തിരുവനന്തപുരം: കേരളത്തിലിപ്പോൾ മിക്ക ദിവസങ്ങളിലും കാട്ടാന ആക്രമണ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ക്രൂരമായി കൊലപ്പെടുത്തിയ വാർത്തയാണ് ഏറ്റവും ഒടുവിലത്തേത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് മരിക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, വന്യമൃഗങ്ങളുടെ ആക്രമണങ്ങളിലെ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണം കാട്ടാന ആക്രമണമല്ല.
വന്യമൃഗ ആക്രമണ മരണങ്ങളിൽ 66 ശതമാനവും പാമ്പുകടിയേറ്റാണെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. 2017-18 മുതൽ 2024-25 ജനുവരി 31വരെ കാലയളവിൽ വന്യജീവി ആക്രമണങ്ങളിൽ 774 പേരാണ് കേരളത്തിൽ മരിച്ചത്. ഇതിൽ 516 പേരുടെയും മരണം ജനവാസ കേന്ദ്രങ്ങളിൽ പാമ്പുകടിയേറ്റായിരുന്നു. മറ്റു മരണങ്ങൾ കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, കടുവ ആക്രമണത്തിലാണ്.
2010 മുതൽ 2020 വരെ 10 വർഷ കാലയളവിലെ മറ്റൊരു കണക്ക് പ്രകാരം 1,048 വന്യജീവി ആക്രമണ മരണങ്ങളിൽ 729 ഉം പാമ്പുകടിയേറ്റായിരുന്നു. ഇതിൽ 192 മരണം പാലക്കാട് ജില്ലയിലാണ്.
പാമ്പുകളെ വന്യജീവികളിൽ ഉൾപെടുത്തിയിട്ടുണ്ടെങ്കിലും അവയുടെ ആക്രമണം പലപ്പോഴും വനത്തിന് പുറത്താണ് സംഭവിക്കുന്നത്. 1972-ലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് രാജവെമ്പാല, അണലി തുടങ്ങിയ വിഷപ്പാമ്പുകൾ ഷെഡ്യൂൾ-2 പ്രകാരം സംരക്ഷിക്കപ്പെടുന്നവയാണ്. ഇന്ത്യൻ പെരുമ്പാമ്പ് പോലുള്ള വിഷമില്ലാത്ത പാമ്പുകൾ ഷെഡ്യൂൾ-1 പ്രകാരവും സംരക്ഷിക്കപ്പെടുന്നു.
വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ കേരളത്തിൽ പ്രതിദിന താപനില കുതിച്ചുയരുകയാണ്. ഈ ചൂടിൽ പാമ്പുകൾ അവയുടെ ശരീര താപനില നിയന്ത്രിക്കാൻ പലപ്പോഴും വീടുകൾക്കുള്ളിലേക്ക് കയറാറുണ്ട്. 2024ൽ മാത്രം വനംവകുപ്പ് 16,453 പാമ്പുകളെ ജനവാസ കേന്ദ്രങ്ങളിൽനിന്ന് രക്ഷപ്പെടുത്തി വനത്തിലേക്ക് തുറന്നുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.