2070ഓടെ ഇന്ത്യയുടെ കാർബൺ പുറന്തള്ളൽ പൂജ്യത്തിലേക്ക് എത്തിക്കുമെന്ന് മോദി

ഗ്ലാസ്ഗ്ലോ: 2070ഓടെ കാർബൺ പുറന്തള്ളൽ ഇന്ത്യ പൂജ്യത്തിലെത്തിക്കുമെന്ന് (നെറ്റ് സീറോ) പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർബൺ പുറന്തള്ളലും അന്തരീക്ഷത്തിൽനിന്നുള്ള ഒഴിവാക്കലും സമമാകുന്ന സ്ഥിതിയിലേക്ക് എത്തിക്കും. കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സംഘടനയുടെ കോൺഫറൻസ് ഓഫ് പാർട്ടീസ് യോഗത്തിൽ (കോപ്) സംസാരിക്കുകയായിരുന്നു മോദി. കാർബൺ പുറന്തള്ളൽ ഇല്ലാതാക്കുന്നതിന് ആദ്യമായാണ് ഇന്ത്യ സമയക്രമം പ്രഖ്യാപിക്കുന്നത്. ഇതുൾപ്പെടെ അഞ്ച് പ്രധാന പ്രഖ്യാപനങ്ങളാണ് മോദി നടത്തിയത്.

2030ഓടെ ഫോസിൽ ഇതര ഇന്ധനങ്ങളിൽ നിന്നുള്ള ഊർജത്തിന്‍റെ അളവ് 500 ജിഗാ വാട്ട് ആയി ഉയർത്തും, 2030ഓടെ ഇന്ത്യക്ക് ആവശ്യമായ ഊർജത്തിന്‍റെ പകുതിയും പുനരുപയോഗിക്കുന്ന ഊർജമാക്കി മാറ്റും, 2030ഓടെ കാർബൺ പുറന്തള്ളൽ 45 ശതമാനമായി കുറയ്ക്കും, കാര്‍ബണ്‍ പുറന്തള്ളല്‍ 2030 ആവുമ്പോഴേക്കും ഒരു ബില്ല്യന്‍ ടണ്ണായി കുറയ്ക്കും എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ.

ജീവിതരീതികൾക്ക് കാലാവസ്ഥാ വ്യതിയാനത്തിൽ വലിയ പങ്കുണ്ടെന്ന് സമ്മേളനത്തിൽ മോദി പറഞ്ഞു. ജീവിതം എന്ന വാക്ക് നിങ്ങൾക്ക് മുമ്പാകെ ഞാൻ വെക്കുകയാണ്. പ്രകൃതിക്ക് വേണ്ടിയുള്ള ജീവിതം എന്നാണ് അത് അർഥമാക്കുന്നത്. ഇതിനെ ഒരു മുന്നേറ്റമാക്കി മാറ്റാൻ എല്ലാവരും തയാറാകണം -മോദി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി ഇന്ത്യ കഠിന പരിശ്രമം നടത്തുകയാണ്. വികസിത രാജ്യങ്ങൾ കാലാവസ്ഥാ പ്രതിജ്ഞകൾ നിറവേറ്റുന്നതിനായി കൂടുതൽ ധനസഹായം നൽകണം. കാലാവസ്ഥക്കുള്ള സഹായ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട രാജ്യങ്ങളിൽ സമ്മർദ്ദം ചെലുത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും മോദി പറഞ്ഞു. 

Tags:    
News Summary - net-zero emissions by 2070

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.