ചാരവും പുകപടലങ്ങളും ഉയർന്നു, ഉരുകിയ ലാവ ഒഴുകി പരന്നു; മൗണ്ട് എറ്റ്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു, ഭയന്നോടി വിനോദസഞ്ചാരികൾ

പാരിസ്: യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപർവതമായ ഇറ്റലിയിലെ മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു. ഇറ്റലിയുടെ ദേശീയ അഗ്നിപർവ്വത നിരീക്ഷണ ഏജൻസിയാണ് പൊട്ടിത്തെറി സ്ഥിരീകരിച്ചത്. അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് മിനിറ്റുകൾക്കുള്ളിൽത്തന്നെ ആകാശത്തേക്ക് ചാരവും പുകപടലങ്ങളും ഉയർന്നു. ഉരുകിയ ലാവ ഒഴുകി. സംഭവത്തെ തുടർന്ന് വിനോദസഞ്ചാരികൾ മലയുടെ താഴ്വരയിലേക്ക് ഓടിപ്പോകുന്ന വിഡിയോകളും പുറത്തുവരുന്നുണ്ട്. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ വിനോദസഞ്ചാരികൾ പകർത്തിയിട്ടുമുണ്ട്.

സിസിലിയുടെ കിഴക്കേതീരത്തുള്ള ഒരു സജീവ അഗ്നിപർവതമാണ് എറ്റ്ന. പ്രതിവർഷം 15 ലക്ഷം ആളുകൾ സന്ദർശിക്കുന്ന ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ് ഇറ്റാലിയൻ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഈ അഗ്നിപർവ്വതം. പലരും കാൽനടയായാണ് പർവ്വതത്തിന്റെ ഉയരത്തിലേക്ക് സഞ്ചരിക്കുന്നത്. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് മൗണ്ട് എറ്റ്ന.

2014ന് ശേഷം ഇത്രയും വലിയ സ്ഫോടനം ഉണ്ടായിട്ടില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സ് ആൻഡ് വോൾക്കനോളജി ഒബ്സർവേറ്ററി പറയുന്നു. അഗ്നിപർവ്വത ചാരത്തിന്റെ പുകപടലം ഏകദേശം 6,400 മീറ്റർ ഉയരത്തിൽ എത്തിയതായി ടോളൗസിലെ വോൾക്കാനിക് ആഷ് അഡ്വൈസറി സെന്റർ റിപ്പോർട്ട് ചെയ്തു. 50 കിലോമീറ്ററും 40 കിലോമീറ്ററും അകലെയുള്ള ടോർമിന, കാറ്റാനിയ എന്നിവിടങ്ങളിൽ വരെ സ്ഫോടന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ടൂറിസ്റ്റ് മേഖലയിലുണ്ടായ മൗണ്ട് എറ്റ്നയുടെ സ്ഫോടനത്തെ തുടർന്ന് ടോളൗസിലെ വോൾക്കാനിക് ആഷ് അഡ്വൈസറി സെന്റർ കോഡ് റെഡ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊട്ടിത്തെറിക്ക് നല്ല തീവ്രത ഉണ്ടായിരുന്നെങ്കിലും നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. അഗ്നിപർവ്വതം പൊട്ടിത്തെറിക്കുമ്പോൾ അവിടെ 40 പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക കണക്ക്. 

Tags:    
News Summary - Mount Etna volcano erupts; terrifying images

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.