വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കലാവസ്ഥാ വിരുദ്ധ നയങ്ങൾ യു.എസിനെ കടുത്ത തോതിൽ ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾ പ്രസിദ്ധപ്പെടുത്തുന്ന ഫെഡറൽ വെബ്‌സൈറ്റുകളിൽനിന്ന് അവ അപ്രത്യക്ഷമായെന്നാണ് പുതിയ റിപ്പോർട്ട്. യു.എസിലെ സംസ്ഥാന, പ്രാദേശിക സർക്കാറുകൾക്കും പൊതുജനങ്ങൾക്കും ‘ചൂടു പിടിക്കുന്ന’ ലോകത്തെക്കുറിച്ച് മനസ്സിലാക്കുന്നതിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനമാണിത്.
ദേശീയ വിലയിരുത്തലുകൾക്കും യു.എസ് ഗ്ലോബൽ ചേഞ്ച് റിസർച്ച് പ്രോഗ്രാമിനുമുള്ള വെബ്‌സൈറ്റുകൾ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പ്രവർത്തനരഹിതമായിരുന്നു. മറ്റെവിടെയും ലിങ്കുകളോ കുറിപ്പുകളോ റഫറലുകളോ ഇല്ലായിരുന്നു. നാസയുടെ വെബ്‌സൈറ്റുകളിൽ നടത്തിയ തിരച്ചിലുകളിൽ അവ കണ്ടെത്താനായില്ല. വിലയിരുത്തലുകളിലെ വിവരങ്ങൾ ഏകോപിപ്പിച്ച നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ ആവർത്തിച്ചുള്ള അന്വേഷണങ്ങൾക്ക് യു.എസ് അധികൃതർ മറുപടി നൽകിയില്ല.
വിലിരുത്തൽ റിപ്പോർട്ടിന്റെ ഉത്തരവാദിത്തമുള്ള വൈറ്റ്ഹൗസ്, അതുമായി ബന്ധപ്പെട്ട നിയമം പാലിക്കുന്നതിനായി വിവരങ്ങൾ നാസയിൽ സൂക്ഷിക്കുമെന്ന് പറഞ്ഞെങ്കിലും കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.
2014 ലെ റിപ്പോർട്ട് ഏകോപിപ്പിച്ച അരിസോണ സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞയായ കാത്തി ജേക്കബ്സ്, രാജ്യത്തുടനീളമുള്ള തീരുമാനമെടുക്കുന്നവർക്ക് ദേശീയ കാലാവസ്ഥാ വിലയിരുത്തൽ റിപ്പോർട്ടിലെ ശാസ്ത്രീയ വശങ്ങൾ എന്താണെന്ന് അറിയേണ്ടത് വളരെ പ്രധാനമാണെന്ന് പറഞ്ഞു. യു.എസിലെ കാലാവസ്ഥാ വിവരങ്ങളുടെ ഏറ്റവും വിശ്വസനീയമായ ഉറവിടമാണിതെന്നും അവർ പറഞ്ഞു.
ദേശീയ കാലാവസ്ഥാ വിലയിരുത്തൽ ഇനി ലഭ്യമല്ല എന്നത് ശരിയാണെങ്കിൽ ഇത് യു.എസിന് ദുഃഖകരമായ ദിവസമാണ്. വസ്തുതകളിലും ആളുകളുടെ വിവരങ്ങളിലേക്കുള്ള പ്രവേശനത്തിലും ഗുരുതരമായ കൃത്രിമത്വം കാണിക്കുന്നതിന്റെ തെളിവാണിത്. കൂടാതെ കാലാവസ്ഥാ സംബന്ധമായ ആഘാതങ്ങളാൽ ആളുകൾ ഉപദ്രവിക്കപ്പെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്തേക്കാമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.