വസ്തുനികുതിയോടൊപ്പം പിരിച്ചെടുക്കാന്‍ തദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും.

ശുചിമുറി മാലിന്യ സംസ്‌കരണം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. ശേഖരിക്കുന്ന മാലിന്യങ്ങള്‍ പുറത്തു തള്ളുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഇത്തരം മാലിന്യങ്ങള്‍ ശേഖരിക്കുന്ന ലോറികളില്‍ ജി.പി.എസ് സംവിധാനം ഒരുക്കും. തിരുവനന്തപുരത്ത് പരീക്ഷിച്ച് വിജയം കണ്ട സംവിധാനമാണിത്.

കർമപദ്ധതിയുടെ പുരോഗതി കൃത്യമായ ഇടവേളകളില്‍ തദേശ സ്ഥാപനങ്ങളുടെ കൗണ്‍സില്‍ യോഗങ്ങള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷം സെക്രട്ടറി മുഖേന ജില്ലാ ഭരണകൂടത്തെ അറിയിക്കണം. ഇതിനായി എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളും നടത്തണമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - No repeat of Brahmapuram: Govt comes up with comprehensive decentralized waste management plan to make district a clean city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.